ബി.ജെ.പി പിന്തുണച്ചു; യു.ഡി.എഫ് വിമത കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ്
ബേഡകം: കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റായി ബി.ജെ.പി പിന്തുണയോടെ കോണ്‍ഗ്രസ് വിമത പി.ജെ ലിസിയെ തെരഞ്ഞെടുത്തു. ഇന്നലെ രാവിലെ പഞ്ചായത്ത് ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ലിസി ഒന്‍പതുവോട്ടും ഇടതുമുന്നണിയിലെ ഓമനാ ബാലകൃഷ്ണന്‍ ഏഴു വോട്ടും നേടി. സി.പി.എമ്മിലെ എന്‍.ടി ലക്ഷ്മിയെ അവിശ്വാസ പ്രമേയത്തിലൂടെ പ്രസിഡന്റ് സ്ഥാനത്തു നിന്നു താഴെയിറക്കിയാണ് കോണ്‍ഗ്രസ് വിമത വിഭാഗം പഞ്ചായത്ത് പിടിച്ചടക്കിയത്. 16 അംഗ പഞ്ചായത്തില്‍ സി.പി.എമ്മിന് ആറും സി.പി.ഐക്ക് ഒരു സീറ്റുമാണുള്ളത്. കോണ്‍ഗ്രസിന് അഞ്ചും ആര്‍.എസ്.പിക്ക് ഒരു സീറ്റുമായിരുന്നു. ബി.ജെ.പിക്ക് മൂന്ന് അംഗങ്ങളാണുള്ളത്. വോട്ടെടുപ്പില്‍ മൂന്നു ബി.ജെ.പി അംഗങ്ങളും കോണ്‍ഗ്രസ് വിമതരും ആര്‍.എസ്.പിയും ലിസിക്കൊപ്പം നിന്നു.
കഴിഞ്ഞ വര്‍ഷം നടന്ന പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അംഗം പി ദാമോദരനെ കോണ്‍ഗ്രസ്, ആര്‍.എസ്.പി അംഗങ്ങള്‍ പിന്തുണച്ചതോടെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറി. ഇക്കാരണത്താല്‍ ലിസിയടക്കം അഞ്ചു കോണ്‍ഗ്രസ് അംഗങ്ങളെ പാര്‍ടിയില്‍ നിന്നു സസ്‌പെന്റ് ചെയ്തിരുന്നു. ഇതിനു ശേഷമാണ് ആര്‍.എസ്.പി അംഗം അടക്കമുള്ള യു.ഡി.എഫ് വിമതര്‍ ബി.ജെ.പി പിന്തുണയോടെ കുറ്റിക്കോലില്‍ ഭരണം സി.പി.എമ്മില്‍ നിന്നു പിടിച്ചെടുത്തത്. ചരിത്രത്തിലാദ്യമായാണു കുറ്റിക്കോലില്‍ സി.പി.എം കോട്ടയില്‍ യു.ഡി.എഫ് പഞ്ചായത്ത് പ്രസിഡന്റ് അധികാരത്തില്‍ വന്നിരിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റായിരുന്ന ലക്ഷ്മി പ്രതിപക്ഷ അംഗങ്ങളോടൊന്നും സഹകരിക്കാതെ ഏകപക്ഷീയമായി പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. പഞ്ചായത്തിലെ 11 ാം വാര്‍ഡായ ചൂരിത്തോടിലെ അംഗമാണു ലിസി. രണ്ടുവര്‍ഷത്തിനു ശേഷം പ്രസിഡന്റ് പദവി ബി.ജെ.പിക്കു നല്‍കുമെന്ന ധാരണയിലാണ് പിന്തുണ നല്‍കിയത്.
ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫിസറായിരുന്നു വരണാധികാരി. ഡി.വൈ.എസ്.പി എം.വി സുകുമാരന്റെ നേതൃത്വത്തില്‍ പൊലിസ് സന്നാഹം സ്ഥലത്ത് ഏര്‍പ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."