കാത്തിരുപ്പ് വെറുതെയായില്ല; കാണാതായ മത്സ്യത്തൊഴിലാളികള്‍ കരയ്ക്കണഞ്ഞു
വിഴിഞ്ഞം: കഴിഞ്ഞദിവസം വിഴിഞ്ഞത്ത് നിന്നും മത്സ്യബന്ധനത്തിന് പോയി കടലില്‍ കാണാതായ മത്സ്യതൊഴിലാളികല്‍ കരയ്ക്കണഞ്ഞു.കാഞ്ഞിരംകുളം പുല്ലുവിള സ്വദേശി വര്‍ഗീസ് (55) പൂന്തുറ സ്വദേശി അല്‍ഫോണ്‍സ് (40) എന്നിവരാണ് ഇന്നലെ വൈകുന്നേരത്തോടെ തിരികെയെത്തിയത്. ദിശയറിയാതെ മൂന്ന് ദിവസം കടലില്‍ കുടുങ്ങി, അവശനിലയിലായ രണ്ടുപേരെയും മറ്റു മീന്‍പിടിത്തക്കാരാണ് രക്ഷപ്പെടുത്തി കരക്കെത്തിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം നാലോടെയാണ് വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി ജോര്‍ജിന്റെ വക ഫാത്തിമ മാതാ എന്ന വള്ളത്തില്‍ ഇവര്‍ കടലിലേക്കു പോയത്. രാത്രി ഉള്‍ക്കടലില്‍ വിരിച്ച വല അതു വഴി കടന്നു പോയ കപ്പലില്‍ ചുറ്റി. വല വിടുവിച്ചെടുക്കാന്‍ കപ്പലിനു പുറകേ കൂടുതല്‍ ഉള്ളിലേക്കു പോയതോടെയാണ് ഇവര്‍ കുടുങ്ങിയത്.
ദിശ തെറ്റിയ മത്സ്യത്തൊഴിലാളികള്‍ എങ്ങോട്ടെന്നില്ലാതെ വള്ളമോടിച്ചെങ്കിലും ഇന്ധനം തീര്‍ന്നതോടെ നടുക്കടലില്‍ കുടുങ്ങുകയായിരുന്നു.വള്ളത്തിലുണ്ടായിരുന്ന ഷീറ്റ് വലിച്ചു കെട്ടി കാറ്റിനഭിമുഖമായി നീങ്ങിയെങ്കിലും കടലൊഴുക്ക് തടസമായി.
ബുധനാഴ്ച രാവിലെ തീരത്തണയേണ്ട വള്ളത്തെ കാണാതെ വന്നതോടെ ബന്ധുക്കള്‍ അധികൃതര്‍ക്ക് പരാതി നല്കി.തീരദേശ പൊലിസും മറൈന്‍ എന്‍ഫോഴ്സ്മെന്റും അന്നു തന്നെ ബോട്ടുകളുമായി അന്വേഷണം നടത്തിയെങ്കിലും ഫലം കണ്ടില്ല.ഇന്നലെ മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ ബോട്ടും കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലും അന്‍പത് കിലോമീറ്റര്‍ ദൂരത്തില്‍ തിരച്ചില്‍ നടത്തി.നിരാശയായിരുന്നു ഫലം. പ്രതീക്ഷകള്‍ നഷ്ടപ്പെടുന്നുവെന്ന ആശങ്ക പരക്കുന്നതിനിടെ ഇന്നലെ വൈകുന്നേരത്തോടെ മര്യനാട്ടില്‍ നിന്ന് മീന്‍പിടിക്കാന്‍ പോയ തൊഴിലാളികള്‍ തീരത്ത് നിന്ന് 22 നോട്ടിക്കല്‍ മൈല്‍ അകലെ ഉള്‍ക്കടലില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. തൊഴിലാളികളുടെ സഹായത്തോടെ മര്യ നാട്ടെത്തിയ സംഘം കഠിനംകുളം പൊലിസില്‍ റിപ്പോര്‍ട്ട് ചെയ്തതായി വിഴിഞ്ഞം തീരദേശ പോലിസും മറൈന്‍ എന്‍ഫോഴ്സ്മെന്റും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."