ഓര്‍മ്മയായത് കളിക്കളത്തിലെ മിന്നല്‍പ്പിണര്‍
കണ്ണൂര്‍: സി.എം ചിദാനന്ദനെന്ന ഫുട്‌ബോളര്‍ കളിക്കളത്തിലെ മിന്നല്‍പ്പിണറായിരുന്നു. ചടുലനീക്കങ്ങളിലൂടെ കണ്ണൂരിനെ ത്രസിപ്പിച്ച ലോകോത്തര നിലവാരമുള്ള കണ്ണൂരിലെ ആദ്യകാല കളിക്കാരനെയാണ് ചിദാനന്ദന്റെ വിയോഗത്തിലൂടെ നാടിനു നഷ്ടമായത്. മുന്‍കേരള സന്തോഷ് ട്രോഫി ക്യാപ്ടനുമായിരുന്ന താളിക്കാവിലെ സി.എം ചിദാനന്ദന്‍(76) അമേരിക്കയില്‍ നിന്നാണ് കഴിഞ്ഞദിവസം മരണമടഞ്ഞത്. ചെന്നൈയില്‍ സ്ഥിരതാമസമായിരുന്ന അദ്ദേഹം അമേരിക്കയിലെ വിര്‍ജിനിയയില്‍ മക്കളോടൊപ്പം താമസിക്കാന്‍ പോയതായിരുന്നു. എം.ആര്‍.സി വെല്ലിങ്ടണ്‍സേട്ട് നാഗ്ജി ട്രോഫി നേടിക്കൊടുത്ത ആദ്യ മലയാളി ക്യാപ്റ്റനാണ്. കണ്ണൂര്‍ ബ്രദേഴ്‌സ് ക്ലബ്ബിലൂടെ കളിച്ചു വളര്‍ന്ന ചിദാനന്ദന്‍ അക്കാലത്തെ ഏറ്റവും മൂര്‍ച്ചയേറിയ മുന്നേറ്റ നിരക്കാരനായാണ് അറിയപ്പെട്ടത്. 1962,63 വര്‍ഷത്തെ ജില്ലാ ലീഗ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് നേടിയ ബ്രദേഴ്‌സ് ക്ലബില്‍ പ്രധാന കളിക്കാരനായിരുന്നു. 1961 മുതല്‍ നാലു വര്‍ഷം സന്തോഷ് ട്രോഫിക്കു വേണ്ടി കളിച്ചു. 1961ല്‍ കോഴിക്കോട്ട് നടന്ന ദേശീയ ഫുട്‌ബോളില്‍ മൂന്നാംസ്ഥാനക്കാര്‍ക്കുള്ള സമ്പങ്കി ട്രോഫി പങ്കിട്ട കേരള ടീമില്‍ അംഗമായിരുന്നു. ബ്രദേഴ്‌സ് ക്ലബില്‍ നിന്നു മോഹന്‍ ബാഗാനിലേക്കും സര്‍വിസസ്, എം.ആര്‍.സി വെല്ലിങ്ടണ്‍ ക്ലബുകളിലേക്കും നീണ്ട കരിയറായിരുന്നു ചിതാനന്ദന്റെത്.അവസാനമായി ബൂട്ടണിഞ്ഞ ക്ലബ്ബ് മദ്രാസ് റെജിമെന്ററി ക്ലബായിരുന്നു. കളിയില്‍ നിന്ന് വിരമിച്ചതിനു ശേഷം ഇരുപതു വര്‍ത്തോളം ഗള്‍ഫിലായിരുന്നു. പിന്നീട് ചെന്നൈയിലേക്ക് താമസം മാറ്റി. കണ്ണൂര്‍ ജില്ലാ വെറ്ററന്‍സ്് ഫുട്‌ബോളേഴ്‌സ് ഫോറം അംഗമാണ്. ഫുട്‌ബോള്‍ താരമായ സി.എം തീര്‍ഥാനന്ദന്‍, രഞ്ജി ക്രിക്കറ്റ് ടീം മുന്‍ ക്യാപ്്ടനായിരുന്ന സി.എം അശോക് ശേഖര്‍ എന്നിവര്‍ സഹോദരങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."