തളിപ്പറമ്പ് സി.എച്ച് സെന്റര്‍ ഫിസിയോതെറാപ്പി ആന്റ് റീഹാബിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം നാളെ
കണ്ണൂര്‍: ആതുരസേവന രംഗത്ത് പരിയാരം മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് ജനകീയ കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുന്ന തളിപ്പറമ്പ് സി.എച്ച് സെന്ററില്‍ ഫിസിയോതെറാപ്പി ആന്റ് റിഹാബിലിറ്റേഷന്‍ ക്ലിനിക്കിന്റെയും മെട്രോപൊളിസ് ലാബിന്റെയും ഉദ്ഘാടനം നാളെ നടക്കും. വൈകുന്നേരം നാലിനു ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഇന്ത്യയിലെ പ്രശസ്ത പാതോളജി സേവനദാതാക്കളായ മെട്രോപൊളിസുമായി സഹകരിച്ചാണ് ലബോറട്ടി സംവിധാനം ഒരുക്കിയിരിക്കുന്നത്.
നിലവില്‍ സി.എച്ച് സെന്ററില്‍ 14 ഡയാലിസിസ് മെഷിനുകളോടെ പ്രതിദിനം രണ്ട് ഷിഫ്റ്റുകളിലായി 28 പേര്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്തു നല്‍കുന്നുണ്ട്. കൂടാതെ മയ്യിത്ത് പരിപാലന കേന്ദ്രം, മിതമായ നിരക്കില്‍ പ്രവര്‍ത്തിക്കുന്ന മൂന്നു ആംബുലന്‍സുകള്‍, നിര്‍ധന രോഗികള്‍ക്ക് സൗജന്യ മരുന്നു വിതരണം, 800 പേരടങ്ങിയ രക്തദാന സേന, ആശുപത്രികളില്‍ കൂടെ നില്‍ക്കുന്നവര്‍ക്ക് ഭക്ഷണ വിതരണം എന്നിവ നടക്കുന്നുണ്ട്.
സി.എച്ച് സെന്റര്‍ വിപുലീകരണത്തിന്റെ ഭാഗമായി തളിപ്പറമ്പില്‍ കാരുണ്യ ഫാര്‍മസി, ആധുനിക രീതിയിലുള്ള എക്‌സ്‌റേ, സ്‌കാനിങ്, മാമോഗ്രാഫി, എക്കോ കാര്‍ഡിയോഗ്രാം, ടി.എം.ടി തുടങ്ങിയ സംവിധാനങ്ങളോടെയുള്ള ഡയഗ്നോസ്റ്റിക് സെന്റര്‍ എന്നിവ ആരംഭിക്കും. ഡയാലിസിസ് ടെക്‌നീഷ്യന്‍ കോഴ്‌സ് ഉള്‍പ്പെടെയുള്ള പാരാമെഡിക്കല്‍ കോഴ്‌സുകള്‍ അടങ്ങുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങാനും പദ്ധതിയുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ സി.എച്ച് സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരിം ചേലേരി, വൈസ് പ്രസിഡന്റ് കെ മുസ്തഫ ഹാജി, സെക്രട്ടറിമാരായ ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, സി.പി അബ്ദുല്ല, അള്ളാംകുളം മഹമ്മൂദ്, ട്രഷറര്‍ കെ.ടി സഹദുല്ല പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."