ബഹ്‌റൈനില്‍ മൂന്നു പൊലിസുകാരെ കൊന്ന പ്രതികളുടെ വധശിക്ഷ നടപ്പാക്കി
മനാമ: ബഹ്‌റൈനില്‍ 2014 ല്‍ മൂന്നു പൊലിസുകാരെ കൊന്ന മൂന്നു പ്രതികളുടെ വധശിക്ഷ നടപ്പാക്കി. സ്വദേശികളായ അലി അബ്ദുല്‍ ഷാഹിദ് സിന്‍ഗെയ്‌സ് (20), സാമി മിര്‍സ മുശൈമ (41), അബ്ബാസ് ജമീല്‍ താഹിര്‍ മുഹമ്മദ് സമീഎന്നിവരുടെ വധശിക്ഷയാണ് ഫയറിങ് സ്‌ക്വാഡ് കഴിഞ്ഞ ദിവസം നടപ്പിലാക്കിയത്.
ജനുവരി ഒമ്പതിന് ഇതു സംബന്ധിച്ച് കസാഷന്‍ കോടതിയില്‍ പ്രതികള്‍ നല്‍കിയ അന്തിമ അപ്പീല്‍ തള്ളിയതിനെ തുടര്‍ന്നായിരുന്നു ശിക്ഷ നടപ്പിലാക്കിയതെന്ന് വാര്‍ത്താ ഏജന്‍സി അറിയിച്ചു.
2014 മാര്‍ച്ച് മൂന്ന് ദെയ്ഹില്‍ നടന്ന ബോംബാക്രമണത്തിലാണ് യു.എ.ഇ സ്വദേശിയായ ഓഫിസര്‍ ഫസ്റ്റ് ലഫ്റ്റനന്റ് താരിഖ് അല്‍ ഷഹി (41), യമന്‍ സ്വദേശി അമ്മാര്‍ അബ്ദു അലി മുഹമ്മദ് (35), പാകിസ്താന്‍ സ്വദേശി മുഹമ്മദ് അര്‍സ്ലാന്‍ റംസാന്‍ (22) എന്നിവര്‍ കൊല്ലപ്പെട്ടത്.
റിമോട്ട് കണ്‍ട്രോള്‍ പൊട്ടിയാണ് ഇവര്‍ മരിച്ചത്. ഏഴുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 2011ന് ശേഷം സുരക്ഷാസേനക്ക് ഏറ്റവുമധികം പേരെ ഒരു ആക്രമണത്തില്‍ നഷ്ടമായ സംഭവമാണിത്.
ബോംബാക്രമണത്തിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് പിഴയായി പ്രതികള്‍ക്ക് 929 ദിനാര്‍ പിഴയും നേരത്തെ ചുമത്തിയിരുന്നു. 'അല്‍ അശ്തര്‍' എന്ന ഗ്രൂപ്പില്‍ പെട്ടവരാണ് ഈ സംഭവത്തിലെ പ്രതികളെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ പൊലിസുകാരെ ലക്ഷ്യമിട്ട് നിരവധി നാടന്‍ ബോംബുകള്‍ നിര്‍മിച്ചതായി പറയുന്നു.
എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കിയ ശേഷമാണ് കഴിഞ്ഞ ദിവസം ശിക്ഷ നടപ്പാക്കിയതെന്ന് ചീഫ് ഓഫ് ടെറര്‍ ക്രൈം പ്രൊസിക്യൂഷന്‍ അഡ്വക്കറ്റ് ജനറല്‍ അഹ്മദ് അല്‍ ഹമ്മാദി വ്യക്തമാക്കി.
അതേ സമയം സംഭവത്തില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം ശിയാ പ്രവര്‍ത്തകര്‍ രാജ്യത്ത് ചില ഭാഗങ്ങളില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. ശിയാ പ്രവര്‍ത്തകരുടെ മേഖലകളിലൂടെയുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നും കയ്യില്‍ ഐഡി കാര്‍ഡുകള്‍ കരുതണമെന്നും സാമൂഹ്യ പ്രവര്‍ത്തകര്‍ നിര്‍ദേശിച്ചിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."