ടെസ്റ്റ് റാങ്കിങ്: ജഡേജ രണ്ടാം സ്ഥാനത്ത്
ദുബൈ: ഐ.സി.സി ടെസ്റ്റ് റാങ്കിങില്‍ രവീന്ദ്ര ജഡേജയുടെ കുതിപ്പ്. ചെപ്പോക്ക് ടെസ്റ്റില്‍ 10 വിക്കറ്റ് സ്വന്തമാക്കിയ പ്രകടനത്തിലൂടെ ജഡേജ രണ്ടാം സ്ഥാനം സ്വന്തമാക്കി. 66 പോയിന്റാണ് താരം നേടിയത്. ഒന്നാം സ്ഥാനം ഇന്ത്യയുടെ മറ്റൊരു സ്പിന്നറായ രവിചന്ദ്രന്‍ അശ്വിന് നിലനിര്‍ത്തി. റാങ്കിങ് ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യന്‍ താരങ്ങള്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ സ്വന്തമാക്കുന്നത്. 42 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ താരങ്ങള്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ സ്വന്തമാക്കുന്നത്. 1974ലാണ് ബിഷന്‍ സിങ് ബേദിയും ഭഗവത് ചന്ദ്രശേഖറും ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തിയിരുന്നത്.
ചെപ്പോക്ക് ടെസ്റ്റില്‍ 154 റണ്‍സ് വഴങ്ങി രണ്ടിന്നിങ്സുകളിലുമായി 10 വിക്കറ്റാണ് ജഡേജ വീഴ്ത്തിയത്. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ 26 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. അശ്വിന് 28 വിക്കറ്റുകള്‍ സ്വന്തമാക്കി. പരമ്പര 4-0ന് സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു.
ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ രണ്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 23ാം റാങ്കിലെത്തി. ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ ലോകേഷ് രാഹുല്‍, കരുണ്‍ നായര്‍ എന്നിവരും കുതിപ്പ് നടത്തി. രാഹുല്‍ 29 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 51ാം സ്ഥാനത്തെത്തി. കരുണ്‍ 122 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 55ാം സ്ഥാനം സ്വന്തമാക്കി. ചെപ്പോക്കില്‍ ട്രിപ്പില്‍ നേടിയതാണ് കരുണിന് ഗുണകരമായത്. നേരത്തെ ടീം റാങ്കിങില്‍ ഇന്ത്യ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."