മൂന്നുമാസത്തെ കാത്തിരിപ്പിന് ശേഷം സ്വപ്‌നങ്ങള്‍ ബാക്കിവച്ച് അഭയകേന്ദ്രത്തില്‍ നിന്നും കാര്‍ലീനയും ഷര്‍മിളയും മടങ്ങി
ജിദ്ദ: നിയമക്കുരുക്കുകളില്‍ കുരുങ്ങി മൂന്നു മാസത്തോളം വനിതാ അഭയകേന്ദ്രത്തില്‍ താമസിച്ച കാര്‍ലീനയും ഷര്‍മിളയും നാട്ടിലേക്ക് മടങ്ങി. ഇന്ത്യക്കാരായ രണ്ട് വീട്ടുജോലിക്കാരികളാണ് ജീവകാരുണ്യപ്രവര്‍ത്തകരുടെയും, ഇന്ത്യന്‍ എംബസ്സിയുടെയും സഹായത്തോടെ മടങ്ങിയത്.
തമിഴ്‌നാട് ചെന്നൈ സ്വദേശിനിയായ കാര്‍ലീന ഒന്നരവര്‍ഷം മുന്‍പാണ് ദമ്മാമിലെ ഒരു സ്വദേശി പൗരന്റെ വീട്ടില്‍ ഹൗസ് മൈഡ് വിസയില്‍ ജോലിയ്‌ക്കെത്തിയത്.
ആദ്യം മുതലേ തന്നെ സ്‌പോണ്‍സറുടെ ഭാര്യ വളരെ മോശമായാണ് പെരുമാറിയിരുന്നത് എന്ന് കാര്‍ലീന പറയുന്നു. ശമ്പളം കൃത്യമായി കിട്ടിയിരുന്നെങ്കിലും, എന്ത് ജോലിയിലും കുറ്റം കണ്ടു പിടിച്ച് എപ്പോഴും വഴക്കും മര്‍ദ്ദനവും പതിവായിരുന്നു. കുടുംബത്തെയോര്‍ത്ത് കാര്‍ലീന ആ വീട്ടില്‍ ഒരു വര്‍ഷത്തിലധികം പിടിച്ചു നിന്നു.
എന്നാല്‍ ക്രമേണ സ്‌പോണ്‍സറുടെ ഭാര്യയുടെ ദേഹോപദ്രവം കൂടിയപ്പോള്‍ വീട്ടില്‍ നിന്നും പുറത്തുകടന്ന അവര്‍, അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പോയി പരാതി പറഞ്ഞു. തുടര്‍ന്ന് പൊലിസ് ദമ്മാമിലെ വനിത അഭയകേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു.
ആന്ധ്രാപ്രദേശ് വിശാഖപട്ടണം സ്വദേശിനിയായ ഷര്‍മിള എട്ടു മാസങ്ങള്‍ക്കു മുന്‍പാണ്, നാട്ടിലെ ഒരു വിസ ഏജന്റിന്റെ സഹായത്തോടെ, ദമ്മാമില്‍ ഒരു സഊദി പൗരന്റെ വീട്ടില്‍ ജോലിക്കാരിയായി എത്തിയത്.
അഞ്ചു മാസത്തോളം കഠിനമായി ജോലി ചെയ്യിച്ചെങ്കിലും ആ വീട്ടുകാര്‍ ഒരു റിയാല്‍ പോലും ശമ്പളമായി നല്‍കിയില്ല. തുടര്‍ന്ന് ഷര്‍മിള ദമ്മാമിലെ ഇന്ത്യന്‍ എംബസ്സി വോളന്റീര്‍ ഹെല്‍പ്പ്‌ഡെസ്‌ക്കില്‍ പോയി പരാതി പറഞ്ഞു.
അവര്‍ പോലീസിന്റെ സഹായത്തോടെ ഷര്‍മിളയെ ദമ്മാമിലെ വനിത അഭയകേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു.
വനിത അഭയകേന്ദ്രഅധികാരികള്‍ അറിയിച്ചത് അനുസരിച്ച് അവിടെയെത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്‍, രണ്ടുപേരുടെയും കേസ് ഏറ്റെടുക്കയും, ഇന്ത്യന്‍ എംബസ്സിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.
മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരും രണ്ടുപേരുടെയും സ്‌പോണ്‍സര്‍മാരെ ബന്ധപ്പെട്ടെങ്കിലും യാതൊരു സഹകരണത്തിനും തയ്യാറാകാതെ അവര്‍ കൈയ്യൊഴിഞ്ഞു.
തുടര്‍ന്ന് മഞ്ജു മണിക്കുട്ടന്‍ ഇന്ത്യന്‍ എംബസ്സി വഴി ഇവര്‍ക്ക് ഔട്ട്പാസ്സ് എടുത്തു കൊടുക്കുകയും, വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനല്‍ എക്‌സിറ്റ് അടിച്ചു വാങ്ങുകയും ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."