ശമ്പളം, പെന്‍ഷന്‍; തടസമില്ലാതെ ട്രഷറികള്‍
കണ്ണൂര്‍: നോട്ടു പ്രതിസന്ധിയില്‍ ട്രഷറികള്‍ സ്തംഭിക്കുമെന്നു കരുതിയെങ്കിലും ഇന്നലെ ജില്ലയിലെ ട്രഷറികള്‍ സുഗമമായി പ്രവര്‍ത്തിച്ചു. കണ്ണൂര്‍, തലശേരി താലൂക്കുകളിലെ ട്രഷറികളിലേക്കു വിതരണം ചെയ്യാനായി ആറു കോടി രൂപയാണ് ജില്ലാ ട്രഷറി എസ്.ബി.ഐയോടു ആവശ്യപ്പെട്ടതെങ്കിലും അഞ്ചു കോടിയാണ് അനുവദിച്ചത്. ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലെ ട്രഷറികളിലേക്ക് ആവശ്യപ്പെട്ട മൂന്നു കോടി രൂപ എസ്.ബി.ടി അനുവദിക്കുകയും ചെയ്തു.
കണ്ണൂര്‍ സബ് ട്രഷറിയില്‍ പണ ദൗര്‍ലഭ്യം അനുഭവപ്പെട്ടത് രാവിലെ നേരിയ പ്രതിസന്ധിയുണ്ടാക്കിയെങ്കിലും തിരക്കു കുറവായിരുന്ന ജില്ലാ ട്രഷറിയിലേക്ക് ഇടപാടുകാരെ പറഞ്ഞയച്ചു. ഇടപാടുകാര്‍ കുറഞ്ഞതിനാല്‍ ട്രഷറിയില്‍ പ്രതിസന്ധി സൃഷ്ടിച്ചില്ലെന്ന് ജില്ലാ ട്രഷറി ഓഫിസര്‍ ഇ.കെ പത്മനാഭന്‍ പറഞ്ഞു. വ്യാഴാഴ്ച പ്രശ്‌നമുണ്ടായിരുന്ന കൊളച്ചേരി ട്രഷറിയുടെ പ്രവര്‍ത്തനവും ഇന്നലെ സുഗമമായിരുന്നു. ഇരിട്ടി താലൂക്കിലേക്ക് ആവശ്യപ്പെട്ട മൂന്നുകോടി രൂപ പൂര്‍ണമായും ലഭിച്ചിരുന്നു. പണമെത്തുന്നതിനു മുമ്പെ ഇടപാടുകാര്‍ക്ക് ടോക്കണ്‍ നല്‍കിയിരുന്നു. 11 മണിയോടെ തന്നെ ട്രഷറികളില്‍ നിന്നു പണം വിതരണം ചെയ്തു തുടങ്ങി. ഇന്നലെ പ്രവര്‍ത്തി സമയമായ മൂന്നു മണിവരെ മാത്രമേ ട്രഷറികള്‍ പ്രവര്‍ത്തിച്ചുള്ളൂ. ഇന്നും മൂന്നു മണിവരെയായിരിക്കും പ്രവര്‍ത്തനം.
പ്രതിസന്ധി ഒഴിവായത്
ഇടപാടുകാര്‍ കുറവായതിനാല്‍
കണ്ണൂര്‍: ട്രഷറികളില്‍ പ്രതിസന്ധി ഒഴിവാക്കിയത് ഇടപാടുകാര്‍ ഒഴിഞ്ഞുനിന്നതു കൊണ്ടാണെന്നു ട്രഷറി അധികൃതര്‍. ഒന്നാം തിയതി നല്ല തിരക്കുണ്ടായിരുന്ന ട്രഷറികളില്‍ ഇന്നലെ ഇടപാടിനെത്തിയവര്‍ കുറവായിരുന്നു. ഇത്തരത്തില്‍ ഇടപാടുകാര്‍ സ്വയം ഒഴിഞ്ഞു നിന്നതോടെയാണ് ജില്ലയിലെ ട്രഷറികള്‍ സുഗമമായി പ്രവര്‍ത്തിച്ചത്. ജില്ലാ ട്രഷറി ആറു കോടി ആവശ്യപ്പെട്ടിടത്ത് എസ്.ബി.ഐ നല്‍കിയത് അഞ്ചു കോടി രൂപയാണ്. ഇത്രയും പണം ആവശ്യത്തിനു തികയില്ലായിരുന്നു. അതുകൊണ്ടു ഒരു കോടി കൂടി വേണമെന്നു ആവശ്യപ്പെട്ട് വീണ്ടും എസ്.ബി.ഐയെ സമീപിച്ചിരുന്നു. എന്നാല്‍ ഇടപാടുകാര്‍ കുറവായതിനാല്‍ ഇന്നലെ ഉച്ചകഴിഞ്ഞ് എസ്.ബി.ഐ അനുവദിച്ച 16 ലക്ഷം രൂപ ഉപയോഗിക്കേണ്ടി വന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."