മാര്‍ച്ച് മുതല്‍ 24 മണിക്കൂറും വിമാനത്താവളം പ്രവര്‍ത്തിക്കും
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മാര്‍ച്ച് മുതല്‍ 24 മണിക്കൂറായി മാറും. നിലവില്‍ റണ്‍വേ റീ-കാര്‍പറ്റിങ് പ്രവൃത്തി കാരണം 2015 മെയ് മുതല്‍ പകല്‍ 12 മുതല്‍ രാത്രി എട്ടു വരെയാണ് വിമാന ലാന്‍ഡിങ് നിര്‍ത്തിവച്ച് റണ്‍വേ അടച്ചിടുന്നത്. പ്രവൃത്തികള്‍ ഫെബ്രുവരി അവസാനത്തോടെ പൂര്‍ത്തിയാക്കി മാര്‍ച്ച് മുതല്‍ 24 മണിക്കൂറും വിമാനത്താവളം പ്രവര്‍ത്തന സജ്ജമാക്കാനാണ് തീരുമാനം.
ഇതിനു മുന്നോടിയായി ഏപ്രിലില്‍ ആരംഭിക്കുന്ന വേനല്‍ക്കാല വിമാന ഷെഡ്യൂള്‍ പകലിലേക്ക് ക്രമീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
റണ്‍വേ ടാറിങ് പ്രവൃത്തി ഈ മാസത്തോടെ അവസാനിക്കും. പിന്നീട് റണ്‍വേ ലെവലിങ് പ്രവൃത്തിയും ലൈറ്റിങ്ങും പൂര്‍ത്തീകരിക്കും. ടാറിങ് നടത്തിയപ്പോള്‍ റണ്‍വേ ഉയര്‍ന്നതിനാല്‍ ആറു മീറ്റര്‍ അകലെ വരെ മണ്ണിട്ട് നിരത്തും. ശേഷിക്കുന്ന ഭാഗം പിന്നീട് നികത്താനാണ് തീരുമാനം. റണ്‍വേയില്‍ പുതിയ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡി.ജി.സി.എ) അനുമതി ലഭിച്ചിട്ടുണ്ട്.
സിംഗിള്‍ ടച്ച് ഡൗണ്‍ സോണല്‍ ലൈറ്റ് അപ്രോച്ച് എന്ന അത്യാധുനിക സാങ്കേതിക സംവിധാനമാണ് കരിപ്പൂര്‍ റണ്‍വേയില്‍ സ്ഥാപിക്കുന്നത്. നേരത്തെ കരിപ്പൂര്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തില്‍ നിന്ന് ഇതു സംബന്ധിച്ച പഠന റിപ്പോര്‍ട്ട് ഡി.ജി.സി.എയ്ക്ക് കൈമാറിയിരുന്നു. തുടര്‍ന്നാണ് പുതിയ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് അനുമതിയായത്. നാല് ലൈറ്റുകളാണ് ഒരു ഭാഗത്ത് സ്ഥാപിക്കുക.
കരിപ്പൂരിലെ റണ്‍വേയിലെ വിമാനങ്ങളിറങ്ങുന്ന ഭാഗത്ത് എട്ട് ലൈറ്റുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. കിഴക്കും പടിഞ്ഞാറും റണ്‍വേയുടെ തുടക്കത്തില്‍ നിന്ന് 925 മീറ്റര്‍ പിന്നിടുന്ന സ്ഥലത്താണ് ഇവ സ്ഥാപിക്കുക. പുതിയ ലൈറ്റുകള്‍ വരുന്നതോടെ റണ്‍വേ എത്ര ദൂരം പിന്നിട്ടുവെന്ന് മനസ്സിലാക്കാന്‍ പൈലറ്റിന് സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."