കുറ്റ്യാടി തെങ്ങുകള്‍ വിസ്മൃതിയിലേക്ക്
കോഴിക്കോട്: വിഖ്യാതമായ കുറ്റ്യാടി തെങ്ങുകള്‍ വിസ്മൃതിയിലേക്ക്. രോഗങ്ങള്‍, കൃഷി ചെയ്യുന്നവരുടെ കുറവ്, വിലയിടിവ് തുടങ്ങിയവ ഇത്തരം തെങ്ങുകളുടെ നാശത്തിന് ആക്കംകൂട്ടുകയാണ്. നിറയെ കായ്ഫലംതരുന്ന തെങ്ങിന്‍തോപ്പുകള്‍ ഒരുകാലത്ത് കുറ്റ്യാടി മേഖലയിലെ മനോഹരകാഴ്ചയായിരുന്നു. മറ്റ് ഇനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കുറ്റ്യാടി തെങ്ങും തേങ്ങകളും ഏറെ സവിശേഷതയുള്ളവയാണ്. കാമ്പ് കൂടുതലുള്ളതും ഗുണമേന്‍മയുള്ള വെളിച്ചെണ്ണ ലഭിക്കുന്നതുമായ തേങ്ങയാണിവ. വിത്ത് തേങ്ങകള്‍ക്കായും ഇവ വ്യാപകമായി ഉപയോഗിക്കാറുണ്ട്. കുറ്റ്യാടിക്കടുത്ത കാവിലുംപാറ, മരുതോങ്കര, കായക്കൊടി, നരിപ്പറ്റ, ചക്കിട്ടപ്പാറ, പൂഴിത്തോട് എന്നിവിടങ്ങളിലാണ് ഇത്തരം തെങ്ങുകള്‍ കൂടുതലായുള്ളത്. പേരാമ്പ്ര, ഉള്ള്യേരി, പനങ്ങാട് ഭാഗങ്ങളിലും തെങ്ങുകളുണ്ട്.
കേരളത്തിന്റെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ മേഖലയിലെ മണ്ണും കാലാവസ്ഥയുമെല്ലാം തെങ്ങിന്റെ വളര്‍ച്ചയ്ക്കും ഫലസമൃദ്ധിക്കും ഏറെ സഹായകമായിരുന്നു. രണ്ട് പതിറ്റാണ്ട് മുന്‍പ് തെങ്ങുകളുടെ അന്തകനായെത്തിയ മണ്ഡരി രോഗം ഈ മേഖലയെ ബാധിച്ച അര്‍ബുദമായിരുന്നു. അതിന്റെ ദൂഷ്യഫലങ്ങള്‍ ഇപ്പോഴും കുറ്റ്യാടി തെങ്ങുകളെ വിട്ടുമാറിയിട്ടില്ല. പിന്നീട് കാറ്റുവീഴ്ച, തഞ്ചാവൂര്‍ വാട്ടം തുടങ്ങിയ രോഗങ്ങളും ഇവിടുത്തെ തെങ്ങുകളെ ബാധിച്ചു. അതിനുപുറമെ ഇപ്പോഴത്തെ കാലാവസ്ഥാ വ്യതിയാനവും നാശത്തിനിടയാക്കി. വേണ്ടത്ര മഴ ലഭിക്കാത്തതും ഇത്തരം തെങ്ങുകളെ ബാധിച്ചു. മഴയുടെ അളവ് കുറഞ്ഞത് ഇത്തവണയും തെങ്ങിനെ ബാധിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. നഗരവല്‍കരണവും ജനസാന്ദ്രതയും തെങ്ങ് കൃഷി കുറയുന്നതിന് കാരണമായി. വീടും മറ്റ് കെട്ടിടങ്ങളും നിര്‍മിക്കുമ്പോഴും തെങ്ങുകളാണ് ഏറെയും നശിപ്പിക്കപ്പെടുന്നത്. തേങ്ങയുടെ വിലയിടിവ് കര്‍ഷകരെ ദുരിതത്തിലാക്കിയ സമയത്തുതന്നെയാണ് നോട്ട് നിരോധന പ്രതിസന്ധിയും വന്നത്. നേരത്തേ കൃഷി ഭവനുകള്‍ വഴി കര്‍ഷകരില്‍ നിന്ന് തേങ്ങ സംഭരിച്ചിരുന്നു. എന്നാല്‍ ഇതിന്റെ പണം ഇപ്പോഴും കൊടുത്തുതീര്‍ത്തിട്ടില്ല. അതിനാല്‍ കുറ്റ്യാടി തേങ്ങ സംഭരിക്കാനുള്ള സമഗ്രപദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കണമെന്നതാണ് കര്‍ഷകരുടെ പ്രധാന ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."