ജിഷ വധക്കേസന്വേഷണത്തില്‍ വീഴ്ച്ച ഉണ്ടായിട്ടില്ല: പട്ടികജാതി കോ -ഓര്‍ഡിനേഷന്‍ കമ്മറ്റി
പെരുമ്പാവൂര്‍: ജിഷ വധക്കേസിലെ ആദ്യ അന്വേഷണത്തില്‍ വീഴ്ച്ച ഉണ്ടായിട്ടില്ലെന്നും തെളിവ് നഷ്ടപ്പെട്ടിട്ടില്ലെന്നുമുള്ള പൊലിസ് അധികാരികളുടെ വെളിപ്പെടുത്തലും തുടര്‍ന്ന് മുഖ്യമന്ത്രി മാപ്പ് പറയണമെന്നുള്ള പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയും സംബന്ധിച്ച് മുഖ്യമന്ത്രിയും സര്‍ക്കാരും നിലപാട് വ്യക്തമാക്കണമെന്ന് പട്ടികജാതി - പട്ടികവര്‍ഗ്ഗ സംഘടന കോ - ഓര്‍ഡിനേഷന്‍ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. അന്വേഷണത്തിലുണ്ടായ വീഴ്ച്ചയുടെ അടിസ്ഥാനത്തിലാണ് അന്നത്തെ ഡി.ജി.പി സെന്‍കുമാറിനെ തല്‍സ്ഥാനത്ത് നിന്നും മാറ്റിയതെന്ന് സര്‍ക്കാര്‍ മുന്‍പ് വ്യക്തമാക്കിയിരുന്നതാണ്.
ടി.പി സെന്‍കുമാര്‍ തന്നെ ഡി.ജി.പി സ്ഥാനത്ത് നിന്നും മാറ്റിയതിനെതിരായി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഡ്രൈബ്യൂണലിന് നല്‍കിയ കേസിലുണ്ടായ ഉത്തരവില്‍ പൊലീസ് വീഴ്ച്ചയെ പറ്റി പരാമര്‍ശിച്ചിട്ടുണ്ടെന്നും കമ്മറ്റി യോഗം പറഞ്ഞു. കൂടാതെ സംസ്ഥാന പൊലീസ് ക്ലംപ്ലയന്റ് അതോറിറ്റിയുടെ നടപടികളില്‍ നിന്നും പൊലീസിന്റെ വീഴ്ച്ചകള്‍ വ്യക്തമാണ്. ഈ സാഹചര്യത്തില്‍ പൊലീസിന് വീഴ്ച്ച വന്നിട്ടില്ലെന്നുള്ള വാദം ന്യായീകരിക്കാനാകില്ലെന്നും അന്വേഷണത്തില്‍ വീഴ്ച്ചയുണ്ടെന്ന് സര്‍ക്കാര്‍ സമ്മതിക്കുന്നതിനാല്‍ കേസില്‍ പുനരന്വേഷണം അനിവാര്യമാണെന്നും യോഗം വ്യക്തമാക്കി. ജിഷ വധക്കേസില്‍ തുടരന്വേഷണം നടത്തി മുഴുവന്‍ വസ്തുതകളും പുറത്ത് കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. എം.എ കൃഷ്ണന്‍കുട്ടി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. എം.കെ അംബേദ്കര്‍, കെ.വി ശിവന്‍, ശിവന്‍ കദളി, കെ.കെ അപ്പു, എം.കെ അയ്യപ്പന്‍, പി.പി ചന്തു, കെ.എ കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."