ആര്‍ത്തിരമ്പി പെണ്‍രോഷം: ട്രംപിനെതിരെ സ്ത്രീകളും രംഗത്ത്
വാഷിംങ്ടണ്‍: അമേരിക്കയുടെ പുതിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രതിഷേധവുമായി സ്ത്രീകളും രംഗത്ത്. അമേരിക്കക്ക് പുറമെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ത്രീകളുടെ പ്രതിഷേധ റാലികള്‍ സംഘടിപ്പിച്ചു. ട്രംപ് അധികാരമേറ്റെടുത്തതിന് തൊട്ടു പിന്നാലെയാണ് റാലികള്‍ നടന്നത്.
യൂറോപ്പിലെ ലണ്ടന്‍, ബര്‍ലിന്‍, പാരിസ്, സ്റ്റോക് ഹോം ഏഷ്യയിലെ ടോക്കിയൊ, ആഫ്രിക്ക, സിഡ്‌നി തുടങ്ങിയ പ്രമുഖ നഗരങ്ങളിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയത്. സ്ത്രീകളുടെ അവകാശങ്ങള്‍, കുടിയേറ്റം തുടങ്ങിയ കാര്യങ്ങളുള്‍ക്കൊള്ളുന്ന മുദ്രാവാക്യങ്ങള്‍ റാലിയുടനീളം മുഴങ്ങി. സ്ത്രീകളുടെ അവകാശമെന്നാല്‍ മനുഷ്യാവകാശം തന്നെയാണ്. മതിലുകള്‍ തകര്‍ക്കപ്പെടേണ്ടവയാണ്, കെട്ടിപ്പൊക്കേണ്ടവയല്ല എന്നിങ്ങനെയുള്ള പ്ലക്കാര്‍ഡുകളും കാണാമായിരുന്നു.
ട്രംപ് രാജ്യത്തെ വിഭജിക്കുകയാണെന്ന് സമരക്കാര്‍ കുറ്റപ്പെടുത്തി. നമ്മുടെ അവകാശം സംരക്ഷിക്കപ്പെടണം. ജനങ്ങള്‍ അവരുടെ അവകാശത്തിനായി കഠിനാധ്വാനം ചെയ്യണം. ട്രംപ് ജനങ്ങളെ ബഹുമാനിക്കില്ലെന്ന് ഉറപ്പാണെന്ന് റെസ്റ്റോറന്റ് ഉടമയായ സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ട്രംപ് സ്ത്രീകളെ അപമാനിച്ച നിരവധി സംഭവങ്ങള്‍ പുറത്ത് വന്നിരുന്നു.
വെള്ളിയാഴ്ച നടന്ന സ്ഥാനാരോഹണ ചടങ്ങിനിടെയുണ്ടായ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങുകയും 217 പേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."