മാലിന്യനിര്‍മാര്‍ജന പദ്ധതിയുമായി അരീക്കോട് പഞ്ചായത്ത്
അരീക്കോട്: മാലിന്യം നീക്കംചെയ്യുന്നതിനായി വാങ്ങിയ ട്രാക്ടര്‍ കട്ടപ്പുറത്തായെങ്കിലും അരീക്കോടിനെ ക്ലീനാക്കാന് മാലിന്യ നിര്‍മാര്‍ജന പദ്ധതിയുമായി പഞ്ചായത്ത് വീണ്ടും മുന്നിട്ടിറങ്ങുന്നു. ടൗണുകളിലും പരിസര പ്രദേശങ്ങളിലുമുള്ള മാലിന്യങ്ങള്‍ കുഴിയെടുത്തു മണ്ണിട്ട് മൂടാനാണ് പഞ്ചായത്തിന്റെ തീരുമാനം.
മാലിന്യം നീക്കംചെയ്യാനായി 1995ല്‍ വാങ്ങിയ ട്രാക്ടര്‍ കട്ടപ്പുറത്തായതോടെ പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും മാലിന്യ പ്രശ്നം രൂക്ഷമായിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ബോര്‍ഡ് യോഗത്തില്‍ പുതിയ പദ്ധതിക്കു രൂപംനല്കിയത്. ട്രാക്ടര്‍ ജീവനക്കാരനു വേതനം നല്കാന് സാധിക്കാതായതോടെയാണ് ട്രാക്ടര്‍ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് പരിസരത്തേക്കു മാറ്റിയത്. 10 വര്‍ഷമായി ഉപയോഗിക്കാതിരുന്നതോടെ ഇതു തുരുമ്പെടുത്ത് നശിക്കുകയും ചെയ്തു.
മാലിന്യ നിര്‍മാര്‍ജനത്തിലൂടെ നിര്‍മല്‍ പുരസ്കാരം ലഭിച്ച അരീക്കോട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാലിന്യം കുന്നുകൂടിയതായി പരാതി ഉയര്‍ന്നിരുന്നു. പുതിയ തീരുമാനം ഏറെയും ഗുണംചെയ്യുക സ്റ്റേഡിയം പരിസരത്തെ ആളോട്ടിപ്പാറ നീര്‍ത്തട പദ്ധതിയില്‍ ഉള്‍പ്പെടുന്ന സ്ഥലത്തിനായിരിക്കും. കുടിവെള്ളക്കിണറിന് സമീപത്തെ മാലിന്യക്കുളവുമായി ബന്ധപ്പെട്ടു സുപ്രഭാതം വാര്‍ത്ത നല്‍കിയതോടെ കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റ് അമ്പായത്തിങ്ങല്‍ മുനീറയും ആരോഗ്യവകുപ്പ് അധികൃതരും ഇവിടെയെത്തിയിരുന്നു. ശേഷം ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."