കാലിയായി മാവേലി സ്റ്റോറുകള്‍
കഞ്ചിക്കോട്: ജില്ലയിലെ മാവേലി സ്റ്റോറുകളിലും റേഷന്‍കടകളിലും സാധാരണക്കാര്‍ക്ക് അരിയും ഗോതമ്പും കിട്ടാനില്ലാതായതോടെ നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും കരിഞ്ചന്ത വില്‍പന വ്യാപകമായിരിക്കുകയാണ്.
ഡിസംബറിലെ അരിയും ഗോതമ്പും കടകളിലെത്തിയെന്ന ജില്ലാ സപ്ലൈ ഓഫിസറുടെ അറിയിപ്പു കണ്ടു പല റേഷന്‍കടകളിലും ചെന്നവര്‍ക്ക് വെറും കൈയോടെ മടങ്ങേണ്ട സ്ഥിതിയാണ്. ചില റേഷന്‍ കടകളില്‍ അരി ലഭിച്ചെങ്കിലും ആട്ടയും ഗോതമ്പും കിട്ടിയില്ല. റേഷന്‍കാര്‍ഡുകള്‍ പുതുക്കുന്നതിനായി പോയതിനാല്‍ പഴയ കാര്‍ഡുകള്‍ ഉപയോഗിച്ചാണ് ഉപഭോക്താക്കള്‍ കടയിലെത്തുന്നത്. എ.പി.എല്‍, ബി.പി.എല്‍ തരംതിരിവും ഉപഭോക്താക്കളെ വലക്കുന്നു. പാവപ്പെട്ടവരാണ് സര്‍ക്കാറിന്റെ തരംതിരിവില്‍ നെട്ടോട്ടമോടുന്നത്. ബാങ്കുകളിലും എ.ടി.എമ്മുകളിലും ചെന്നാല്‍ പണവുമില്ല. റേഷന്‍ കടകളിലോ മാവേലി സ്റ്റോറുകളിലോ ചെന്നാല്‍ അരിയുമില്ല. കേന്ദ്രസര്‍ക്കാരിന്റെ പുതിയ സാമ്പത്തിക നയം സാധാരണക്കാരെ കുത്തുപാള എടുപ്പിക്കുകയാണ്. എന്നാല്‍ ചില ബാങ്കുകളുടെ പിന്നാമ്പുറം വഴി പണമൊഴുകുന്നുവെന്നും പരാതിയുണ്ട്. ദേശസാല്‍കൃത ബാങ്കുകളില്‍ സ്ത്രീകളും വൃദ്ധരും ഉള്‍പ്പെടെയുള്ളവരുടെ വരികള്‍ക്ക് കുറവൊന്നുമില്ലെങ്കിലും പല ബാങ്കുകളിലും ഇടപാടുകാര്‍ ജീവനക്കാരുമായി തര്‍ക്കവും സംഘര്‍ഷവും പതിവായിരിക്കുകയാണ്.
മിക്ക പഞ്ചായത്തുകളിലും മിക്ക റേഷന്‍കടകളിലും കരിഞ്ചന്ത നടക്കുന്നതായി ജില്ലാ സപ്ലൈ ഓഫീസര്‍ക്കു പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് ഉപഭോക്താക്കള്‍ പറയുന്നു. അസംഘടിത മേഖലയുള്‍പ്പെടെ കെട്ടിട നിര്‍മ്മാണം, മണ്ണ്, മണല്‍, കല്ല് തൊഴിലുകളെയെല്ലാം പ്രതിസന്ധി ബാധിച്ചിരിക്കുന്നു. തേങ്ങ, അടയ്ക്ക, വാഴപ്പഴം തോട്ടം മേഖലകളിലും പച്ചക്കറിയും ഇടപാട് നിലച്ചു. ഗ്രാമങ്ങളിലെ പലചരക്ക് കടകളിലും പൊതുവിതരണ കേന്ദ്രങ്ങളിലും നിത്യോപയോഗ സാധനങ്ങള്‍ക്ക് മാന്ദ്യം രൂക്ഷമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."