ഖത്തര്‍ മലയാളികളുടെ സൂപ്പര്‍ സ്റ്റാര്‍ അസീസ് അന്തരിച്ചു
ദോഹ: കലാ-സംസ്‌കാരിക- ബിസിനസ് രംഗങ്ങളിലൂടെ നാലു പതിറ്റാണ്ടായി ഖത്തറിലെ മലയാളികള്‍ക്കിടയില്‍ സുപരിചിതനായ സൂപ്പര്‍ സ്റ്റാര്‍ അസീസ്(58) അന്തരിച്ചു. ഖത്തറിലെ ആദ്യകാല പ്രവാസിയായ തൃശൂര്‍ വെങ്കിടങ്ങ് മേചേരിപ്പടി കണ്ണോത്ത് വൈശ്യം വീട്ടില്‍ അസീസ് ഇന്ന് പുലര്‍ച്ചെയാണ് നാട്ടില്‍ വച്ച് മരിച്ചത്.
'സൂപ്പര്‍ സ്റ്റാര്‍' എന്നപേരിലുള്ള ഓഡിയോ, വീഡിയോ കാസറ്റുകളുടെ ഷോറൂമിലൂടെയാണ് അസീസ് ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ സുപരിചിതനാകുന്നത്. പ്രമുഖ താരങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സ്റ്റേജ് ഷോ സംഘാടകനിലൂടെയാണ് ഖത്തറിലെ മലയാളികളുടെ കലാലോകത്ത് അസീസ് സൂപ്പര്‍സ്റ്റാര്‍ അസീസായി അറിയപ്പെടാന്‍ തുടങ്ങിയത്.
നിരവധി ആല്‍ബങ്ങള്‍ നിര്‍മ്മിച്ച് വിതരണം ചെയ്തിട്ടുള്ള അസീസ് 'ചൈതന്യം' എന്ന മലയാള സിനിമയുടെ നിര്‍മ്മാതാവുകൂടിയായിരുന്നു. ഒട്ടനവധി പരീക്ഷണങ്ങളെ നിശ്ചയദാര്‍ഢ്യത്തിലൂടെ നേരിട്ടപ്രവാസ ജീവിതമായിരുന്നു അസീസിന്റേത്. സ്വന്തം സ്ഥാപനവും വിലപ്പെട്ട രേഖകളും ഇലക്ക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടിലൂടെ അഗ്നിക്കിരയായപ്പോഴും ആത്മവിശ്വാസത്തോടെ മുന്നേറിയാണ് നഷ്ടപെട്ട ബിസിനസ് മേഖല തിരിച്ചുപിടിച്ചത്.
അന്ന് അസീസിനെ ആശ്വസിപ്പിക്കാന്‍ കൂടെയുണ്ടായിരുന്നവരില്‍ അന്തരിച്ച ചലച്ചിത്രകാരന്‍ ലോഹിതദാസും, സുരേഷ്‌ഗോപി എം.പി യുമുണ്ടായിര്‍ന്നു. മലയാള സിനിമയിലെ പഴയതും പുതിയതുമായ പ്രമുഖ താരങ്ങളുമായും കക്ഷി രാഷ്ട്രീയഭേദമാന്യേ രാഷ്ട്രീയ നേതാക്കളുമായും ഊഷ്മളബന്ധമായിരുന്നു അസീസിനുണ്ടായിരുന്നത്.
കാസറ്റുകളുടെ കാലം കഴിയുകയും സ്റ്റേജ് ഷോകള്‍ ആവര്‍ത്തനവിരസമാകുകയും ചെയ്തതോടെ അത്തരം മേഖലകളില്‍ നിന്നും പിന്മാറി തുടക്കംകുറിച്ച മാന്‍പവര്‍, ട്രാന്‍സ്‌പോര്‍ട്ടിങ്, ട്രേഡിങ് ബിസിനസ്‌മേഖലകള്‍ ഇപ്പോള്‍ മക്കളാണ് നോക്കിനടത്തുന്നത്. ദോഹയിലെ കലാകായിക സാംസ്‌കാരിക സംഘടനകളുമായി സജീവ ബന്ധംപുലര്‍ത്തിയിരുന്ന അസീസ് ഖത്തറിലെ കണ്ണോത്ത് മഹല്‍ കൂട്ടായ്മയുടെ സ്ഥപകാംഗവും പ്രസിഡന്റുമായിരുന്നു. കണ്ണോത്ത് ഹമീദ് ഹാജിയാണ് അന്തരിച്ച അസീസിന്റെ പിതാവ്. മാതാവ്: നബീസ. ഭാര്യ ഖദീജ. മക്കള്‍: ആരിഫ, ജസ്‌ന, ജഷ്‌റ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."