ഹനീഫ് മൗലവിയുടെ അറസ്റ്റ് നിര്ബന്ധിപ്പിച്ചുണ്ടാക്കിയ പരാതിയിലെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കേരളത്തിലെ യുവാക്കളെ ഐ.എസ് ആശയത്തിലേക്കു പ്രേരിപ്പിച്ചെന്നാരോപിച്ച് യു.എ.പി.എ പ്രകാരം ജയിലിലായ ഹനീഫ് മൗലവിയുടെ അറസ്റ്റിലേക്കു വഴിവച്ച പരാതി നിര്‍ബന്ധപൂര്‍വം പൊലിസ് എടുപ്പിച്ചതെന്ന് റിപ്പോര്‍ട്ട്.
കണ്ണൂര്‍ പെരിങ്ങത്താര് സ്വദേശിയായ ഹനീഫ് മൗലവിക്കെതിരായ പരാതിയില്‍ തന്നെകൊണ്ട് പൊലിസ് നിര്‍ബന്ധിപ്പിച്ച് ഒപ്പിടീപ്പിച്ചതാണെന്നും പരാതി മുഴുവന്‍ വായിക്കാതെയാണ് ഒപ്പിട്ടതെന്നും ദുരൂഹസാഹചര്യത്തില്‍ കാണാതായ പടന്ന സ്വദേശി അഷ്ഫാഖിന്റെ പിതാവ് അബ്ദുല്‍ മജീദ് പറഞ്ഞു. സ്വകാര്യ ചാനലിനോടാണ് മജീദ് ഇക്കാര്യം പറഞ്ഞത്.
മകന് ഹനീഫ് മൗലവി മതപഠനക്ലാസ് എടുത്തിരുന്നുവെന്നു മാത്രമാണ് താന്‍ പറഞ്ഞതെന്നും ബാക്കിയെല്ലാം പൊലിസ് എഴുതിയ പരാതിയില്‍ നിര്‍ബന്ധിപ്പിച്ച് ഒപ്പിടീപ്പിച്ചതാണെന്നും മജീദ് പറഞ്ഞു. അതേസമയം യു.പി.എ സര്‍ക്കാര്‍ വിവാദമായ യു.എ.പി.എ നിയമം കൊണ്ടുവന്നത് തെറ്റായിപ്പോയെന്ന് മുസ്ലിംലീഗ് ദേശീയ വക്താവ് ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
തങ്ങള്‍ കൂടി അംഗമായ സര്‍ക്കാരാണ് യു.എ.പി.എ കൊണ്ടുവന്നത് എന്ന കാരണം കൊണ്ട് ആ വിവാദനിയമത്തെ ന്യായീകരിക്കേണ്ട ആവശ്യമില്ല. യു.എ.പി.എയെ മുസ്ലിംലീഗ് ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."