30 വകുപ്പുകളില്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസ് നടപ്പാക്കും
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പ്, ധനകാര്യവകുപ്പ് തുടങ്ങി 30 വകുപ്പുകളില്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസ് നടപ്പാക്കുന്നതിന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഭരണസംവിധാനം നവീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു പരിശീലനം നല്‍കുന്നതിനായി സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടെ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസ് നടപ്പാക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ സെക്രട്ടേറിയറ്റിനെ ഇതില്‍ ഉള്‍പ്പെടുത്തുന്നതിനെ ഉദ്യോഗസ്ഥര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് നടപ്പാക്കുന്നത് മാറ്റിവയ്ക്കുകയും ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു. പിന്നീട് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇതു നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ ഇക്കാര്യം പരാമര്‍ശിക്കുകയും ചെയ്തിരുന്നു. ഇത് നടപ്പായാല്‍ എല്ലാ വകുപ്പുകളും പദ്ധതി വിഹിതത്തിന്റെ ഒരു ശതമാനം ജീവനക്കാരുടെ പരിശീലനത്തിനു ചെലവഴിക്കും. എല്ലാ ജീവനക്കാര്‍ക്കും ഇന്‍ഡക്ഷന്‍ ട്രെയിനിങും ഇന്‍ സര്‍വിസ് കോഴ്‌സും നിര്‍ബന്ധമാക്കുകയും ചെയ്യും.
ആരോഗ്യവകുപ്പിനു കീഴിലുള്ള വിവിധ ആശുപത്രികളില്‍ അസിസ്റ്റന്റ് ഡെന്റല്‍ സര്‍ജന്‍മാരുടെ 47 പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ആലപ്പുഴ ഗവണ്‍മെന്റ് ആയുര്‍വേദ പഞ്ചകര്‍മ ആശുപത്രിയില്‍ ഒരു മെഡിക്കല്‍ ഓഫിസര്‍ (പഞ്ചകര്‍മ) തസ്തിക സൃഷ്ടിക്കും. ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിലെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സലിങ് സെല്ലില്‍ മൂന്ന് തസ്തികകള്‍ പുതുതായി സൃഷ്ടിക്കും. ഒരു ക്ലര്‍ക്ക്, രണ്ടണ്ടു സീനിയര്‍ ക്ലര്‍ക്ക് എന്നിങ്ങനെ. കേരള ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷനില്‍ പി.എ.ബി.എക്‌സ് ഓപ്പറേറ്റര്‍ കം റിസപ്ഷനിസ്റ്റിന്റെ ഒരു തസ്തിക പുനരുജ്ജീവിപ്പിക്കുന്നതിന് അനുമതി നല്‍കി.
പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള ചേലക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എട്ടു പുതിയ തസ്തികകള്‍ സൃഷ്ടിക്കും. മൂന്നു തസ്തികകള്‍ അപ്‌ഗ്രേഡ് ചെയ്യും. എച്ച്.എസ്.എ-5, ഗ്രാജ്വേറ്റ് മലയാളം ടീച്ചര്‍-2, സ്‌പെഷല്‍ ടീച്ചര്‍ (മ്യൂസിക്, ഡ്രോയിങ്)- 1 എന്നീ തസ്തികകളാണ് സൃഷ്ടിക്കുക. റിട്ടയര്‍ ചെയ്ത മുന്‍ ചീഫ് ജസ്റ്റിസ്, ജഡ്ജിമാര്‍ എന്നിവര്‍ക്ക് വിരമിച്ചതിനുശേഷം നല്‍കിവരുന്ന ബത്തകള്‍, ആനുകൂല്യങ്ങള്‍ എന്നിവ പരിഷ്‌കരിക്കും.
ചീഫ് ജസ്റ്റിസുമാര്‍ക്ക് നിലവിലുളള നിരക്കായ 10,000 രൂപ 14,000മായും റിട്ട. ജസ്റ്റിസുമാര്‍ക്ക് നിലവിലുളള നിരക്കായ 8,000 രൂപ 12,000മായും പുതുക്കി നിശ്ചയിച്ചു. ലൈറ്റ് മെട്രോ റെയില്‍ പ്രോജക്ടിന്റെ ഡിപ്പോര്‍ഡ് നിര്‍മാണത്തിനായി കേരള റാപ്പിഡ് ട്രാന്‍സിറ്റ് കോര്‍പറേഷന്‍ ലിമിറ്റഡിനു തിരുവനന്തപുരം താലൂക്കില്‍ പളളിപ്പുറം വില്ലേജില്‍ 19.54.716 ഏക്കര്‍ ഭൂമി സൗജന്യമായി പതിച്ചു നല്‍കാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."