ഒരു കോടിയിലേറെ പേജുള്ള രഹസ്യ ചരിത്രരേഖകള്‍ സി.ഐ.എ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചു
ന്യൂയോര്‍ക്ക്: അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി സി.ഐ.എയുടെ ചരിത്രരേഖകള്‍ ഇനി പൊതുജനങ്ങള്‍ക്കും നേരിട്ട് വായിക്കാം. 1,30,00,000 കോടിയോളം പേജുള്ള രഹസ്യ ചരിത്രരേഖകള്‍ കഴിഞ്ഞ ദിവസം സി.ഐ.എ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചു.
എന്നാല്‍, പുതുതായി പരസ്യപ്പെടുത്തിയതല്ല ഈ രേഖകളൊന്നും. നേരത്തെ മേരിലാന്‍ഡിലെ കോളജ് പാര്‍ക്കിലുള്ള നാഷനല്‍ ആര്‍ക്കൈവ്സിലെ നാല് കംപ്യൂട്ടറുകളില്‍ മാത്രം ഈ രേഖകള്‍ ലഭ്യമായിരുന്നു. വിയറ്റ്നാം, കൊറിയന്‍ യുദ്ധം, ശീതയുദ്ധം തുടങ്ങിയവയില്‍ ഏജന്‍സി നടത്തിയ പ്രവര്‍ത്തനങ്ങളിലേക്കു വെളിച്ചം വീശുന്നതാണു രേഖകള്‍.
2017 അവസാനത്തോടെ ഏജന്‍സിയുടെ ചരിത്രരേഖകള്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി ലഭ്യമാക്കണമെന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഏജന്‍സി തീരുമാനിച്ചിരുന്നു. വിവര-സാങ്കേതിക രംഗത്തെ വന്‍ കുതിച്ചുചാട്ടത്തിന്റെ ഭാഗമായാണു പ്രതീക്ഷിച്ചതിനേക്കാളും വേഗത്തില്‍ ലക്ഷ്യം പൂര്‍ത്തീകരിക്കാനായത്.
ഏജന്‍സിയുടെ താല്പര്യത്തിലുള്ള കാര്യങ്ങള്‍ മാത്രമല്ല ഏജന്‍സി പ്രസിദ്ധീകരിച്ചതെന്നും അവ പൂര്ണചരിത്രമാണെന്നും സി.ഐ.എ വക്താവ് ഹെതര്‍ ഫ്രിറ്റ്സ് ഹോര്നിയാക് പറഞ്ഞു. നല്ലതും ചീത്തയുമായ കാര്യങ്ങളെല്ലാം രേഖയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."