സര്‍ക്കാര്‍ മാറി; ഓപ്പറേഷന്‍ കുബേരയ്ക്ക് അകാല ചരമം
പത്തനംതിട്ട: വട്ടിപ്പലിശ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ വിഭാവനം ചെയ്ത ഓപ്പറേഷന്‍ കുബേര നിലച്ചു. കുബേര പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി നടത്താന്‍ പദ്ധതിയിട്ട പരിശീലന പരിപാടിയ്ക്കും അന്ത്യമായി. ഈ സാഹചര്യം മുതലെടുത്ത് സംസ്ഥാനത്ത് വീണ്ടും ബ്ലേഡ് മാഫിയ പിടിമുറുക്കി. 2014 ല്‍ തുടങ്ങിയ ഓപ്പറേഷന്‍ കുബേര 2015 അവസാനത്തോടെ നിര്‍ജീവാവസ്ഥയിലാണ്.
ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കു പ്രകാരം കുബേരയുടെ ഭാഗമായി സംസ്ഥാനവ്യാപകമായി നടന്ന 14156 റയ്ഡുകളില്‍ 4,94,71,715 രൂപ കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് 3,238 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
പല കേസുകളിലായി 2,594 പേര്‍ അറസ്റ്റിലായി. ഇതില്‍ 1373 പേരെ റിമാന്റ് ചെയ്‌തെന്നും 2459 പ്രതികള്‍ക്കായി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെടുകയും ചെയ്‌തെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ കണക്കുകളില്‍ പുതിയ സര്‍ക്കാര്‍ വന്നതോടെ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത.
ബ്ലേഡ് മാഫിയയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത കുബേര യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് ഇഴഞ്ഞെങ്കിലും ഇടതു സര്‍ക്കാരിന്റെ വരവോടെ പൂര്‍ണമായി തളരുകയും വട്ടിപ്പലിശക്കാരുടെ ഭീഷണി വളരുകയും ചെയ്‌തെന്ന് പൊലിസ് വൃത്തങ്ങള്‍ തന്നെ സമ്മതിക്കുന്നു.
നേരത്തേ പലിശക്കാര്‍ക്ക് ഒത്താശ ചെയ്ത പൊലിസുകാര്‍ക്കെതിരേയും നടപടി എടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രം മാറിയെന്നാണ് പൊലിസുകാര്‍ വ്യക്തമാക്കുന്നത്.
ബ്ലേഡ് മാഫിയ പ്രവര്‍ത്തനങ്ങളെ കര്‍ശനമായി നിരീക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഓപ്പറേഷന്‍ കുബേരയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ലോക്കല്‍ പൊലിസിലെയും ക്രൈംബ്രാഞ്ചിലെയും എസ്.പിമാരെ ഉള്‍പ്പെടുത്തി നടത്താന്‍ ഉദ്ദേശിച്ച പരിശീലന പരിപാടിയും ആലോചനയില്‍ മാത്രം ഒതുങ്ങി.ഇതോടെ ഒരിടവേളക്കു ശേഷം പലിശ സംഘങ്ങള്‍ വീണ്ടും രംഗത്തെത്തി. മുന്‍പത്തെപ്പോലെ തന്നെ യാതൊരുവിധ ഈടുമില്ലാതെ ആദ്യം പണം കടം നല്‍കുകയും പിന്നീട് ബ്ലാങ്ക് ചെക്ക്, പ്രോമിസറി നോട്ട്, ആധാരം എന്നിവ ഈടായി വാങ്ങുകയും ചെയ്യുന്ന രീതിയിലാണ് ഇപ്പോഴും ഇടപാടുകള്‍.
അടവു മുടങ്ങിയാല്‍ രാത്രിയില്‍ വീടുകളിലെത്തിയുള്ള ഭീഷണിപ്പെടുത്തലും തുടരുന്നു. ഇതു സംബന്ധിച്ച് 500 ഓളം കേസുകള്‍ പുതുതായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ യാതൊരു നടപടിയും സ്വീകരിക്കാന്‍ പൊലിസ് തയാറായിട്ടില്ല. ഇതിനിടെ പരാതി പരിഹാരത്തിന് ഇരകളില്‍ നിന്നും പൊലിസ് പണം കൈപ്പറ്റാന്‍ ശ്രമിക്കുന്നുവെന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."