വനംവകുപ്പില്‍ നിന്നും വിരമിച്ച താല്‍ക്കാലിക വേതനജീവനക്കാരെ പിരിച്ചുവിട്ടു
നിലമ്പൂര്‍: വനംവകുപ്പില്‍ നിന്നും വിരമിച്ചുതാല്‍ക്കാലിക വേതനത്തില്‍ ജോലിചെയ്യുന്നവരെ പിരിച്ചുവിട്ടു. വനം വകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.ഐ തന്നെ അനധികൃത നിയമനത്തിനെതിരേ രംഗത്തുവന്നതോടെയാണ് നിലമ്പൂര്‍ നോര്‍ത്ത് സൗത്ത് ഡിവിഷനുകളില്‍ ഉള്‍പ്പെടെ ജോലിചെയ്തിരുന്നവരെ കഴിഞ്ഞ ഏഴിന് ഇറക്കിയ ഉത്തരവിലൂടെ പുറത്താക്കിയത്. വിവിധ ഓഫിസുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലിചെയ്തുവരുന്ന താല്‍ക്കാലിക ജീവനക്കാര്‍ ശമ്പളം പറ്റുന്ന ബീറ്റുകളിലേക്ക് മാറ്റുകയും ചെയ്തു. വിരമിച്ച ജീവനക്കാരെ ഇടനിലക്കാരാക്കി വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ വ്യാപകമായി പ്രവര്‍ത്തികളുടെ മറവില്‍ അഴിമതി നടത്തുന്നതായി സി.പി.ഐ ആരോപിച്ചിരുന്നു. ഇത്തരത്തില്‍ ജോലിചെയ്തിരുന്ന ഇരുനൂറിലേറെ ജീവനക്കാരെയാണ് പിരിച്ചുവിട്ടിട്ടുള്ളത്.
വനംവകുപ്പിലെ അഴിമതിയും അനധികൃത നിയമനവും പൊലിസ് വിജിലന്‍സ് അന്വേഷണമാവശ്യപ്പെട്ട് സി.പി.ഐ നിലമ്പൂരില്‍ കഴിഞ്ഞദിവസമെത്തിയ വകുപ്പ് മന്ത്രിക്കും വിജിലന്‍സിനും പരാതി നല്‍കിയിരുന്നു. സര്‍വിസില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥരെ മറയാക്കി നിലമ്പൂര്‍ നോര്‍ത്ത്-സൗത്ത് വനം ഡിവിഷനുകളില്‍ നടക്കുന്ന അഴിമതിയും, അനധികൃത നിയമനവും സംബന്ധിച്ച് വനം-പൊലിസ് വിജിലന്‍സുകള്‍ അന്വേഷിക്കണമെന്നായിരുന്നു സി.പി.ഐ ആവശ്യപ്പെട്ടിരുന്നത്. വനംവകുപ്പ് ഓഫിസുകളില്‍ നിന്നും വിരമിച്ച ജീവനക്കാരാണ് ദിവസവേതനാടിസ്ഥാനത്തില്‍ സൗത്ത്-നോര്‍ത്ത് ഡിവിഷനുകളിലായി ജോലി ചെയ്തുവരുന്നത്.
ഡി.എഫ്.ഒമാര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ കഴിഞ്ഞദിവസം നിലമ്പൂരിലെത്തിയ വനം മന്ത്രി കെ രാജുവിന് മണ്ഡലം കമ്മറ്റി നേരിട്ട് പരാതി നല്‍കിയത്. സംസ്ഥാനത്തെ 52 വില്ലേജുകളില്‍ സ്വകാര്യഭൂമിയിലെ മരങ്ങള്‍ മുറിച്ചുനീക്കണമെങ്കില്‍ വനംവകുപ്പിന്റെ കട്ടിങ് പെര്‍മെഷനും, മരം കൊണ്ടുപോകുന്നതിനുള്ള ട്രാന്‍സ്‌പോര്‍ട്ട് പാസും ലഭിക്കണം. ഇക്കാര്യത്തില്‍ റെയ്ഞ്ചര്‍ മുഖേനെ ഡി.എഫ്.ഒക്ക് അപേക്ഷ നല്‍കിയാല്‍ സ്ഥലം പരിശോധിച്ച് പാസ് നല്‍കാവുന്നതാണ്. ഇതിന് സ്ഥലം ഉടമകള്‍ പ്രത്യേക ഫീസ് നല്‍കേണ്ടതില്ല. എന്നാല്‍ ഇതിലെ സാങ്കേതിക തടസങ്ങള്‍ ചൂണ്ടിക്കാട്ടി സ്ഥലം ഉടമകളില്‍ നിന്നും വന്‍തുക ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതായി വ്യാപകപരാതി ഉയര്‍ന്നിരുന്നു.
അനധികൃത നിയമനം നടത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും വിരമിച്ച ജീവനക്കാരെ അടിയന്തിരമായി പിരിച്ചുവിടണമെന്നും അല്ലാത്തപക്ഷം ശക്തമായസമരം നടത്തുമെന്നും സി.പി.ഐ പ്രഖ്യാപിച്ചിരുന്നു. തൊട്ടു പിന്നാലെയാണ് ജീവനക്കാരെ പിരിച്ചുവിട്ടു കൊണ്ടുള്ള ഉത്തരവ് വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."