ഇതരസംസ്ഥാന തൊഴിലാളിയുടെ കൊല: അന്വേഷണം സഹപ്രവര്‍ത്തകരെ കേന്ദ്രീകരിച്ച്
ഇരിക്കൂര്‍: ബ്ലാത്തൂര്‍ പന്നിപ്പാറയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ താമസസ്ഥലത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം സഹപ്രവര്‍ത്തകരെ കേന്ദ്രീകരിച്ച്. ഇയാളോടൊപ്പം താമസിച്ചിരുന്ന ഏഴുപേരെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നത്. അസം സ്വദേശിയും ദുബ്രി ജില്ലയിലെ മോദിബറ വില്ലേജിലെ താമസക്കാരനുമായ സ്വഹദേവാ(45)ണ് കൊല്ലപ്പെട്ടത്. കല്യാട് ചെങ്കല്‍ ക്വാറി തൊഴിലാളിയാണ്. ഇന്നലെ വൈകുന്നേരം നാലിനും അഞ്ചിനുമിടയിലാണ് സംഭവം ശ്രദ്ധയില്‍പെടുന്നത്. വിവരമറിഞ്ഞ് ഇരിട്ടി ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തി. കൊല്ലപ്പെട്ട സ്വഹദേവ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്നലെ ജോലിക്ക് പോയിരുന്നില്ല. സഹോദരനടക്കം ഏഴുപേരാണ് വയലില്‍വളപ്പില്‍ റുഖിയയുടെ തറവാട് വീട്ടില്‍ വാടകയ്ക്ക് താമസിച്ചു വരുന്നത്. ഇതില്‍ ആറുപേര്‍ പതിവുപോലെ കാലത്ത് അഞ്ചിന് പണിസ്ഥലത്തേക്കും ഒരാള്‍ നാട്ടിലേക്ക് പോകുന്നതിനായി ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നതിനായി കണ്ണൂരിലേക്ക് പോകുകയും ചെയ്തിരുന്നു. ഇവരുടെ കൂടെ താമസിക്കുന്ന ചെങ്കല്‍ ലോഡിങ് തൊഴിലാളികളായ മൂന്നുപേര്‍ വൈകുന്നേരത്തോടെ താമസസ്ഥലത്ത് തിരിച്ചെത്തിയപ്പോഴാണ് സ്വഹദേവ് രക്തം വാര്‍ന്ന് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. രംഗം കണ്ട ഇവര്‍ തൊട്ടടുത്ത് തന്നെ താമസിക്കുന്ന വീട്ടുടമയുടെ വീട്ടില്‍ എത്തി വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് സംഭവം പുറംലോകമറിയുന്നത്. സംഭവം അറിഞ്ഞ് കൊല്ലപ്പെട്ട വീട്ടിലേക്ക് നാട്ടുകാര്‍ ഒഴുകിയെത്തി.
കണ്ണൂരില്‍ നിന്നു പൊലിസ് നായയും വിരലടയാള വിദഗ്ധരും കൊലനടന്ന വാടക വീട്ടിലെത്തിയെങ്കിലും വെളിച്ചക്കുറവ് മൂലം തിരിച്ചുപോയി. അന്വേഷണത്തിനായി ഇന്ന് സംഘം വീണ്ടുമെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."