ഇലക്ഷന് തിരക്ക് കഴിഞ്ഞതോടെ സ്കൂള്‍ വിപണി ഉണര്‍ന്നു
കോട്ടയം: ഇലക്ഷന് തിരക്കുകള്‍ കഴിഞ്ഞതോടെ നഗരത്തില്‍ സ്കൂള്‍ വിപണി സജീവമായി. വേനലവധിക്ക് ശേഷം സ്കൂള്‍ തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ കടകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ബാഗ്, കുട്, നോട്ട്ബുക്ക്സ്, ഷൂസ്, ലഞ്ച് ബോക്സ് എന്നിവയില്‍ പല തരത്തിലുള്ള പരീക്ഷണങ്ങളാണ് പല കമ്പനികളും നടത്തുന്നത്.
പരസ്യങ്ങളില്‍ കാണുന്ന തരത്തിലുള്ള കുടകളോടും ബാഗുകളോടുമാണ് കുട്ടികള്‍ക്ക് താല്പര്യം. പെട്ടന്നുതന്നെ മഴ എത്തിയതിനാല്‍ റെയിന്‍ കോട്ടുകള്‍ക്കും കുടകള്‍ക്കും ആവശ്യക്കാരേറെയാണ്. 400രൂപ മുതലുള്ള സ്കൂള്‍ ബാഗുകള്‍ വിപണിയില്‍ സജീവമാണ്. വില കൂടിയ ബാഗിനൊപ്പം ട്യൂഷന് കിറ്റ്, നോട്ടുബുക്കുകള്‍ പൊതിയാനുള്ള പേപ്പറുകള്‍, ലഞ്ച് ബോക്സ്, വാട്ടര്‍ ബോട്ടില്‍ തുടങ്ങിയവയും ഫ്രീ ആയി നല്‍കുന്നുണ്ട്. തിരഞ്ഞെടുത്ത് ബാഗുകള്‍ക്കൊപ്പം സര്‍വ്വീസ് വാറന്റി നല്കുന്ന കടകളും നഗരത്തില്‍ പ്രവര്‍ത്തിക്കുന്നു.
എന്നാല്‍ ചില സ്കൂളുകള്‍ തന്നെ നേരിട്ട് ബാഗുകളും മറ്റും നല്‍കുന്നത് നഗരത്തിലെ കച്ചവടര്‍ക്കാര്‍ക്ക് തിരിച്ചടിയാകുന്നു. 600-1000 രൂപയ്ക്ക് ഇടയിലുള്ള ബാഗുകള്‍ക്കാണ് ആവശ്യക്കാരേറെയുമെന്ന് നഗരത്തില്‍ കച്ചവടം നടത്തുന്ന ലിയാസ് പറയുന്നു. 190 രൂപ മുതലുള്ള കുടകളും വിപണിയില്‍ സജീവമാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിവിധ തരത്തിലുള്ള ബാഗുകളും ലഞ്ച് ബോക്സുകളും വിപണിയില്‍ സുലഭമാണ്. ഇടവേളകളില്‍ ഗെയിം കളിക്കാനുള്പ്പെടെയുള്ള സജ്ജീകരണങ്ങളുള്ള പെന്‍സില്‍ ബോക്സുകളോടാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രിയമെന്നും നഗരത്തിലെ കടയുടമകളായ ലിയാസും ഹാഷിക്കും പറയുന്നു. വിപണിയില്‍ കുടകള്‍ക്കും റെയിന്കോട്ടുകള്ക്കുമാണ് ആവശ്യക്കാരേറെയും.
പെട്ടെന്നുള്ള മഴയില്‍ നഗരത്തിലെത്തി വലയുന്നവര്‍ വില കാര്യമാക്കാതെ റെയിന്‍കോട്ടുകളും കുടകളും വാങ്ങുന്നത് പതിവ് കാഴ്ചയാണ്. വിവിധ പ്രായത്തിലുള്ള വിദ്യാര്‍ത്ഥികളുടെ മനസ്സിനിണങ്ങും വിധത്തിലുള്ള കുടകളും, ബാഗുകളും, ലഞ്ച് ബോക്സുകളും ഇന്ന് വിപണയില്‍ വളരെ സുലഭമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."