രാജ്യത്ത് 21 എംബാര്‍ക്കേഷന്‍ പോയിന്റുകള്‍; കേരളത്തിന്റേത് കരിപ്പൂര്‍ തന്നെ; അനുമതി ലഭിക്കുമെന്ന് പ്രതീക്ഷ
കൊണ്ടോട്ടി: കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ 31 ഹജ്ജ് കമ്മിറ്റികള്‍ക്ക് കീഴില്‍ ഇത്തവണ ഹജ്ജ് സര്‍വിസിനായി 21 എംബാര്‍ക്കേഷന്‍ പോയിന്റുകള്‍. കേരളത്തില്‍ കരിപ്പൂര്‍ വിമാനത്താവളം തന്നെയാണ് ഇത്തവണ എംബാര്‍ക്കേഷന്‍ പോയിന്റായി കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രഖ്യാപിച്ചിട്ടുള്ളത്. കേന്ദ്ര ഹജ്ജ് കമ്മിറ്റി പുറത്തിറക്കിയ ഹജ്ജ് ഗൈഡ്‌ലൈനില്‍ എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ ഒന്‍പതാമതായാണ് കരിപ്പൂരിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചാല്‍ മാത്രമെ കരിപ്പൂരില്‍ ഹജ്ജ് സര്‍വിസ് നടത്താനാവുകയുള്ളൂ. എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ പുനഃസ്ഥാപിക്കാനായി ജനുവരി അവസാനത്തോടെ കേന്ദ്ര വ്യോമയാന മന്ത്രി അശോക്ഗജപതി രാജുവിനെ നേരിട്ട് കാണാനാണ് സംസ്ഥാന സര്‍ക്കാറിന്റെ ശ്രമം. 320, 350 പേര്‍ക്ക് വീതം സഞ്ചരിക്കാവുന്ന വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചാല്‍ കരിപ്പൂരില്‍ ഹജ്ജ് സര്‍വിസ് പുനഃസ്ഥാപിക്കാനാവും. നേരത്തെ ഇത്തരം വിമാനങ്ങള്‍ ഉപയോഗിച്ച് എയര്‍ഇന്ത്യയും സഊദി എയര്‍ലൈന്‍സും കരിപ്പൂരില്‍ നിന്ന് ഹജ്ജ് സര്‍വിസ് നടത്തിയിട്ടുണ്ട്. നിലവില്‍ 200 ല്‍ താഴെ യാത്രക്കാരെ മാത്രം വഹിക്കാന്‍ സാധിക്കുന്ന വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഇവിടെ നിന്ന് ഗള്‍ഫ് മേഖലയിലേക്ക് സര്‍വിസ് നടത്തുന്നത്.
കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വെ ബലപ്പെടുത്തുന്ന ജോലികള്‍ നടക്കുന്നതിനാല്‍ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതിയില്ല. ഇതു കാരണം രണ്ട് വര്‍ഷമായി നെടുമ്പാശേരിയില്‍ നിന്നാണ് ഹജ്ജ് വിമാന സര്‍വിസ് നടത്തുന്നത്. ഹാജിമാരില്‍ ഭൂരിഭാഗവും മലബാറില്‍ നിന്നുള്ളവരായതിനാല്‍ കരിപ്പൂരില്‍ നിന്ന് സര്‍വിസ് പുനഃസ്ഥാപിക്കാനാണ് സര്‍ക്കാറിന്റെ ശ്രമം. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പേരിലും റണ്‍വെ നീളം കൂട്ടുന്നതുമാണ് കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ ലാന്റിങിന് തടസമായി നില്‍ക്കുന്നത്. റണ്‍വെയുടെ ജോലി അവസാന മിനുക്ക് പണിയിലാണ്. ഇതാണ് ഇപ്പോള്‍ പ്രതീക്ഷ നല്‍കുന്നത്.
പുതിയ സംസ്ഥാനമായ തെലങ്കാന ഉള്‍പ്പടെയാണ് ഇത്തവണ 31 ഹജ്ജ് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ നിന്ന് സംസ്ഥാനത്തിന് പുറമെ ലക്ഷദ്വീപ്,മാഹി എന്നിവിടങ്ങളില്‍ നിന്നുള്ളവരും യാത്രയാവും. മദീന,ജിദ്ദ വിമാനത്താവളങ്ങളിലേക്കാവും ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ യാത്ര. ജിദ്ദയിലേക്ക് പോകുന്നവരുടെ മടക്കം മദീന വഴിയും, മദീനയിലേക്ക് പോകുന്നവരുടെ മടക്കം ജിദ്ദവഴിയുമാണ് ക്രമീകരിക്കുന്നത്. ജൂലായ് 25 മുതല്‍ ഇന്ത്യയില്‍ നിന്നുളള ഹജ്ജ് സര്‍വിസുകള്‍ ആരംഭിക്കും. ആഗസ്റ്റ് 26നാണ് സര്‍വിസുകള്‍ അവസാനിക്കുക. തീര്‍ഥാടനം കഴിഞ്ഞുള്ള മടക്കയാത്ര സെപ്തംബര്‍ നാലു മുതല്‍ ഒക്ടോബര്‍ നാലു വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഹജ്ജ് സര്‍വിസ് നടത്തുന്നതിനായി വിമാന കമ്പനികളില്‍ നിന്നുള്ള ക്വട്ടേഷന്‍ ഫെബ്രുവരിയില്‍ ക്ഷണിക്കും.
ആദ്യദിനങ്ങളില്‍ ലഭിച്ചത് 90 അപേക്ഷകള്‍
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജ് യാത്രക്കായി ആദ്യദിനങ്ങളില്‍ തന്നെ ലഭിച്ചത് 90 അപേക്ഷകള്‍. 67 കവറുകളിലായി 90 പേരാണ് ഇതിനകം അപേക്ഷ നല്‍കിയത്. തിങ്കളാഴ്ച മുതലാണ് ഹജ്ജ് അപേക്ഷാഫോറം വിതരണം ആരംഭിച്ചത്. തിങ്കളാഴ്ച 23 അപേക്ഷകള്‍ ലഭിച്ചിരുന്നു.
രണ്ടു ദിവസത്തിനിടെ തന്നെ ആയിരത്തോളം അപേക്ഷാഫോറങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. പൂരിപ്പിച്ച അപേക്ഷകള്‍ ഈ മാസം 24നകം കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ എത്തിച്ചിരിക്കണം. അപേക്ഷകര്‍ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം ഉപയോഗപ്പെടുത്തണമെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു. അപേക്ഷകരെ സഹായിക്കുന്നതിനായി മുഴുവന്‍ ജില്ലകളിലും ട്രെയിനര്‍മാരെ നിയമിച്ചിട്ടുണ്ട്. ഇവരുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ സ്വീകരിക്കണമെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു.
ഹജ്ജ് അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനായി അക്ഷയ, ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസില്‍ പരിശീലനം നല്‍കി. ഹജ്ജ് അസി.സെക്രട്ടറി ടി.കെ അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. കോഓഡിനേറ്റര്‍ എന്‍.പി ഷാജഹാന്‍ അധ്യക്ഷനായി. അസൈന്‍ പുളിക്കല്‍ ക്ലാസ്സെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."