ഏകസിവില്‍കോഡ്: കേസ് ജനുവരി മൂന്നിനു പരിഗണിക്കും
ന്യൂഡല്‍ഹി: പൊതുനിയമങ്ങള്‍ ഏകീകരിക്കുന്നതുസംബന്ധിച്ച മുത്വലാഖ് നിരോധനം, ബഹുഭാര്യത്വം തുടങ്ങിയ കേസുകളില്‍ സുപ്രിംകോടതി ജനുവരി മൂന്നിന് വാദംകേള്‍ക്കും. നിലവില്‍ ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ചിന്റെ പരിഗണനയിലാണ് ഈ കേസുള്ളത്. വിഷയം അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വനി ഉപാധ്യായ കേസില്‍ കക്ഷിചേര്‍ന്നിട്ടുണ്ട്. ഭരണഘടനാ വിഷയായതിനാല്‍ കേസ് ഭരണഘടനാ ബെഞ്ചിനു വിടാന്‍ സാധ്യതയുണ്ട്.
സുപ്രിംകോടതി സ്വമേധയാ എടുത്ത കേസടക്കം നിരവധി ഹരജികള്‍ നിലവിലുണ്ട്. സൈറാബാനു, ഇശ്‌റത്ത് ജഹാന്‍ തുടങ്ങിയ സ്ത്രീകളും മുസ്‌ലിം വനിതാ വ്യക്തിനിയമ ബോര്‍ഡ്, മുസ്‌ലിം മഹിളാ ആന്തോളന്‍ എന്നീ സംഘടനകളുമാണ് നിലവില്‍ മുത്വലാഖ് നിരോധിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. മുസ്‌ലിം വ്യക്തിനിയമം ഭേദഗതിചെയ്യണമെന്ന ഹരജിയില്‍ അഖിലേന്ത്യാ വ്യക്തിനിയമ ബോര്‍ഡും ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദും കക്ഷിചേര്‍ന്നിട്ടുണ്ട്. നവംബറില്‍ ഈ ഹരജികള്‍ പരിഗണിച്ച സുപ്രിംകോടതി, വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.
ഇതേതുടര്‍ന്നു മുത്വലാഖ്, ബഹുഭാര്യത്വം എന്നീ ആചാരങ്ങള്‍ ഒരു മതേതരരാജ്യത്ത് ഉണ്ടാവാന്‍ പാടില്ലാത്തതാണെന്നും അതിനോടു യോജിക്കാനാവില്ലെന്നും അറിയിച്ചു കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.
വ്യക്തിനിയമങ്ങളിലെ ആശയങ്ങള്‍ ലിംഗനീതി, സ്ത്രീകളുടെ അന്തസ്, സമത്വം എന്നിവയുടെ വെളിച്ചത്തിലൂടെ പരിശോധിക്കേണ്ടതാണെന്നും ഭരണഘടന പൗരന് നല്‍കുന്ന ഒരു അവകാശവും മുസ്‌ലിം സ്ത്രീകള്‍ക്കു നിഷേധിക്കപ്പെട്ടുകൂടായെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."