ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച ചകിരി ഫാക്ടറി തുരുമ്പെടുത്തു; തകര്‍ത്തത് പ്രദേശവാസികളുടെ ഉപജീവനമാര്‍ഗ്ഗം
ചിങ്ങവനം: പുതിയ സര്‍ക്കാര്‍ അധികാരമേറ്റതോടെ കുറിച്ചി നിവാസികള്‍ ചോദിക്കുന്ന ചോദ്യം ഒന്നേയുള്ളു. മറ്റൊന്നുമല്ല, തുറക്കുമോ കുറിച്ചിയിലെ ചകിരി ഫാക്ടറി.
ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച ഫാക്ടറി അടച്ചുപൂട്ടിയിട്ട് വര്‍ഷം പതിനഞ്ചു കഴിഞ്ഞു. സഹകരണം സ്ഥാപനം വക സ്ഥാപിച്ച കുറിച്ചിയിലെ ഏക കയര്‍ ഫാക്ടറിയാണ് ചാമക്കുളത്ത് അജ്ഞാതമായി കിടക്കുന്നത്. കുറിച്ചി വില്ലേജ് ഓഫീസിന് സമീപമാണിത്.നിരവധി പേര്‍ക്ക് തൊഴില്‍ സാധ്യതയുണ്ടായിരുന്ന ഫാക്ടറി എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇത്തവണ തുറക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.1999 ല്‍ സി. വി പത്മനാഭന്‍ കയര്‍ വികസന മന്ത്രിയായിരിക്കെയാണ് ഇവിടെ കയര്‍ സൊസൈറ്റി ഫാക്ടറി ആരംഭിക്കുന്നത്. ആരംഭത്തില്‍ തന്നെ പ്രവര്‍ത്തന മൂലധനമായി 1.5 ലക്ഷം രൂപയും സബ്‌സിഡിയിനത്തില്‍ ഒരു വര്‍ഷം ഒരുലക്ഷം രൂപയും ഫാക്ടറി നടത്തിപ്പിന് സൊസൈറ്റിക്ക് ലഭിച്ചിരുന്നു.നാഷണല്‍ കയര്‍ ഡയലപ്‌മെന്റ് കോര്‍പ്പറേഷനില്‍ നിന്ന് ലഭിച്ച 18 ലക്ഷം രൂപയുപയോഗിച്ചാണ് 1.52 ഏക്കര്‍ സ്ഥലവും തൊണ്ടുതല്ലിയന്ത്രം വാങ്ങിയതും കൂടാതെ കെട്ടിടം നിര്‍മ്മിച്ചതും. ഇത്തരത്തില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച കെട്ടിടം ഇന്ന് നശിച്ചുകൊണ്ടിരിക്കുകയാണ്. യന്ത്രങ്ങള്‍ തുരുമ്പെടുത്തു കഴിഞ്ഞു.
ഫാക്ടറിക്കു വേണ്ടി സ്ഥലം വാങ്ങുമ്പോള്‍ അന്ന് സെന്റിന് വില വെറും 3000 രൂപ മാത്രം. 21 തൊഴിലാളികളുമായി പ്രവര്‍ത്തനം ആരംഭിച്ച ഫാക്ടറിയില്‍ സ്ത്രീ തൊഴിലാളികള്‍ക്ക് നല്‍കിയത് 45 രൂപയായിരുന്നു. പുരുഷന്മാര്‍ക്ക് 60 രൂപയും ദിവസക്കൂലി. കൂലിയിനത്തില്‍ വര്‍ധനവുണ്ടായതാണ് ഇപ്പോള്‍ ഫാക്ടറി തുറക്കാന്‍ കഴിയാത്തതിന് പ്രധാന കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇത് വെറും പൊള്ളയായ കാര്യമാണെന്നാണ് അന്നത്തെ തൊഴിലാളികള്‍ പറയുന്നത്.
തുടക്കത്തില്‍ ഫാക്ടറിക്കാവശ്യമായ തൊണ്ട് വാങ്ങിയത് ഒരു തൊണ്ടിന് 35 പൈസ നിരക്കില്‍ലായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. 15,600 തൊണ്ടുകള്‍ വേണം ഒരു തവണ മിഷ്യന്‍ പ്രവര്‍ത്തിപ്പിക്കാന്‍.ഇതിന് 5,460 രൂപയോളം മാത്രമായിരുന്നു ചെലവ്. മറ്റു ഉത്പാദനച്ചെലവുകള്‍ക്ക് എല്ലാം കൂടി പരമാവധി 1000 രൂപമാത്രമായിരുന്നു ചെലവ്. ഇത് ഫാക്ടറി പൂട്ടിയ കാലഘട്ടത്തിലെ കണക്ക് മാത്രം.
ഫാക്ടറി നഷ്ടത്തിലായിരുന്നുവെന്ന് പറയുന്നവര്‍ തന്നെ ഉത്പന്നം കയറ്റിയയക്കുമ്പോള്‍ ലോഡ് ഒന്നിന് 19,000 രൂപ ലഭിച്ചിരുന്നുവെന്ന് വ്യക്തമാക്കി.ഇത്തരത്തില്‍ ഒരു ലോഡ് കയറ്റിയയക്കണമെങ്കില്‍ 40,000 തൊണ്ടുകള്‍ ആവശ്യമായിട്ടുവരും. ഇങ്ങനെയെങ്കില്‍ ഫാക്ടറിക്ക് ലഭിച്ചിരുന്ന ലാഭം 4000 രൂപയായിരുന്നു. കൂടാതെ, ഫാക്ടറി ആരംഭിച്ചനാള്‍ മുതല്‍ പ്രവര്‍ത്തന മൂലധനമായി 1.5 ലക്ഷം രൂപയും സബ്‌സിഡിയിനത്തില്‍ ഒരുവര്‍ഷം ലക്ഷം രൂപയും സൊസൈറ്റിക്ക് ലഭിക്കുന്നുണ്ടായിരുന്നു. ഇത്തരത്തില്‍ പണം ലഭിച്ചിട്ടും ഫാക്ടറി പൂട്ടിയത് അധികൃതരുടെ അനാസ്ഥമൂലമായിരുന്നുവെന്നാണ് അന്ന് ജോലി ചെയ്തിരുന്നവര്‍ പറയുന്നത്. ഫാക്ടറി പൂട്ടിക്കെട്ടിയതോടെ നശിച്ചത് ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച കെട്ടിടവും യന്ത്രങ്ങളുമാണ്. മേല്‍ക്കൂരയും മറ്റും നശിച്ചതോടെ ഇന്ന് കെട്ടിടം സാമൂഹ്യ വിരുധരുടെ ഇടത്താവളമായി മാറി. കൂടാതെ അധികൃതരുടെ അനാസ്ഥമൂലം തകര്‍ന്നത് ഒരു പ്രദേശവാസികതളുടെ സ്വപ്നമായിരുന്നു. മാറിമാറി വരുന്ന സര്‍ക്കാര്‍ കയര്‍മേഖലയെ സംരക്ഷിക്കുവാന്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോഴാണ് ചങ്ങനാശേരി മണ്ഡലത്തിലെ ഏക ചകിരി ഫാക്ടറിക്ക് ഈ ദുര്‍ഗതി. ഇതുസംബന്ധിച്ച് സ്ഥലം എം.എല്‍.എ യാതൊന്നും ചെയ്യുന്നില്ലെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."