സിറിയയില്‍ വെടിനിര്‍ത്തലിന് തുര്‍ക്കി- റഷ്യ കരാറായി
അങ്കാറ: സിറിയിലുടനീളം വെടിനിര്‍ത്തലിന് തുര്‍ക്കി- റഷ്യ തമ്മില്‍ ധാരണയായി. ഐക്യരാഷ്ട്രസഭ ഭീകര സംഘടനകളായി പ്രഖ്യാപിച്ചവരോടുള്ള ആക്രമണം ഒഴികെയുള്ള സര്‍ക്കാരിന്റെ എല്ലാ നീക്കങ്ങള്‍ക്കും ഇതു ബാധകമാവും. അലെപ്പോയിലടക്കം സിറിയന്‍ വിമതര്‍ക്കു നേരെ സര്‍ക്കാര്‍ സൈന്യം നടത്തുന്ന അക്രമം വെടിനിര്‍ത്തലിന്റെ ഭാഗമായി അവസാനിപ്പിക്കേണ്ടി വരും.
കരാറിന്റെ കോപ്പി സിറിയന്‍ വിമത സൈനികര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ഇവര്‍ അംഗീകരിച്ചാല്‍ അര്‍ധരാത്രിയോടെ പ്രഖ്യാപിക്കുമെന്നും തുര്‍ക്കിയുടെ ഔദ്യോഗിക ചാനലായ അനദോലു റിപ്പോര്‍ട്ട് ചെയ്തു.
ഐ.എസ്, അല്‍ നുസ്‌റ ഫ്രണ്ടിന്റെ പുതിയ രൂപമായ ജബ്ഹത്ത് അല്‍ ശാം എന്നീ സംഘത്തോടുള്ള ആക്രമണം തുടരുമെന്നാണ് കരാറില്‍ പറയുന്നത്. കസാക്കിസ്ഥാനില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് വെടിനിര്‍ത്തല്‍ കരാറില്‍ അന്തിമതീരുമാനമായത്.
Read More... സിറിയ: അലെപ്പോയില്‍ സംഭവിക്കുന്നത്, സമഗ്ര വിവരങ്ങള്‍
സിറിയയുടെ പുരാതന നഗരമായ അലെപ്പോയില്‍ നടന്ന രക്തരൂക്ഷിത ആക്രമണത്തില്‍ നിരവധി സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. സിറിയയില്‍ ആഭ്യന്തര കലാപം തുടങ്ങിയ 2011 മുതല്‍ നാലു ലക്ഷം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കഴിഞ്ഞ ഏപ്രിലില്‍ യു.എന്‍ പുറത്തുവിട്ട കണക്കില്‍ പറയുന്നത്. 1.1 കോടി ജനങ്ങള്‍ യുദ്ധം മൂലം അഭയാര്‍ഥികളായി മാറി.
ബശാര്‍ അല്‍ അസദിന്റെ ഏകാധിപത്യം അവസാനിപ്പിച്ച് ജനാധിപത്യം കൊണ്ടുവരണം എന്നാവശ്യപ്പെട്ടാണ് ഒരു വിഭാഗം ജനങ്ങള്‍ 2011 മുതല്‍ തെരുവിലിറങ്ങിയത്. ഇതിനെ അടിച്ചമര്‍ത്താന്‍ അസദ് ഭരണകൂടം ക്രൂരമായ വഴികള്‍ സ്വീകരിച്ചു. 2015 മുതല്‍ റഷ്യയുടെ സഹായത്തോടെ ബശാര്‍ സൈന്യം വ്യോമാക്രമണം തുടങ്ങിയതോടെയാണ് സിറിയ കൂടുതല്‍ ദുരിതഭൂമിയാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."