നോട്ട് നിരോധനം; വ്യാപാരമേഖലയുടെ നഷ്ടം 70 % രണ്ട് രക്തസാക്ഷികളും
പത്ത് ശതമാനം വരുന്ന വന്‍കിട വ്യാപാരികളുടെ ബിസിനസില്‍ വര്‍ധന; അതേസമയം ബാക്കി വരുന്ന ഇടത്തരം-ചെറുകിട വ്യാപാരികളുടെ ബിസിനസില്‍ 70 ശതമാനത്തിന്റെ തകര്‍ച്ച. നോട്ട് ദുരിതത്തിന്റെ അന്‍പത് ദിനം പിന്നിട്ടപ്പോള്‍ ജീവനെടുത്തത് രണ്ടു വ്യാപാരികളുടെയും. സംസ്ഥാനത്തെ ലക്ഷക്കണക്കിന് വ്യാപാരികളും അതിലേറെ തൊഴിലാളികളും കഴിഞ്ഞ അന്‍പതു ദിവസമായി കടന്നുപോകുന്ന ജീവിതദുരിതം വിവരണാതീതമാണ്.
‘ചിട്ടികളും കൈയിലുള്ള പണവുമൊക്കെ ഉപയോഗിച്ചാണ് ഞങ്ങളില്‍ ഏറെപ്പേരും കച്ചവടം ചെയ്തിരുന്നത്. അടുത്ത ദിവസം പണം എത്തിക്കുമെന്ന ഉറപ്പില്‍ ചെക്ക് നല്‍കിയായിരുന്നു ചരക്കെടുത്തിരുന്നത്. എന്നാല്‍ ചെക്ക് നല്‍കിയാലും പണം ബാങ്കില്‍ നിന്നു കിട്ടാതാകുകയും ചിട്ടിക്കാശ് മുടങ്ങുകയും ചെയ്തതോടെ ഊഹക്കച്ചവടം പൂര്‍ണമായും തകര്‍ന്നു. ഇതോടെ വ്യാപാരമേഖല സ്തംഭിച്ചു.’ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്‍ പറയുന്നു.
നോട്ട് നിരോധനം നിലവില്‍ വന്ന നവംബര്‍ എട്ടു വരെയുള്ളതിനേക്കാള്‍ 70 ശതമാനം വരുമാനക്കുറവാണ് ചെറുകിട, ഇടത്തരം വ്യാപാരമേഖലയ്ക്കുണ്ടായത്. നിരവധി തൊഴിലാളികളെ നിര്‍ത്തി വ്യാപാരം നടത്തുന്ന ടെക്‌സ്‌റ്റൈല്‍സ് മേഖലയും മറ്റും തൊഴിലാളികളുടെ എണ്ണം കുറച്ചു പിടിച്ചുനില്‍ക്കാന്‍ ശ്രമം നടത്തി. ഇത്തരം നിരവധി സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്.
കൈയില്‍ പണം സൂക്ഷിച്ച് വ്യാപാരം നടത്തുന്നവരാണ് സംസ്ഥാനത്തെ 60 ശതമാനം കച്ചവടക്കാരും. ചില കച്ചവടക്കാര്‍ ഒരു ദിവസം തന്നെ ഇങ്ങനെ ലക്ഷങ്ങളുടെ കൊടുക്കല്‍വാങ്ങലാണ് നടത്തേണ്ടത്. പഴയ നോട്ടുകള്‍ക്കു നിരോധനം വന്നതും പുതിയ നോട്ടുകള്‍ ആവശ്യത്തിനു ലഭിക്കാതായതും ഇത്തരം വ്യാപാരികളുടെ കച്ചവടത്തെയും ബാധിച്ചു. കര്‍ഷകരില്‍ നിന്നു കാര്‍ഷിക ഉല്‍പ്പനങ്ങള്‍ എടുത്താലും നല്‍കാന്‍ പണമില്ല. ചെക്ക് കൊടുത്താലൊന്നും സാധാരണക്കാരുടെ ആവശ്യം നടക്കാത്തതിനാല്‍ പലരും മലഞ്ചരക്കുകള്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നതില്‍ നിന്നു വിട്ടുനിന്നു. ഇതെല്ലാം പ്രതികൂലമായി ബാധിച്ചത് ലക്ഷക്കണക്കിന് വ്യാപാരികളേയും അവരുടെ കുടുംബങ്ങളേയുമാണ്.
അതേസമയം വന്‍കിട മാളുകളിലെ വ്യാപാരത്തില്‍ നോട്ട് നിരോധനത്തിന്റെ 50 ദിവസത്തിനുള്ളില്‍ വന്‍ വര്‍ധനയാണുണ്ടായത്. സൈ്വപിങ് മെഷീനും ഡിജിറ്റല്‍ കറന്‍സിയുമൊക്കെ ഉപയോഗിച്ചുള്ള കച്ചവടമാണ് ഇതിനു കാരണം. സ്വര്‍ണവ്യാപാരമേഖലയിലും കച്ചവടം കാര്യമായി കുറഞ്ഞില്ല.
നോട്ട് പ്രതിസന്ധിയില്‍ വായ്പ തിരിച്ചടക്കാനാകാത്ത വിഷമത്തില്‍ ജീവനൊടുക്കിയ കോട്ടയം ചങ്ങനാശേരി വാഴപ്പിള്ളി സ്വദേശി സി.പി നാരായണന്‍ നമ്പൂതിരി(54) ആണ് വ്യാപാരികളിലെ ആദ്യ രക്തസാക്ഷി. രണ്ടാമത്തെ രക്തസാക്ഷി കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി വിളക്കോട്ടെ എ.സി.സി സിമന്റെ് ഡീലറായ മുഴക്കുന്ന് കൃഷ്ണാനിലയത്തില്‍ കെ.ബാബു(42) ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."