ആയുര്‍വേദ ആശുപത്രികള്‍ക്ക് വേണം 'വാത ചികിത്സ'
പടന്നക്കാട്: ഗവ. ആയുര്‍വേദ ആശുപത്രി പരിമിതികളില്‍ വീര്‍പ്പുമുട്ടുകയാണ്. ഇവിടെയെത്തുന്ന രോഗികള്‍ക്കും, ലഭ്യമാക്കുന്ന ചികിത്സകള്‍ക്കും ആവശ്യമായ കെട്ടിട സൗകര്യമില്ല എന്നതാണു പ്രധാന പ്രശ്‌നം. 1972ലാണു നിലവിലുള്ള ആശുപത്രി കെട്ടിടം നിര്‍മിച്ചത്. 50 കിടക്കകള്‍ വേണ്ട ആശുപത്രിയാണെങ്കിലും നിലവില്‍ 40 കിടക്കകള്‍ മാത്രമേ ഇവിടെയുള്ളൂ. സ്ഥല സൗകര്യമില്ലാത്തതു തന്നെയാണു ഇതിനു കാരണം.
ആറു വിദഗ്ധ ചികിത്സാ രീതികള്‍ ഇവിടെ ലഭ്യമാണ്. എന്നാല്‍ വേണ്ടത്ര സ്ഥലമില്ലാത്തത് ഇതിനെയും സാരമായി ബാധിക്കുന്നു. ആറു വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ഇവിടെ ലഭ്യമാണ്. ദിനംപ്രതി 350നും 400നുമിടയില്‍ രോഗികള്‍ വിവിധ ചികിത്സകള്‍ക്കായി എത്തുന്നുണ്ട്. ഇടുങ്ങിയ മുറികളാണു ജില്ലാ ആശുപത്രിയിലേത്. പുതിയ മൂന്നുനില കെട്ടിടത്തിനുള്ള നടപടികള്‍ പൂര്‍ത്തിയായെങ്കിലും നിര്‍മാണം ആരംഭിച്ചിട്ടില്ല. പ്രഭാകരന്‍ കമ്മിഷന്‍ നിര്‍ദേശിച്ച പദ്ധതികളില്‍ ഒന്നാണിത്. മൂന്നു കോടിയോളം രൂപയുടെ എസ്റ്റിമേറ്റാണ് ഇതാനായി തയാറാക്കിയിട്ടുള്ളത്. സംസ്ഥാനത്ത് ജനറേറ്റര്‍ ഇല്ലാത്ത ഏക ജില്ലാ ആയുര്‍വേദ ആശുപത്രിയെന്ന പ്രത്യേകതയും ഒരുപക്ഷെ ഇതിന് അവകാശപ്പെടാം. വേണ്ടത്ര വൈദ്യുതി ലഭ്യമല്ലാത്തതിനാല്‍ എക്‌സറേ യൂനിറ്റും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ല. ഇതോടെ എക്‌സറേ എടുക്കാനായി സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയിലാണു രോഗികള്‍. വേനല്‍ക്കാലമാകുന്നതോടെ കുടിവെള്ളത്തിനും ഏറെ ബുദ്ധിമുട്ടേണ്ടി വരും.
വേണം ഇവിടൊരു റാംപ്
കാസര്‍കോട്: നഗരസഭയിലെ ഏക സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയായ കാസര്‍കോട് താലൂക്ക് ഗവ. ആയുര്‍വേദ ആശുപത്രിയിലെ രോഗികളുടെയും ജീവനക്കാരുടെയും വര്‍ഷങ്ങളായുള്ള ആവശ്യമാണ് റാംപ് സൗകര്യം എന്നത്. മൂന്നു നിലകളായുള്ള ആശുപത്രിയുടെ രണ്ടാം നിലയിലും മൂന്നാം നിലയിലും പ്രവര്‍ത്തിക്കുന്ന കിടത്തി ചികിത്സാ വിഭാഗത്തിലെ വൃദ്ധരും അവശരുമായ രോഗികള്‍ക്ക് സ്‌റ്റെപ്പ് വഴി മുകളിലെത്താനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് റാംപ് എന്ന ആവശ്യം ഇവര്‍ ഉന്നയിക്കുന്നത്.
വീല്‍ചെയറില്‍ രോഗികളെ കയറ്റി മുകളിലെത്തിക്കണമെങ്കില്‍ പോലും റാംപില്ലാതെ പറ്റില്ലെന്ന അവസ്ഥയാണ്. ഇതു കൂടാതെ മൂന്നു ഭാഗത്തുമുള്ള ചുറ്റുമതില്‍ അടുക്കള സ്ഥിതിചെയ്യുന്ന പിറകുവശത്തില്ലാത്തതു മദ്യപാനികളുടെയും മറ്റു സാമൂഹ്യദ്രോഹികളുടെയും ശല്യത്തിനു കാരണമാവുന്നുണ്ടെന്നും ജീവനക്കാര്‍ പരാതിപ്പെടുന്നു. 60 സെന്റ് സ്ഥലത്തു പ്രവര്‍ത്തിക്കുന്ന ഈ ആശുപത്രി അതിര്‍ത്തി പങ്കിടുന്നതു സ്വകാര്യ വ്യക്തിയുടെ സ്ഥലവുമായാണ്. ദിവസേന 200ഓളം രോഗികള്‍ എത്തുന്ന ഈ ആശുപത്രി 50 കിടക്കകളുള്ള ആശുപത്രിയായി ഉയര്‍ത്തണമെന്നു കാണിച്ചു നിരവധി നിവേദനങ്ങളും പരാതികളും ഉന്നത അധികാരികള്‍ക്കും സര്‍ക്കാരിനും നല്‍കി കാത്തിരിക്കുകയാണു പ്രദേശവാസികള്‍.
മോട്ടോര്‍ തകരാര്‍മൂലം ടാങ്കിലേക്കു വെള്ളം കയറാതായതോടെ ദൈനംദിന ആവശ്യത്തിനായി നെട്ടോട്ടമോടേണ്ട സ്ഥിതിയുമുണ്ട്. മാത്രമല്ല, ഇരുന്നു മലമൂത്ര വിസര്‍ജനം നടത്താന്‍ ബുദ്ധിമുട്ടുള്ള രോഗികള്‍ക്കായി ഇവിടെയുള്ള യൂറോപ്യന്‍ ക്ലോസറ്റുകളുടെ എണ്ണം വെറും മൂന്നെണ്ണം മാത്രം. പുതുതായി സ്ഥാപിച്ച രണ്ടെണ്ണം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്തതും രോഗികളെ ബുദ്ധിമുട്ടിലാക്കുന്നുവെന്നു മസ്തിഷ്‌കാഘാതത്തിനു രണ്ടു മാസമായി ഇവിടെ ചികിത്സയില്‍ കഴിയുന്ന നിസാര്‍ പറയുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ആയുര്‍വേദ ആശുപത്രികളില്‍ ആരംഭിച്ച കുട്ടികളുടെ ചികിത്സക്കു പ്രധാന്യം നല്‍കുന്ന കൗമാരഭൃത്യം, ജീവിതശൈലി രോഗങ്ങളെ നേരിടാനുള്ള ആയുഷം, യോഗക്കു പ്രാധാന്യം നല്‍കുന്ന യോഗജീവനം പോലുള്ള പദ്ധതികള്‍ വിജയകരമായി നടപ്പാക്കിവരുന്ന ഇവിടെ സ്ഥിരമായൊരു തെറാപ്പിസ്റ്റിനെ നിയമിക്കണമെന്ന ആവശ്യവും ശക്തമാണ്. 1999ലാണ് ഈ ആശുപത്രി സ്ഥാപിതമായത്.
പിലിക്കോട്ടെ ഡിസ്‌പെന്‍സറിക്ക് 'കിടത്തി ചികിത്സ' വേണം
ചെറുവത്തൂര്‍: കെട്ടിടമൊരുക്കി കാത്തിരിക്കാന്‍ തുടങ്ങിയിട്ടു വര്‍ഷം 16 കഴിഞ്ഞു. പിലിക്കോട് ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ കിടത്തിചികിത്സ എന്നു തുടങ്ങുമെന്ന് ആര്‍ക്കുമറിയില്ല. പിലിക്കോട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി നിത്യേന നൂറുകണക്കിനു രോഗികള്‍ ഇവിടേക്കു ചികിത്സ തേടിയെത്തുന്നുണ്ട്.
രോഗികളുടെ ബാഹുല്യം കണക്കിലെടുത്ത് 2000ല്‍ അന്നത്തെ എം.പി ടി. ഗോവിന്ദന്റെ ഫണ്ട് ഉപയോഗിച്ചാണു കിടത്തിചികിത്സയ്ക്കായി കെട്ടിടം നിര്‍മിച്ചത്. ഈ കെട്ടിടം ഇപ്പോഴും ഇവിടെ നോക്കുകുത്തിയായി കിടക്കുന്നു. നിലവില്‍ ഡിസ്‌പെന്‍സറി പ്രവര്‍ത്തിക്കുന്നതു വര്‍ഷങ്ങള്‍ പഴക്കമുള്ള ഓടുമേഞ്ഞ കെട്ടിടത്തിലാണ്. പണ്ടു പൊതുജന വായനശാലയായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം, ആശുപത്രി അനുവദിച്ചപ്പോള്‍ അതിനായി വിട്ടുനല്‍കിയതായിരുന്നു. കാലപ്പഴക്കം കാരണം ഈ കെട്ടിടം അപകടാവസ്ഥയിലാണ്. ലക്ഷങ്ങള്‍ ചെലവഴിച്ചു നിര്‍മിച്ച കെട്ടിടം നോക്കുകുത്തിയായി കിടക്കുമ്പോഴും അപകടാവസ്ഥയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകേണ്ട ദുരവസ്ഥയാണെന്നു ചുരുക്കം. ഗ്രാമീണ മേഖലയാണ് എന്നതു കൊണ്ടുതന്നെ ഇവിടെ കിടത്തിചികിത്സ ആരംഭിച്ചാല്‍ പാവപ്പെട്ട രോഗികള്‍ക്ക് അതു വലിയ ആശ്വാസമാകും.
കേള്‍ക്കുമോ ഈ
മുറവിളികള്‍?
തൃക്കരിപ്പൂര്‍ കൊയോങ്കരയിലെ ഗവ. ആയുര്‍വദ ആശുപത്രിയില്‍ തെറാപ്പിസ്റ്റിനെ നിയമിക്കണമെന്ന ആവശ്യം ശക്തമാണ്. 20 കിടക്കകളുള്ള ഇവിടെ നൂറിലധികം രോഗികള്‍ ദിവസവും ചികിത്സയ്‌ക്കെത്തുന്നുണ്ട്. എന്‍.ആര്‍.എച്ച്.എമ്മില്‍ നിയമിതനായ ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നു ഡോക്ടര്‍മാരാണ് ഇവിടെ നിലവിലുള്ളത്. ഇതില്‍ ഒരാള്‍ക്ക് ചീമേനിയുടെ കൂടി ചുമതലയുണ്ട്.
നിര്‍ധന രോഗികളാണ് ഇവിടെയെത്തുന്നവരില്‍ അധികവും. മുന്‍പു കെട്ടിട സൗകര്യമില്ലാതിരുന്നപ്പോള്‍ വടക്കുമ്പാട് മുസ്‌ലിം ജമാഅത്ത് കമ്മിറ്റി നിര്‍മിച്ചുനല്‍കിയ കെട്ടിടത്തിലാണ് ആശുപത്രി പ്രവര്‍ത്തിച്ചുവരുന്നത്. പിന്നീട് അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി കൂടുതല്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുകയായിരുന്നു.
ആശുപത്രിയോടനുബന്ധിച്ചുള്ള പുറമ്പോക്കുഭൂമി വിട്ടുനല്‍കാന്‍ പഞ്ചായത്ത് തയാറായാല്‍ ഇതിനെ ജില്ലയിലെ മികച്ച ആയുര്‍വേദ ആശുപത്രിയാക്കി മാറ്റാന്‍ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."