ധീരജവാന്‍ രതീഷിന് ജന്മനാടിന്റെ യാത്രാമൊഴി
കൊണ്ടോട്ടി/മട്ടന്നൂര്‍ (കണ്ണൂര്‍): കശ്മിരിലെ പാംപോറിനു സമീപം ശനിയാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍ കൊടോളിപ്രം ചക്കോലക്കണ്ടി വീട്ടില്‍ രതീഷിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. സൈനിക ബഹുമതികളോടെ മൃതദേഹം ഇന്നലെ വൈകുന്നേരം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
വീടിനു സമീപം പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ ദുഃഖ സാന്ദ്രമായ അന്തരീക്ഷത്തില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ ആയിരക്കണക്കിനാളുകള്‍ അന്ത്യോപചാരമര്‍പ്പിച്ചു. രാവിലെ 9.20ന് മുംബൈയില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തിലാണ് മൃതദേഹം കരിപ്പൂരില്‍ എത്തിച്ചത്. പ്രോട്ടോക്കോള്‍ ഓഫിസറും ഡെപ്യൂട്ടി കലക്ടറുമായ എ.അബ്ദുല്‍ റഷീദ് മൃതദേഹം ഏറ്റുവാങ്ങി. വിമാനത്താവളത്തിലെ ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം നിരവധി സൈനിക വാഹനങ്ങളുടെ അകമ്പടിയോടെ ഉച്ചയ്ക്ക് 1.50നാണ് ജന്‍മനാട്ടില്‍ എത്തിച്ചത്.
നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും രാവിലെ മുതല്‍ ആയിരങ്ങളാണ് കൊടോളിപ്രത്തേക്ക് ഒഴുകിയെത്തിയത്. പൊതുദര്‍ശനം പൂര്‍ത്തിയാക്കി 3.20ന് വീട്ടിലെത്തിച്ച മൃതദേഹത്തില്‍ ഉറ്റബന്ധുക്കള്‍ അന്ത്യോപചാരം അര്‍പ്പിച്ച ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിനു വേണ്ടി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അന്ത്യോപചാരമര്‍പ്പിച്ചു. സംസ്‌കാര ശേഷം നടന്ന സര്‍വകക്ഷി അനുശോചന യോഗത്തില്‍ ഇ.പി ജയരാജന്‍ എം.എല്‍.എ അധ്യക്ഷനായി.
ഭീകരാക്രമണത്തില്‍ റാഞ്ചി സ്വദേശിയായ ശശികാന്ത് പാണ്ഡെ, പൂനെ സ്വദേശി സൗരവ് നന്ദ്കുമാര്‍ എന്നീ സൈനികരും വീരമൃത്യു വരിച്ചിരുന്നു. കോയമ്പത്തൂര്‍ മധുക്കരൈയിലെ 44 ഫീല്‍ഡ് റെജിമെന്റിലെ നായികായ രതീഷ് മൂന്നുവര്‍ഷം മുമ്പാണു ഡെപ്യൂട്ടേഷനില്‍ കശ്മിരിലെ 36 രാഷ്ട്രീയ റൈഫിള്‍സിലേക്കു സേവനത്തിനു പോയത്. ഡെപ്യൂട്ടേഷന്‍ കാലാവധി പൂര്‍ത്തിയാക്കി കോയമ്പത്തൂരിലേക്കു തിരികെ മടങ്ങാനിരിക്കെയായിരുന്നു ദുരന്തം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."