കോഴിക്കടത്തു കേസ് റദ്ദാക്കണമെന്ന ഹരജി തള്ളിയതിനെതിരേ അപ്പീല്‍
കൊച്ചി: ധനമന്ത്രിയായിരിക്കെ കെ.എം മാണി കോഴിക്കച്ചവടക്കാരെ വഴിവിട്ടു സഹായിച്ചെന്ന വിജിലന്‍സ് കേസ് റദ്ദാക്കണമെന്ന ഹരജി സിംഗിള്‍ബെഞ്ച് തള്ളിയതിനെതിരെ കേസിലെ മൂന്നു പ്രതികള്‍ ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്കി. കേസിലെ അഞ്ചു മുതല്‍ ഏഴുവരെ പ്രതികളായ തൃശൂരിലെ ബെസ്റ്റ് പൗള്‍ട്രിഫാം ഉടമ പി.ടി ബെന്നി, അന്ന പൗള്‍ട്രിഫാം ഉടമ പി.ടി വര്‍ഗ്ഗീസ്, റോസ് പൗള്‍ട്രിഫാം ഉടമ പി.ടി ജോസ് എന്നിവരാണ് അപ്പീല്‍ നല്‍കിയത്.
തൃശൂരിലെ പൗള്‍ട്രിഫാം ഉടമകളുടെ നികുതി വെട്ടിപ്പു കണ്ടെത്തി വാണിജ്യ നികുതി വകുപ്പു സ്വീകരിച്ച 65 കോടി രൂപയുടെ റവന്യു റിക്കവറി നടപടികള്‍ കെ.എം മാണി നിയമവിരുദ്ധമായി സ്റ്റേ ചെയ്തുവെന്നാണ് കേസ്. ആയുര്‍വേദ സൗന്ദര്യ വര്‍ധക വസ്തുക്കളുടെ നികുതിയിളവു ചെയ്തതിനും ഇതോടൊപ്പം കേസ് നിലവിലുണ്ട്. ബി.ജെ.പി സംസ്ഥാന സമിതിയംഗം നോബിള്‍ മാത്യു നല്കിയ പരാതിയിലാണ് കെ.എം മാണി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജിക്കാര്‍ നേരത്തെ നല്കിയ ഹരജി സിംഗിള്‍ബെഞ്ച് തള്ളിയിരുന്നു. ധനമന്ത്രിയെന്ന നിലയില്‍ കെ.എം മാണിക്ക് റവന്യു റിക്കവറി നടപടികള്‍ സ്റ്റേ ചെയ്യാന്‍ അധികാരമില്ലെന്നിരിക്കെ അദ്ദേഹത്തിന്റെ നടപടി ഔദ്യോഗിക പദവിയുടെ ദുരുപയോഗമാണെന്ന് വിജിലന്‍സ് അന്വേഷണ സംഘത്തിന്റെ വാദം കണക്കിലെടുത്തായിരുന്നു സിംഗിള്‍ബെഞ്ചിന്റെ നടപടി. ഇതിനെതിരെയാണ് ഹരജിക്കാര്‍ അപ്പീല്‍ നല്‍കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."