തെരുവുനായ വന്ധ്യംകരണം പദ്ധതിക്ക് ജില്ലയില്‍ തുടക്കം
കല്‍പ്പറ്റ: തെരുവുനായകളുടെ എണ്ണപ്പെരുപ്പം തടയുന്നതിനുള്ള വന്ധ്യംകരണം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി നിര്‍വഹിച്ചു. ജില്ലയില്‍ തെരുവുനായ ശല്യം രൂക്ഷമാകുന്നതായി വ്യാപകമായ പരാതി ഉയരുന്ന സാഹചര്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
തെരുവുനായകള്‍ കൂട്ടമായി ചുറ്റിത്തിരിയുന്നത് വിദ്യാര്‍ഥികള്‍ ഉള്‍പെടെയുള്ള കാല്‍നട യാത്രക്കാര്‍ക്ക് ഭീഷണിയായിരുന്നു. കൂടാതെ തെരുവുനായകള്‍ കുറുകെ ചാടിയ കാരണം നിരവധി ഇരുചക്ര വാഹന അപകടങ്ങളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വന്ധ്യംകരണത്തിലൂടെ തെരുവുനായ്ക്കളുടെ എണ്ണം പരമാവധി കുറച്ച് വംശ വര്‍ധനവ് പൂര്‍ണമായി നിയന്ത്രിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നായ്ക്കളെ കൊല്ലുംതോറും അവ പെറ്റുപെരുകുന്നതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ വന്ധ്യംകരണമാണ് ഫലപ്രദമായ പരിഹാരം. രോഗം ബാധിക്കുന്ന വളര്‍ത്തുമൃഗങ്ങളെ നിരത്തിലുപേക്ഷിക്കുന്നതും വംശ വര്‍ധനവിന് കാരണമാകുന്നുണ്ട്. ജില്ലാ പഞ്ചായത്തും ഗ്രാമപഞ്ചായത്തുകളും സംയുക്തമായാണ് പദ്ധതിക്ക് തുക കണ്ടെത്തിയത്.
ജില്ലാ പഞ്ചായത്ത് വകയിരുത്തിയ 10.5 ലക്ഷം രൂപയും ഗ്രാമ പഞ്ചായത്തുകള്‍ വകയിരുത്തിയ 34 ലക്ഷം രൂപയുമാണ് പദ്ധതി നിര്‍വഹണത്തിനായി മാറ്റിവച്ചിട്ടുള്ളത്. പരിശീലനം ലഭിച്ച മൂന്ന് പേരും ഒരു സഹായിയുമാണ് തെരുവുനായ്ക്കളെ പിടിക്കാന്‍ രംഗത്തുള്ളത്. കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച രണ്ട് ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ നടത്തുന്നത്. നായകളെ പരിപാലിക്കാന്‍ അറ്റന്‍ഡന്റിനേയും നിയമിച്ചിട്ടുണ്ട്. മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ രാജ്‌മോഹനാണ് പദ്ധതിയുടെ ജില്ലാതല നിര്‍വഹണ ഉദ്യോഗസ്ഥന്‍.
വന്ധ്യംകരണം ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍
കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്ര പരിസരത്ത് പാര്‍ക്ക് ചെയ്തിട്ടുള്ള പൂക്കോട് വെറ്ററിനറി കോളജിന്റെ ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റ് ആംബുലന്‍സിലാണ് ശസ്ത്രക്രിയ നടത്തുന്നത്. ഒരു സമയം ഒരു ശസ്ത്രക്രിയ മാത്രം നടത്താനേ ആംബുലന്‍സില്‍ സൗകര്യമുള്ളൂ. പരിശീലന കേന്ദ്രത്തില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ സജ്ജമാക്കിയാലുടന്‍ ശസ്ത്രക്രിയ അതിലേക്കു മാറ്റും. തെരുവില്‍ നിന്ന് പിടിക്കുന്ന നായ്ക്കളെ കുളിപ്പിച്ചശേഷം അനസ്‌തേഷ്യ നല്‍കി മയക്കിയാണ് ശസ്ത്രക്രിയ ചെയ്യുന്നത്. പട്ടികള്‍ക്ക് 45 മിനിറ്റും നായകള്‍ക്ക് 20 മിനിറ്റുമാണ് പരമാവധി ശസ്ത്രക്രിയാ ദൈര്‍ഘ്യം. ഡോ.കെ.ഡി ജോണ്‍ മാര്‍ട്ടിന്‍, ഡോ.വി രമ്യ, ഡോ. ദിലീപ് ഫല്‍ഗുനന്‍ എന്നിവരാണ് മേല്‍നോട്ടം വഹിക്കുന്നത്.
പ്രത്യേക പരിശീലനം ലഭിച്ച രണ്ട് വെറ്ററിനറി സര്‍ജന്മാരാണ് ശസ്ത്രക്രിയ നടത്തുക. ശസ്ത്രിക്രിയ കഴിഞ്ഞ നായ്ക്കളെ തിരിച്ചറിയുന്നതിന് അവയുടെ ചെവിയുടെ അഗ്രഭാഗത്ത് 'ഢ' അടയാളമിടും. ശസ്ത്രക്രിയക്കു ശേഷം പൂര്‍ണാരോഗ്യം കൈവരിക്കുന്നതുവരെ അവയെ പ്രത്യേകം സജ്ജീകരിച്ച കൂടുകളില്‍ പാര്‍പ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്യും. മുറിവുണങ്ങിയ ശേഷം പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പും നല്‍കിയാണ് അവയെ പിടിച്ച സ്ഥലത്ത് തിരികെ കൊണ്ടുവിടുക.
തെരുവുനായ്ക്കളെ പിടിക്കുന്നതിനും തിരികെ കൊണ്ടുവിടുന്നതിനും പൊതുജനപങ്കാളിത്തം അത്യാവശ്യമാണ്. നായ്ക്കളെ പിടിക്കാന്‍ നിയമിതരായ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുകയും നായകളെ പ്രകോപിപ്പിക്കാതിരിക്കുകയും ചെയ്യണം. അക്രമകാരികളായ നായകളെ ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചുകൊടുക്കണം. കൂടാതെ ശസ്ത്രക്രിയക്കുശേഷം അവയെ അതത് സ്ഥലത്ത് തിരികെ ഇറക്കാന്‍ വരുമ്പോള്‍ സഹകരിക്കുകയും വേണമെന്ന് ബന്ധപ്പെട്ടവര്‍ അഭ്യര്‍ഥിച്ചു.
വന്ധ്യംകരിച്ച നായ്ക്കള്‍ക്ക് പ്രതിരോധശേഷിയും ആരോഗ്യവും മറ്റു നായ്ക്കളേക്കാള്‍ കൂടുതലായതിനാല്‍ മറ്റു സംസ്ഥാനങ്ങളില്‍ ഇത്തരം കേന്ദ്രങ്ങളില്‍ നിന്നും ഇവയെ കൊണ്ടുപോകാന്‍ ആവശ്യക്കാരേറെയാണ്. വന്യമൃഗശല്യം നേരിടുന്നതിലും മറ്റും സാധാരണ വളര്‍ത്തു നായകളേക്കാള്‍ ഫലപ്രദമായി ഇവ ഉപകരിക്കുമെന്നാണ് കണ്ടെത്തല്‍. താല്‍പര്യമുള്ളവര്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നിന്നും ആരോഗ്യമുള്ള നായ്ക്കളെ തെരഞ്ഞെടുക്കാവുന്നതാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."