പൊതുകിണറുകള്‍ ശുദ്ധീകരിച്ച് ഉപയോഗിക്കണമെന്ന് വിദഗ്ധര്‍
ആലത്തൂര്‍: മേഖലയിലെ പൊതു കിണറുകള്‍ ശുദ്ധീകരിച്ച് സംരക്ഷിച്ചാല്‍ അറ്റ വേനലിലും കുടിനീര്‍ ക്ഷാമത്തിനു പരിഹാരം കാണാന്‍ കഴിയുമെന്ന് വിദഗ്ധര്‍. പൊതുകുളങ്ങള്‍ പോലെ തന്നെ കിണറുകളും ഉപയോഗശൂന്യമാവുന്നു.
നെല്ലറയിലെ പ്രധാന ജലസ്രോതസ്സായ പൊതുകിണറുകള്‍ സംരക്ഷിക്കാന്‍ അധികൃതര്‍ അനാസ്ഥ കാണിക്കുന്നതായാണു പരാതി. ആലത്തൂര്‍, കാവശ്ശേരി, തരൂര്‍, എരിമയൂര്‍ പഞ്ചായത്തുകളില്‍ നൂറോളം പൊതു കിണറുകള്‍ ഉപയോഗശൂന്യമായി കിടപ്പുണ്ട്.
മഴയിലും മണ്ണിടിച്ചിലിലും തകര്‍ന്ന ആള്‍ മറകള്‍ നന്നാക്കാന്‍ തയാറാകാത്തത് മൂലം പൂര്‍ണമായും നശിച്ച നിലയിലാണ്. പഞ്ചായത്തില്‍ കുടിവെള്ള പദ്ധതി ആരംഭിക്കുന്നതിനു മുന്‍പ് തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍മിച്ച കിണറുകള്‍ ചപ്പുചവറുകള്‍ തള്ളുന്ന ഇടമായി.
ആലത്തൂര്‍ പഞ്ചായത്തില്‍ തന്നെ ഇത്തരം 25 ഓളം പൊതു കിണറുകള്‍ ഉണ്ടെന്നാണു പഞ്ചായത്തിന്റെ കണക്ക്. ഇതില്‍ ജലല'്യതയുള്ള കിണറുകള്‍ വൃത്തിയാക്കാന്‍ ജില്ല അധികൃതര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും ഫലമുണ്ടായിട്ടില്ല.
വേനല്‍ രൂക്ഷമാവുമ്പോഴാണ് അധികൃതര്‍ ഉണര്‍ന്ന് നടപടിയെടുക്കാന്‍ തയാറാവുന്നത്. അപ്പോഴേക്കും കിണറുകളുടെ ജലവിതാനം തീരെ താഴ്ന്നു പോവുന്നു. പെരുങ്കുളത്തിന് അടുത്തുള്ള രണ്ട് കിണറുകള്‍ കാടുപിടിച്ച് കിടക്കുകയാണ്. ചപ്പുചവറുകളും പ്ലാസ്റ്റിക് കുപ്പികളും ഇതില്‍ നിറഞ്ഞ് കിടക്കുകയാണ്. കടുത്ത വേനലിലും ഇതിനുള്ളില്‍ ഉറവയുണ്ട്. പുതിയങ്കം വേലകണ്ടത്തിനു സമീപമുള്ള കിണര്‍ ആള്‍മറ തകര്‍ന്ന് തൂണുകള്‍ക്ക് വിള്ളലുണ്ടായി നശിക്കുകയാണ്.
ജലക്ഷാമം രൂക്ഷമാവുമ്പോള്‍ സമീപപ്രദേശങ്ങളില്‍ നിന്നു കുടങ്ങളുമായി ഇവിടെയെത്തി വെള്ളം നിറച്ച് ഓട്ടോകളില്‍ കൊണ്ടു പോയിരുന്നു. ഇത് നന്നാക്കി സംരക്ഷിക്കണമെന്നു ദേശകമ്മിറ്റി പഞ്ചായത്തധികൃതര്‍ക്കു നിവേദനം നല്‍കിയിരുന്നതാണ്. കിണറുകള്‍ വൃത്തിയാക്കാന്‍ ഫണ്ട് ആവശ്യപ്പെട്ട് അതിന്റെ ലിസ്റ്റ് അധികൃതര്‍ക്ക് സമര്‍പ്പിച്ചിരുന്നതുമാണ്.
മഴ ചതിച്ചത് മൂലം കൊടും വരള്‍ച്ച നേരിടാന്‍ പോവുന്ന നെല്ലറയ്ക്ക് മുന്‍ കരുതലായി ഇത്തരം ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനു തദ്ദേശ സ്ഥാപനങ്ങള്‍ അടിയന്തരമായി മുന്നോട്ട് വരണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."