നിയമസഭാ തെരഞ്ഞെടുപ്പ് ഗോവ: ബി.ജെ.പി ആദ്യ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു
പനാജി: ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ആദ്യപട്ടിക ബി.ജെ.പി പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് കഴിഞ്ഞ ദിവസം 21 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടത്.
ഫെബ്രുവരി നാലിനാണ് ഗോവയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മൊത്തം 40 മണ്ഡലങ്ങളാണു സംസ്ഥാനത്തുള്ളത്. 37 ഇടത്താണു ബി.ജെ.പി മത്സരിക്കുന്നത്.
ബാക്കിയുള്ള സ്ഥാനാര്‍ഥികളെ തിങ്കളാഴ്ചയോടെ പ്രഖ്യാപിക്കുമെന്ന് ബി.ജെ.പി വക്താവും ദക്ഷിണ ഗോവാ എം.പിയുമായ നരേന്ദ്ര സവായ്ക്കര്‍ പറഞ്ഞു.
പട്ടികപ്രകാരം മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍ മന്ദ്രേമില്നിന്നു ജനവിധി തേടും.
ഉപമുഖ്യമന്ത്രി ഫ്രാന്‍സിസ് ഡിസൂസ മപൂസയിലും ജലവകുപ്പ് മന്ത്രി ദയാനന്ദ് മന്ദ്രേക്കര്‍ സിയോലിമിലും ടൂറിസം മന്ത്രി ദിലീപ് പരുലേക്കര്‍ സാലിഗോവയിലും മത്സരിക്കും. കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുമായി ചര്‍ച്ച നടത്തിയ ശേഷമാണു സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്.
ജനുവരി 11നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കല്‍ ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."