ഫൈസല്‍വധം: മുഖ്യ പ്രതികളുമായി തെളിവെടുപ്പ് നടത്തി
തിരൂരങ്ങാടി: കൊടിഞ്ഞി ഫാറൂഖ് നഗറില്‍ പുല്ലാണി ഫൈസലിനെ(30) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണസംഘം മുഖ്യപ്രതികളുമായി തെളിവെടുപ്പ് നടത്തി. പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയ തിരൂര്‍ മംഗലം പുല്ലൂണി സ്വദേശി കാരാട്ടുകടവ് കണക്കന് പ്രജീഷ് എന്ന ബാബു (32),നന്നമ്പ്ര വെള്ളിയാമ്പുറം പുല്ലൂണിയില്‍ തടത്തില്‍ സുധീഷ് കുമാര്‍ എന്ന കുട്ടാപ്പു(26), വള്ളിക്കുന്ന് അത്താണിക്കല്‍ മുണ്ടിയന്‍കാവ് പറമ്പ് ശ്രീകേഷ് എന്ന അപ്പു (26) എന്നിവരെയാണ് കൊടിഞ്ഞി ഫാറൂഖ് നഗര്‍ അങ്ങാടി, തിരൂര്‍ തൃക്കണ്ടിയൂരിലെ ആര്.എസ്.എസ് ആസ്ഥാനമായ സംഘ മന്ദിരം എന്നിവിടങ്ങളില്‍ കൊണ്ടുപോയി തെളിവെടുത്തത്. വെവ്വേറെ വാഹനങ്ങളിലാണ് പ്രതികളെ സ്ഥലത്തെത്തിച്ചത്. മൂവരും തോര്‍ത്തുകൊണ്ട് മുഖംമറച്ച നിലയിലായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 2.45ന് ഫാറൂഖ് നഗറിലെത്തിച്ച മൂന്നു പ്രതികളും കൃത്യം നിര്‍വഹിച്ച കാര്യങ്ങള്‍ പൊലിസിന് വിശദീകരിച്ചു കൊടുത്തു.
കൊലപാതകത്തിന് ശേഷം തൃക്കണ്ടിയൂരിലെ സംഘ മന്ദിറിലെത്തി വസ്ത്രങ്ങള്‍ കഴുകിയശേഷം തീയിട്ട് നശിപ്പിച്ചെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ലളിതകലാ സമിതി റോഡിലെ സംഘ മന്ദിറിലും തെളിവെടുപ്പ് നടത്തിയത്. വസ്ത്രങ്ങള്‍ കഴുകിയ കെട്ടിടത്തിന്റെ പിന്‍ഭാഗം പ്രജീഷ്കുമാര് എന്ന ബാബുവും വസ്ത്രങ്ങള്‍ തീയിട്ട ഭാഗം ശ്രീകേഷ് എന്ന അപ്പുവും സംഘത്തിന് കാണിച്ചു കൊടുത്തു. കൃത്യം നിര്വഹിക്കാനുപയോഗിച്ച വാള്, ചുരിക എന്നിവ കണ്ടെടുക്കാനുണ്ട്. ഇതിനുള്ള ശ്രമങ്ങള്‍ ഇന്ന് ആരംഭിക്കും.
പുല്ലൂണിയിലെ കാരാട്ടുകടവ് പുഴയിലാണ് വാള് ഉപേക്ഷിച്ചതെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. ഇത് കണ്ടെടുക്കാന്‍ പൊലിസ് നാവികസേനയിലെ മുങ്ങല്‍വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."