ജെല്ലിക്കെട്ട് നിരോധനത്തിനെതിരേ തമിഴ്‌നാട്ടില്‍ പ്രതിഷേധം രൂക്ഷം
ചെന്നൈ:ജെല്ലിക്കെട്ട് നിരോധനത്തിനെതിരേ തമിഴ്‌നാട്ടില്‍ വന്‍പ്രക്ഷോഭം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോളജ് വിദ്യാര്‍ഥികളും യുവാക്കളും തെരുവിലിറങ്ങിയതോടെ പ്രതിഷേധം ശക്തമാകുകയാണ്.
കഴിഞ്ഞ ദിവസമാണ് ജെല്ലിക്കെട്ട് നിരോധനം പിന്‍വലിക്കണമെന്നും മൃഗങ്ങളെ ക്രൂരവിനോദത്തിനിടയാക്കരുതെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ച പീപ്പിള്‍സ് ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ്(പെറ്റ) എന്ന സംഘടനയെ നിരോധിക്കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികളും യുവാക്കളും തെരുവിലിറങ്ങിയത്. പ്രതിഷേധക്കാര്‍ ഇന്നലെ മറീന ബീച്ചില്‍ സംഘടിച്ചതോടെ സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രക്ഷോഭമായി മാറിയിട്ടുണ്ട്.
പ്രശ്‌ന പരിഹാരത്തിനായി ഫിഷറീസ് മന്ത്രി ഡി. ജയകുമാര്‍, വിദ്യാഭ്യാസ മന്ത്രി എം.കെ പാണ്ഡ്യരാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും വിജയിക്കാത്ത സാഹചര്യത്തിലാണ് വിദ്യാര്‍ഥികള്‍ തെരുവിലേക്കിറങ്ങിയത്. മുഖ്യമന്ത്രി പനീര്‍ ശെല്‍വം നേരിട്ട് പ്രശ്‌നത്തില്‍ ഇടപെടാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. നാമക്കലില്‍ കോടതി ബഹിഷ്‌കരിക്കാന്‍ അഭിഭാഷകര്‍ തീരുമാനിച്ചതും പ്രതിഷേധത്തിന് വഴിത്തിരിവുണ്ടാക്കുകയാണ്.
മധുരയില്‍ ജെല്ലിക്കെട്ട് നിരോധനത്തില്‍ പ്രതിഷേധിച്ച് സമരം നടത്തിയവരെ അറസ്റ്റ് ചെയ്തതാണ് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആരംഭിക്കാന്‍ കാരണമായത്. പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു. പൊലിസ് അറസ്റ്റ് ചെയ്ത യുവാക്കളെ വിട്ടയയ്ക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. വെല്ലൂരിലെ പ്രിയദര്‍ശിനി പോളിടെക്‌നിക് കോളജിലെ ഒരു വിദ്യാര്‍ഥി ഇലക്ട്രിക് പോസ്റ്റില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തു.
തുടര്‍ന്ന് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇതിന് കൂട്ടാക്കാതെ താഴേക്ക് ചാടിയ ഇയാള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ട്രിച്ചി, സേലം, കൃഷ്ണഗിരി, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വിദ്യാര്‍ഥികള്‍ കോളജുകള്‍ ബഹിഷ്‌കരിച്ച് പ്രക്ഷോഭത്തിലേക്കിറങ്ങിയിട്ടുണ്ട്. അതിനിടയില്‍ ജെല്ലിക്കെട്ട് നിരോധനം സംബന്ധിച്ച കേസില്‍ വാദം കേള്‍ക്കണമെന്ന ഹരജി മദ്രാസ് ഹൈക്കോടതി തള്ളി. സുപ്രിം കോടതി ഇടപെട്ടതുകാരണം കേസില്‍ വാദം കേള്‍ക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
രോഷാകുലരായ ജനങ്ങളെ പിരിച്ചുവിടാന്‍ മറീന ബീച്ചില്‍ പൊലിസ് ലാത്തിച്ചാര്‍ജ് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."