കുഞ്ഞുന്നാള്‍ മുതല്‍ രക്തസാക്ഷിത്വം കൊതിച്ച ഹസീം ഇസ്മാഈല്‍ ഹനിയ്യ; വീഡിയോ കാണാം
'എനിക്ക് രക്ത സാക്ഷിയാവണം. അത് നമുക്ക് സ്വര്‍ഗം സമ്മാനിക്കും. ഈ ലോകത്തെ ജീവിതത്തേക്കാള്‍ എത്രയോ മനോഹരമായ സ്വര്‍ഗം' കുഞ്ഞു ഹസീമിന്റെ വാക്കുകളാണിത്. ഹമാസ് മേധാവി ഇസ്മാഈല്‍ ഹനിയ്യയുടെ മകന്‍ ഹസീം ഹനിയ്യയുടെ വാക്കുകള്‍. കുഞ്ഞായിരിക്കെ മുപ്പത് വര്‍ഷം മുമ്പ് ഒരു ഇസ്‌റാഈലി മാധ്യമ പ്രവര്‍ത്തകന് നല്‍കിയ അഭിമുഖത്തിലായിരുന്നു കുഞ്ഞു ഹസീമിന്റെ പ്രതികരണം. എത്രയും പെട്ടെന്ന് തന്റെ യുവത്വം അവസാനിക്കും മുമ്പ് രക്തസാക്ഷിത്വം പുല്‍കണം എന്നായിരുന്നു ഹസീമിന്റെ ആഗ്രഹം. അവന്റെ പ്രാര്‍ഥനക്കുത്തരം പോലെ കഴിഞ്ഞ ദിവസം ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ അവന്‍ രക്തസാക്ഷിയായി.
അന്നത്തെ അഭിമുഖത്തിന്റെ ഭാഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ചിരിച്ചു കൊണ്ടാണ് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യങ്ങള്‍ക്ക് അവന്‍ മറുപടി നല്‍കുന്നത്. ഈ ലോകത്തെ ജീവിതം നല്ലത്തലേ എന്ന് ചോദിക്കുമ്പോള്‍ രക്തസാക്ഷിത്വത്തേക്കാല്‍ മഹത്തരമല്ല എന്നാണ് ആ കുഞ്ഞു ബാലന്‍ പറയുന്നത്.
പെരുന്നാള്‍ ദിനത്തില്‍ ഗസ്സ സിറ്റിക്ക് വടക്ക്പടിഞ്ഞാറുള്ള ശാതി അഭയാര്‍ഥി ക്യാമ്പില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് ഇസ്മാഈല്‍ ഹനിയ്യയുടെ മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടത്. കുടുംബം സഞ്ചരിച്ച വാഹനത്തിന് നേരെ വ്യോമാക്രമണം നടത്തുകയായിരുന്നു. ഹനിയ്യയുടെ മക്കളായ ഹസിം, ആമിര്‍, മുഹമ്മദ് എന്നിവരും നാല് പേരക്കുട്ടികളുമാണ് വധിക്കപ്പെട്ടത്. ഈദ് ദിനത്തില്‍ ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു ആക്രമണം.
'ഏറ്റവും പ്രിയമേറിയവര്‍ക്ക് നേരെ ആക്രമണം അഴിച്ചു വിട്ട് അവരെ കൊന്നൊടുക്കി ഞങ്ങളിലെ വീര്യം തകര്‍ക്കാമെന്ന് നിങ്ങള്‍ ധരിച്ചെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഓരോ രക്തസാക്ഷിത്വവും ഞങ്ങള്‍ക്ക് പകര്‍ന്നു തരുന്നത് പതിന്മടങ്ങ് കരുത്തും ഊര്‍ജ്ജവുമാണ്'. പൊന്നു മക്കളുടെ രക്തസാക്ഷിത്വത്തിന്റെ മുന്നില്‍ നിന്ന് ഹമാസ് മേധാവി ഇസ്മാഈല്‍ ഹനിയ്യ പ്രതികരിച്ചതിങ്ങനെയാണ്.
'രക്തസാക്ഷികളുടെ രക്തത്തില്‍ നിന്നും പരുക്കേറ്റവരുടെ വേദനയില്‍ നിന്നും ഞങ്ങള്‍ പ്രത്യാശകളാണ് സൃഷ്ടിക്കുന്നത്. ഞങ്ങളുടെ ഭാവിയാണ് സ്ൃഷ്ടിക്കുന്നത്. ഞങ്ങളുടെ നാടിനും ജനതക്കുമുള്ള സ്വാതന്ത്ര്യമാണ് സൃഷ്ടിക്കുന്നത്' ഏതൊരു പിതാവിനെയും ഉലച്ചു കളയുന്ന ആ ദുരന്ത വാര്‍ത്തയിലും ഒട്ടും തളരാതെ അദ്ദേഹം പ്രതികരിച്ചു. പ്രിയപ്പെട്ടവരുടെ മരണം ഒരു പോരാളിയെ ഒട്ടും തളര്‍ത്തില്ലെന്നതിന്റെ നേര്‍സാക്ഷ്യമായിരുന്നു ഇന്നലെ ലോകം കണ്ടത്. 60 പേരാണ് ഹനയ്യയുടെ കുടംബത്തില്‍ നിന്ന് രക്തസാക്ഷികളായിട്ടുള്ളത്.
വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വഴി തിരിച്ചു വിടാനായിരുന്നു ഈ ആക്രമണമെന്ന് അന്ന് നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു. എന്നാല്‍ മക്കളെ കൊന്നതിലൂടെ വെടിര്‍ത്തല്‍ ചര്‍ച്ചകളില്‍ എന്തെങ്കിലും മാറ്റമുണ്ടാക്കാമെന്ന് കരുതിയെങ്കില്‍ അത് വെറും വ്യാമോഹം മാത്രമാണെന്ന് അദ്ദേഹം ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ചു.
'എന്റെ മക്കളെ ലക്ഷ്യമിട്ടത് വഴി വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ ഹമാസിന്റെ നിലപാടുകളില്‍ മാറ്റമുണ്ടാക്കാമെന്നാണ് ഇസ്രായേല്‍ കരുതുന്നതെങ്കില്‍ അവര്‍ക്ക് തെറ്റി. ആ ധാരണ വ്യാമോഹമാണ്. ഫലസ്തീന്‍ ജനതയുടെ മക്കളുടെ രക്തത്തേക്കാള്‍ മഹത്തരമല്ല ന്റെ മക്കളുടെ രക്തം... ഫലസ്തീനിലെ എല്ലാ രക്തസാക്ഷികളും എന്റെ മക്കളാണ്. ബന്ധുക്കളെയും വീടുകളെയും ഇസ്‌റാഈല്‍ ലക്ഷ്യംവെച്ചാലും ഫലസ്തീന്‍ നേതാക്കള്‍ പോരാട്ടത്തില്‍ നിന്ന് പിന്‍വാങ്ങില്ല. ' ഇസ്മാഈല്‍ ഹനിയ്യ പറഞ്ഞു. വിവരമറിഞ്ഞ ഉടനെ അല്ലാഹു അവര്‍ക്കു മേല്‍ കരുണ ചെയ്യട്ടെ എന്ന് മക്കള്‍ക്കായി പ്രാര്‍ഥിച്ച അദ്ദേഹം തന്റെ ഭൂമികയില്‍ കര്‍മനിരതനാവുകയും ചെയ്തു.
പിന്നിട്ട കുറെ കാലമായി ഹമാസ് രാഷ്ട്രീയകാര്യ മേധാവി എന്ന നിലയില്‍ ചര്‍ച്ചകളിലും നയതന്ത്ര നീക്കങ്ങളിലും ആര്‍ജവത്വമുള്ള ഫലസ്തീന്‍ ശബ്ദമായി മാറുകയാണ് അടിമുടി പോരാളിയായ ഇസ്മാഈല്‍ ഹനിയ്യ. ഫലസ്തീന്‍ പ്രതിരോധ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായി മാറിയ ഇസ്മാഈല്‍ ഹനിയ്യക്കെതിരെയും മുമ്പും പലതവണ വധശ്രമങ്ങള്‍ നടന്നതാണ്. ഹമാസ് സ്ഥാപകന്‍ ശൈഖ് അഹ്മദ് യാസീന്റെ സന്തത സഹചാരിയെന്ന നിലയില്‍ ആര്‍ജിച്ചെടുത്ത രാഷ്ട്രീയ, പ്രതിരോധാനുഭവങ്ങളാണ് ഈ അറുപത്തിരണ്ടുകാരന്റെ കാതലും കരുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."