രാജ്യതാല്‍പര്യത്തിനായി കഠിനമായ തീരുമാനത്തില്‍നിന്ന് പിന്‍മാറില്ല: മോദി
മുംബൈ:രാജ്യത്തിന്റെ താല്‍പര്യം മുന്‍ നിര്‍ത്തി പ്രയാസകരമായ തീരുമാനം എടുക്കുന്നതില്‍ നിന്ന് പിന്‍മാറില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ റായ്ഗഢില്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാര്‍ക്കറ്റി(എന്‍.എസ്.ഐ.എം)ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹ്രസ്വകാലത്തേക്ക് നോട്ട് നിരോധനം മൂലം പ്രശ്‌നങ്ങളുണ്ടായെങ്കിലും ദീര്‍ഘകാലത്തേക്ക് ഇത് രാജ്യത്തിന് ഗുണം ചെയ്യുമെന്ന് നോട്ട് അസാധുവാക്കലിനെ ന്യായീകരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ നല്ല ഭാവിക്കായുള്ള സാമ്പത്തിക നയങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയുള്ളതല്ല ഇത്തരം നയങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ വിജയം ഗ്രാമങ്ങളില്‍ എത്രത്തോളം പുരോഗതിയുണ്ടായെന്ന് മുന്‍ നിര്‍ത്തിയാണ് കണക്കാക്കേണ്ടതെന്നും അല്ലാതെ ഓഹരി മാര്‍ക്കറ്റിനെ മുന്‍ നിര്‍ത്തി വിജയം അളക്കരുതെന്നും മോദി പറഞ്ഞു.
ആളുകള്‍ സാമ്പത്തിക രംഗത്ത് നിന്ന് ലഭിക്കുന്ന പണത്തിന്റെ ഒരംശം രാജ്യ നിര്‍മാണത്തിന് നികുതിയായി നല്‍കണം. കാര്‍ഷിക മേഖലയുള്‍പ്പടെയുള്ള രാജ്യത്തിലെ വിവിധ മേഖലകളുടെ വികസനത്തിനായി ഓഹരി വിപണികളില്‍ മൂലധനം സ്വരൂപിക്കണമെന്നും സ്റ്റാര്‍ട്ട് അപ് സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന നയമാണ് സര്‍ക്കാര്‍ പിന്തുടരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ വികസിത രാഷ്ട്രമാക്കി മാറ്റുകയാണ് തന്റെ ലക്ഷ്യം. വിവിധ വികസന പദ്ധതികളുടെ കാര്യത്തില്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ മുന്നേറികൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ സാമ്പത്തിക രംഗം അതിവേഗത്തില്‍ പൂരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 2012-13 കാലത്ത് സാമ്പത്തിക രംഗം വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങിയിരുന്നത്. രൂപയുടെ മൂല്യം ഇടിയുകയും ചെയ്തു. എന്നാല്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ സാമ്പത്തിക രംഗത്തെ തളര്‍ച്ച മാറ്റാന്‍ ശക്തമായ ഇടപെടലാണ് നടത്തിയത്. ഇത് രാജ്യത്തെ അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി മാറ്റിയെന്നും മോദി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."