കെ. എസ്. അര്‍.ടി.സി: ശമ്പളം നല്‍കാന്‍ പണമില്ല; പാരവയ്പിനായി ധൂര്‍ത്തും
കൊച്ചി: ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പണമില്ലെങ്കിലും പാരവയ്പിന് പണം ധൂര്‍ത്തടിക്കാന്‍ കെ. എസ്. അര്‍.ടി.സിക്ക് ഒരുമടിയുമില്ല. ആനവണ്ടി ബ്ലോഗിനെതിരേ പടയൊരക്കം നടത്തുന്ന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ആനവണ്ടി എന്ന പേരിന് ട്രേഡ് മാര്‍ക്ക് രജിസ്‌ട്രേഷന്‍ നേടിയതാണ് ഏറ്റവുമൊടുവിലത്തെ സംഭവം. ഒരു ട്രേഡ് മാര്‍ക്ക് രജിസ്‌ട്രേഷന് 15,000 രൂപയോളം ചെലവുവരും. എന്നാല്‍ ബ്ലോഗ് നടത്തിപ്പുകാര്‍ ഒരു വിധത്തിലും ഉപയോഗിക്കാതിരിക്കാന്‍ കെ. എസ്. ആര്‍.ടി. സിയുമായി ബന്ധപ്പെട്ട പത്തിലധികം പേരുകള്‍ക്ക് കോര്‍പറേഷന്‍ അപേക്ഷ നല്‍കിയതായാണ് വിവരം.
ഇതിന് വന്‍തുക ചെലവ് വരും.
കെ.എസ്.ആര്‍.ടി.സി ബസുകളെ ജനപ്രിയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചിരുന്ന ബ്ലോഗായിരുന്നു കെ.എസ്.ആര്‍.ടി.സി ഡോട് കോം. എന്നാല്‍ ഇതിനെ എങ്ങിനെയും പൂട്ടിക്കുക എന്ന ലക്ഷ്യവുമായി കച്ചമുറുക്കി രംഗത്തിറങ്ങിയ കോര്‍പറേഷന്‍, കെ.എസ്.ആര്‍.ടി.സി എന്ന പേര് ദുരുപയോഗം ചെയ്യുന്നുവെന്ന് കാണിച്ച് അദ്യം ബ്ലോഗ് അഡ്മിനായ സുര്‍ജിത്ത് ഭക്തന് നോട്ടിസയച്ചിരുന്നു. എന്നാല്‍ കെ.എസ്.ആര്‍.ടി.സി എന്ന ട്രേഡ്മാര്‍ക്ക് കോര്‍പറേഷന് സ്വന്തമല്ല എന്ന മറുപടി സുര്‍ജിത്ത് നല്‍കിയതോടെ കേരളത്തിലെ ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ ട്രേഡ് മാര്‍ക്ക് കരസ്ഥമാക്കിയ കര്‍ണാടക ആര്‍.ടി.സിയുമായി ചേര്‍ന്ന് ബ്ലോഗിന് വീണ്ടും നോട്ടിസ് നല്‍കി. ഇതോടെ പേര് മാറ്റാന്‍ നിര്‍ബന്ധിതരായ ബ്ലോഗ് ടീം തങ്ങളുടെ പേര് ആനവണ്ടി എന്നാക്കിമാറ്റി.
എന്നാല്‍ ആതും പൂട്ടിക്കാനുള്ള കുടില തന്ത്രങ്ങളാണ് കോര്‍പറേഷന്‍ ഇപ്പോള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി ആനവണ്ടി എന്നപേരിന് ട്രേഡ് മാര്‍ക്ക് നേടിയിരിക്കുകയാണ്. എന്നാല്‍ ഇത് നിയമവിധേയമായി നേടിയതല്ലെന്ന് ആനവണ്ടി ബ്ലോഗ് ഉടമ സുര്‍ജിത്ത് പറഞ്ഞു. 2015 ഫെബ്രുവരിയില്‍ ഈ പേരിന് ട്രേഡ് മാര്‍ക്ക് ആവശ്യപ്പെട്ട് താന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ 2015 നവംബറിലാണ് കെ.എസ്.ആര്‍.ടി.സി അപേക്ഷ നല്‍കിയതെന്നും സുര്‍ജിത്ത് പറഞ്ഞു. ഒരു പേരിന് ഒന്നിലധികം ആളുകള്‍ അപേക്ഷ നല്‍കിയാല്‍ എല്ലാവര്‍ക്കും നോട്ടിസ് നല്‍കി അന്വേഷണം നടത്തിയ ശേഷം മാത്രമാണ് ട്രേഡ് മാര്‍ക്ക് നല്‍കുന്നത്. എന്നാല്‍ കെ.എസ്.ആര്‍.ടി.സിക്ക് ആനവണ്ടി ട്രേഡ് മാര്‍ക്ക് നല്‍കിയ വിവരം തന്നെ അധികാരികള്‍ അറിയിച്ചിട്ടില്ലെന്നും നിലവില്‍ ആനവണ്ടിയെന്ന പേരില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ബ്ലോഗിനെ പൂട്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരത്തില്‍ ട്രേഡ് മാര്‍ക്ക് എടുത്തതെന്ന് സംശയമുണ്ടെന്നും സുര്‍ജിത്ത് അരോപിച്ചു.
ഇതുകൂടാതെ കെ. എസ്. ആര്‍.ടി.സിയുമായി ബന്ധപ്പെട്ട പത്തിലധികം പേരുകള്‍ക്ക് ട്രേഡ് മാര്‍ക്ക് ലഭിക്കുന്നതിനായി കോര്‍പറേഷന്‍ അപേക്ഷ നല്‍കിയതായാണ് വിവരം. ഇത്തരത്തില്‍ ലക്ഷക്കണക്കിന് രൂപയാണ് അനാവശ്യമായി പേരുകള്‍ക്ക് ട്രേഡ് മാര്‍ക്കിനായി കോര്‍പറേഷന്‍ ചെലവാക്കുന്നത്. എന്നാല്‍ പണ്ടുമുതല്‍ ഉപയോഗിച്ചു പോന്നിരുന്ന കെ.എസ്.ആര്‍.ടി.സി എന്ന പേര് കര്‍ണാടക ആര്‍. ടി. സി സ്വന്തമാക്കിയപ്പോള്‍ ആതിനെതിരേ കേസുമായി പോകുന്ന കാര്യത്തില്‍ ഉദാസീനത കാണിച്ച കോര്‍പറേഷനാണ് അവശ്യമില്ലാത്ത പേരുകള്‍ സ്വന്തമാക്കാന്‍ പണം ചെലവാക്കുന്നതെന്നതാണ് കൗതുകകരം. കെ. എസ്. അര്‍. ടിസിയിലെ അഴിമതിയെക്കുറിച്ചുള്ള വാര്‍ത്തകളും മറ്റും വരുന്നതിനാലാണ് ബ്ലോഗിനെതിരേ കോര്‍പ്പറേഷന്‍ വാളെടുക്കുന്നതെന്ന് പറയുന്നു.
കെ.എസ്.ആര്‍.ടി.സിയെ ജനപ്രിയമാക്കുന്നതില്‍ ബ്ലോഗും ആപ്പും വഹിച്ച പങ്ക് ചെറുതല്ല.
കെ.എസ്.ആര്‍.ടി.സി ബസുകളുടെ സര്‍വിസുകളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇതില്‍ ലഭ്യമാണ്. ബസുകളുടെ സമയം, ഓരോ ബസുകളുടെയും പ്രത്യേകതകള്‍, കെ.എസ്.ആര്‍.ടി.സിയില്‍ ടൂറുപോകാന്‍ സാധിക്കുന്ന സ്ഥലങ്ങള്‍ എന്നിവയെക്കുറിച്ച് സുദീര്‍ഘമായ വിവരണങ്ങള്‍ ബ്ലോഗിലുണ്ട്. കെ.എസ്.ആര്‍.ടി.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിനേക്കാള്‍ വിവരങ്ങള്‍ അറിയുന്നതിന് ജനങ്ങള്‍ ഈ ബ്ലോഗിനെയാണ് ഉപയോഗപ്പെടുത്തുന്നത്. ജനങ്ങള്‍ക്കും കോര്‍പറേഷനും ഉപകാരം മാത്രമുള്ള ബ്ലോഗ് പൂട്ടിക്കുന്നതിനു പിന്നില്‍ നിക്ഷിപ്ത താല്‍പര്യക്കാരാണെന്നും ഈ വെബ്‌സൈറ്റ് നിലനിര്‍ത്തുന്നതിന് ഏതറ്റംവരെയും പോകുമെന്നും ആനവണ്ടി ബ്ലോഗ് ടീം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."