10,000 കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ പിരിച്ചുവിടാന്‍ ശുപാര്‍ശ
തിരുവനന്തപുരം: കടക്കെണിയില്‍ നിന്ന് കെ.എസ്.ആര്‍ടിസിയെ രക്ഷിക്കുന്നതിന്റെ ഭാഗമായി 10,000 ജീവനക്കാരെ പിരിച്ചുവിടാന്‍ ആലോചന. കെ.എസ്.ആര്‍.ടി.സിയുടെ ഇപ്പോഴത്തെ സ്ഥിതിയെ കുറിച്ച് പഠനം നടത്തി, പരിഹാരമാര്‍ഗം നിര്‍ദേശിക്കാന്‍ രണ്ടുമാസം മുന്‍പ് സര്‍ക്കാര്‍ നിയോഗിച്ച സുശീല്‍ഖന്ന കമ്മിഷന്‍ തയാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നീക്കം. പിരിച്ചുവിടല്‍ നടപ്പാക്കാനായില്ലെങ്കില്‍ ജീവനക്കാരെക്കൊണ്ട് നിര്‍ബന്ധിത വി.ആര്‍.എസ് എടുപ്പിക്കണമെന്നും ശുപാര്‍ശയുണ്ട്.
എം പാനല്‍ ജീവനക്കാരെ പൂര്‍ണമായും പിരിച്ചുവിടണമെന്നും കെ.എസ്.ആര്‍.ടി.സിയെ പീഡിത വ്യവസായമായി പ്രഖ്യാപിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെടുന്നു. 6000 ഷെഡ്യൂളുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന കെ.എസ്.ആര്‍.ടി.സിയ്ക്കു 46,000 ജീവനക്കാരാണുള്ളത്. എന്നാല്‍, 7,800 ഷെഡ്യൂളുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ 26,000 ജീവനക്കാര്‍ മാത്രമാണുള്ളത്. 19,800 ഷെഡ്യൂളുകളുള്ള ആന്ധ്രാപ്രദേശ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ 1,22,000 ജീവനക്കാരുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ ബസുകളുടെയും സര്‍വിസിന്റെയും ആനുപാതികമായി മാത്രമാണ് ജീവനക്കാരെ നിയമിച്ചിട്ടുള്ളത്.
ഇത് കെ.എസ്.ആര്‍.ടി.സിയിലും നടപ്പാക്കണം. ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം നിര്‍ത്തലാക്കി, പകരം സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കണം. ഷെഡ്യൂളുകള്‍ കൃത്യസമയത്ത് ഓപ്പറേറ്റ് ചെയ്യാത്ത ഡിപ്പോ ഓഫിസര്‍മാര്‍ക്കെതിരേ നടപടി എടുക്കണം. കെ.എസ്.ആര്‍.ടി.സിയില്‍ പൂര്‍ണമായും ഓണ്‍ലൈന്‍ റിസര്‍വേഷന്‍ നടപ്പാക്കണം. ജീവനക്കാര്‍ക്കു നല്‍കിവരുന്ന ആനുകൂല്യങ്ങളില്‍ ഇനി വര്‍ധനവ് വരുത്തരുത്. ആവശ്യമെങ്കില്‍ ആനുകൂല്യങ്ങളില്‍ നിയന്ത്രണം കൊണ്ടുവരണം. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന എല്ലാ അവധികളും ജീവനക്കാര്‍ക്ക് അനുവദിക്കരുത്. ബംഗളൂരു, ചെന്നൈ ബസുകളിലെ ജീവനക്കാരുടെ ഡ്യൂട്ടി കഴിഞ്ഞുള്ള അവധി ദിവസങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരണമെന്നും കമ്മിഷന്‍ ശുപാര്‍ശ ചെയ്യുന്നു.
വര്‍ക്‌ഷോപ്പുകളില്‍ എത്തുന്ന ബസുകള്‍ വേഗത്തില്‍ പണി പൂര്‍ത്തിയാക്കി പുറത്തിറക്കാന്‍ മെക്കാനിക്കുകള്‍ തയാറാകണം. കെ.എസ്.ആര്‍.ടി.സിയില്‍ കര്‍ശനമായ സാമ്പത്തിക അച്ചടക്കം ഉണ്ടാകണം. ബസുകള്‍ ഓട്ടത്തിനിടയില്‍ കേടുപാടുകള്‍ സംഭവിച്ച് നിന്നുപോയാല്‍, അന്ന് നഷ്ടം വരുന്നത് എത്രയാണോ അത്രയും തുക മെക്കാനിക്കില്‍ നിന്നും ഈടാക്കണമെന്നും സുശീല്‍ഖന്ന കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഔദ്യോഗികമായി സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടില്ല.
ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുകയെന്ന ഏറ്റവും സുപ്രധാന ശുപാര്‍ശ നടപ്പാക്കണമെങ്കില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പ്രധാന യൂനിയനുകളുടെ സഹായം അത്യാവശ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."