ഇവര്‍ കോലൊപ്പിച്ചത് കാണികളുടെ ഹൃദയത്തിലേക്ക്
കണ്ണൂര്‍: വൈകിത്തുടങ്ങിയ കോല്‍ക്കളിക്കാര്‍ കൊട്ടിക്കയറിയത് കാണികളുടെ മനസിലേക്ക്. ഹയര്‍സെക്കന്‍ഡറി വിഭാഗം കോല്‍ക്കളി മത്സരങ്ങളാണ് കാണികളെ ആസ്വാദനത്തിന്റെ പരകോടിയിലെത്തിച്ചത്.
ബൈത്തോടെ ആരംഭിച്ച് ചൊറഞ്ഞ് കളി, ചൊറഞ്ഞ് കളി വെട്ടം, കൊടുത്തുപോക്ക്, ചാഞ്ഞടി, ചരിഞ്ഞടി, നില്‍പ്പോ ഒന്ന്, നില്‍പ്പോ രണ്ട്, നില്‍പ്പോ മൂന്ന് എന്നിങ്ങനെയുള്ള ഘട്ടങ്ങളിലൂടെ കടന്നുപോയ കോല്‍ക്കളി ആസ്വാദകര്‍ക്ക് മികച്ച കാഴ്ചയൊരുക്കി.
ബുധനാഴ്ച ഉച്ചക്ക് രണ്ടിന് മൂന്നാംവേദിയില്‍ നടക്കാനിരുന്ന കോല്‍ക്കളി മത്സരങ്ങള്‍ വേദിയുടെ പ്രശ്‌നം കാരണം രണ്ടിലേക്ക് മാറ്റുകയായിരുന്നു. രണ്ടാംവേദിയില്‍ വൃന്ദവാദ്യ മത്സരത്തിന് ശേഷമാണ് കോല്‍ക്കളി മത്സരം ആരംഭിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെ 3.45 ആരംഭിച്ച മത്സരം അവസാനിച്ചത് രാവിലെ 11.30ഓടെയാണ്. ഉറക്കം നഷ്ടപ്പെട്ടിട്ടും വേഗതയും താളവും കൊണ്ട് കാണികളെ അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു മത്സരാര്‍ഥികളുടേത്. ടീമുകളെല്ലാം കാണികളുടെ ഹൃദയത്തിലേക്ക് കൊട്ടിക്കയറിയപ്പോള്‍ ഫലപ്രഖ്യാപനം ആര്‍ക്ക് അനുകൂലമാകുമെന്ന ആശങ്കയും കാണികളുടെ മുഖത്ത് പ്രകടമായി. വയനാട് പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസ് ഒന്നാംസ്ഥാനം നേടിയപ്പോള്‍ മലപ്പുറത്ത് നിന്നും അപ്പീലിലൂടെ എത്തിയ പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട് രണ്ടാംസ്ഥാനം നേടി. ആലപ്പുഴയിലെ ജി.എച്ച്.എസ്.എസ് ബുധനൂരിനാണ് മൂന്നാംസ്ഥാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."