പെരുവയലിനെ ക്ലീനാക്കാന്‍ സമഗ്ര പദ്ധതി
മാവൂര്‍ : പെരുവയല്‍ പഞ്ചായത്ത് മാലിന്യമുക്തമാക്കുന്നതിന് ഭരണസമിതിയുടെ സമഗ്ര പദ്ധതി. സ്ഥാപന പരിശോധനയും നിയമനടപടികളും മാലിന്യശേഖരണ പദ്ധതിയും പ്ലാസ്റ്റിക് നിയന്ത്രണ വിജ്ഞാപനവും ശൂചീകരണ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും ചേര്‍ത്തുള്ള പദ്ധതി തുടര്‍ പ്രവര്‍ത്തനമായാണ് പഞ്ചായത്ത് ഏറ്റെടുത്തത്. വീടുകളിലെയും ടൗണുകളിലെയും മാലിന്യങ്ങള്‍ ശേഖരിച്ച് നിര്‍മ്മാര്‍ജ്ജനം ചെയ്യുക, പൊതുജലാശയത്തിലേക്ക് മലിന ജലം ഒഴുക്കി വിടുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി, പ്ലാസ്റ്റിക് ക്യാരിബാഗ് നിയന്ത്രണം, വാര്‍ഡ് തലത്തില്‍ സ്റ്റീല്‍ പാത്രങ്ങള്‍ ലഭ്യമാക്കല്‍, മാമ്പുഴ ശുചീകരണം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് നടന്ന് വരുന്നത്.
ജനുവരി 22ന് വീടുകള്‍, പരിസരങ്ങള്‍, സ്ഥാപനങ്ങള്‍, ടൗണുകള്‍ , പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ഖരമാലിന്യങ്ങള്‍ ശേഖരിക്കും. അയല്‍സഭ തലത്തിലാണ് ശേഖരണ കേന്ദ്രങ്ങള്‍ ഒരുക്കിയത്. ഇവിടെ നിന്നും വാര്‍ഡ് സമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് കേന്ദ്രത്തിലെത്തിക്കും. പിന്നീട് ഏജന്‍സി വഴി ഇവ നീക്കം ചെയ്യും. ഇതിന് മുന്നോടിയായി വാര്‍ഡ് വികസന സമിതി, അയല്‍സഭ ജനറല്‍ബോഡി യോഗങ്ങള്‍ നടന്നുവരികയാണ്. ടൗണുകളില്‍ വ്യാപാരികളുടെ യോഗം ചേര്‍ന്ന് പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. സമിതിയുടെ നേതൃത്വത്തിലാണ് ടൗണുകളിലുള്ളവ ശേഖരണം നടക്കുക.
ജലസ്രോതസ്സുകളിലേക്ക് മാലിന ജലം ഒഴുക്കിവിടുകയും പരിസരങ്ങളില്‍ മാലിന്യം നിക്ഷേപിക്കുകയും ചെയ്യുന്ന ഫ്‌ളാറ്റുകള്‍ക്കെതിരെയും പഞ്ചായത്ത് നടപടി സ്വീകരിച്ചിട്ടുണ്ട്്. വാര്‍ഡ് തലത്തില്‍ ജനപ്രതിനിധിയും ഉദ്യോഗസ്ഥരുമുള്‍പ്പെട്ട അഞ്ച് അംഗ സമിതി രൂപീകരിച്ച് മുഴുവന്‍ ഫ്‌ളാറ്റുകളിലും പരിശോധന നടത്തുന്നതായിരുന്നു ആദ്യ പ്രവര്‍ത്തനം. ഇതില്‍ അപകടകരമായി കണ്ട 42 ഫ്‌ളാറ്റ് ഉടമകളെ പഞ്ചായത്തിലേക്ക് വിളിച്ചുചേര്‍ക്കുകയും പ്രശ്‌നപരിഹാരത്തിന് ഡിസംബര്‍ 25 വരെ സമയം അനുവദിക്കുയും ചെയ്തു. ഇതിന് ശേഷം ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ ഷറഫുദ്ദീന്‍, സെക്രട്ടറി എ.കെ വിശ്വനാഥന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി. സമീര്‍ എന്നിവരടങ്ങിയ സംഘം ഇവ പരിശോധന നടത്തി. 5 ഫ്‌ളാറ്റുകളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കാന്‍ നോട്ടീസ് നല്‍കുകയും 13 ഫ്‌ളാറ്റുകള്‍ക്ക് പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്്. നിശ്ചിത സമയത്തിനകം പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഇവയില്‍ നിന്നും താമസക്കാരെ ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ കച്ചവട സ്ഥാപനങ്ങളില്‍ നിന്നും പ്ലാസ്റ്റിക് ക്യാരിബാഗ് വില്‍പ്പന നടത്തുന്നത് നിയന്ത്രിക്കുന്നതിനും ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്്. ക്യാരിബാഗ് വിതരണം നടത്തണമെങ്കില്‍ മാസത്തില്‍ നാലായിരം രൂപ അടച്ച് പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യണം. ഇത് വ്യാപാരികള്‍ക്ക് അപ്രാപ്യമായതിനാല്‍ പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ കച്ചവട സ്ഥാപനങ്ങളില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കപ്പെടും.
വിവാഹം ഉള്‍പ്പെടെയുള്ള പരിപാടികളില്‍ ഡിസ്‌പോസിബിള്‍ പാത്രങ്ങള്‍ ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിന് 22 വാര്‍ഡുകളിലെ ഗ്രാമകേന്ദ്രങ്ങളിലും പ്ലാസ്റ്റിക് പ്ലേറ്റ്, ഗ്ലാസ് എന്നിവ ലഭ്യമാക്കുന്നതിന് പദ്ധതി തയാറാക്കിയിട്ടുണ്ട്. 23ന് നടക്കുന്ന ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിക്കുന്ന മുറക്ക് പാത്രങ്ങള്‍ ലഭ്യമാകും.
പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സും മാലിന്യ ഭീഷണി നേരിടുന്നതുമായ മാമ്പുഴ ശുചീകരണത്തിന് തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള പ്രവര്‍ത്തനം നടന്നുവരികയാണ്. 15,16,22 വാര്‍ഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ മാമ്പുഴയില്‍ നിന്നുള്ള മാലിന്യം നീക്കം ചെയ്യുന്നതിനൊപ്പം പരിസരം വൃത്തിയാക്കുന്ന പ്രവര്‍ത്തനവും നടത്തിവരുന്നു.ജനപ്രതിനിധികളും പഞ്ചായത്തിലെ ശുചീകരണ തൊഴിലാളികളും ചേര്‍ന്ന് പഞ്ചായത്തിലെ ടൗണുകള്‍ ശുചിയാക്കുന്ന പ്രവര്‍ത്തനത്തിന് കഴിഞ്ഞ ദിവസം വെള്ളിപറമ്പില്‍ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് വൈ.വി. ശാന്തയുടെ നേതൃത്വത്തില്‍ റോഡരികിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്ന പ്രവര്‍ത്തനമാണ് നടക്കുന്നത്. ഇന്നലെ കുറ്റിക്കാട്ടൂര്‍ ടൗണില്‍ നടന്ന ശേഖരണത്തിന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്് ജമീല കുന്നുമ്മല്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സുബിത തോട്ടാഞ്ചേരി, സഫിയ മാക്കിനിയാട്ട്, പി.കെ. ഷറഫുദ്ദീന്‍, അംഗങ്ങളായ എന്‍.കെ മുനീര്‍, വി.പി കൃഷ്ണന്‍കുട്ടി, എ.എം ആഷിഖ്, മഹിജകുമാരി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."