നിയമം ലംഘിക്കുന്നവര്‍ക്ക് ഊരാക്കുരുക്കുമായി സഊദി ഗതാഗതവകുപ്പ്
ജിദ്ദ: റോഡ് നിയമം ലംഘിക്കുന്നവരോട് യാതൊരു ദാക്ഷണ്യവും വേണ്ടെന്ന് സഊദി ഗതാഗതവകുപ്പ്. തവണകളായി പിഴ അടയ്ക്കാന്‍ അനുവദിക്കില്ല. അതുപോലെ തന്നെ ഒരാള്‍ക്കുമേല്‍ ചുമത്തിയ പിഴയില്‍ ഇളവ് അനുവദിക്കുകയോ റദ്ദാക്കുകയോ ചെയ്യില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ട്വിറ്ററിലൂടെ ഉന്നയിച്ച ചില ചോദ്യങ്ങള്‍ക്ക് ഉത്തരമായാണ് ഗതാഗത വകുപ്പ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഗതാഗത തര്‍ക്കം പരിഹരിക്കാന്‍ നിശ്ചിത സമയം അനുവദിക്കാനാകില്ല. എതിരഭിപ്രായങ്ങള്‍ ഉളളവര്‍ക്ക് അബ്ഷര്‍ സംവിധാനത്തിലൂടെയോ തര്‍ക്ക പരിഹാര സമിതിയിലൂടെയോ അക്കാര്യം അറിയിക്കാവുന്നതാണ്. വാഹനമോടിക്കുമ്പോള്‍ ഫോണ്‍ കയ്യിലെടുത്ത് സംസാരിക്കുന്നവരില്‍നിന്ന് പിഴ ഈടാക്കും. അതേസമയം സ്പീക്കറിലൂടെ സംസാരിക്കുന്നവരില്‍നിന്ന് പിഴ ഈടാക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു ദിവസം തടവ് അനുഭവിക്കേണ്ടി വരും. ലൈസന്‍സ് കാലാവധി അവസാനിച്ച് അറുപതുദിവസത്തിനു ശേഷമേ പിഴ ഈടാക്കൂ. സീബ്രാ ലൈനില്‍ വാഹനം നിര്‍ത്തുന്നതും ഗതാഗത നിയമലംഘനമാണ്. ആംബുലന്‍സ് അടക്കമുളള അടിയന്തര വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ചുവന്ന ലൈറ്റ് മറി കടക്കുന്നത് നിയമലംഘനമാകില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ റോഡപകടങ്ങള്‍ നടക്കുന്ന സ്ഥലമാണ് സഊദി അറേബ്യ. പ്രതിദിനം 1400 അപകടങ്ങള്‍ ഇവിടെയുണ്ടാകുന്നുണ്ട്. 20 പേര്‍ മരിക്കുന്നു. 35 പേര്‍ക്ക് അംഗവൈകല്യവുമുണ്ടാകുന്നുണ്ടെന്ന് വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."