സിറോ മലബാര്‍ സഭയിലെ ഭൂമി വിവാദം; നിര്‍ണായക വൈദിക സമിതി യോഗം മാറ്റി
കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിട്ടു നിന്നതിനെ തുടര്‍ന്ന് സിറോ മലബാര്‍ സഭയിലെ ഭൂമി വില്‍പന വിവാദം ചര്‍ച്ച ചെയ്യാനായുള്ള നിര്‍ണായക വൈദിക സമിതി യോഗം മാറ്റി. പാസ്റ്ററല്‍ കമ്മിറ്റി യോഗത്തിനു ശേഷം മാത്രം വിഷയം ചര്‍ച്ചചെയ്താല്‍ മതിയെന്ന തീരുമാനത്തെ തുടര്‍ന്നാണ് കര്‍ദിനാളും സഹായമെത്രാന്‍മാരും ചേര്‍ന്ന് യോഗം മാറ്റിവെക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ യോഗം തടയാന്‍ ചിലര്‍ ശ്രമിച്ചെന്നും ഇവര്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ തടഞ്ഞുവച്ചതായും ഒരുവിഭാഗം വൈദികര്‍ ആരോപിച്ചു. ഇതുമൂലം ഉണ്ടാകാന്‍ സാധ്യതയുള്ള സംഘര്‍ഷം ഒഴിവാക്കുന്നതാനായാണ് ആലഞ്ചേരി യോഗത്തില്‍ എത്താതിരുന്നതെന്നും ഇവര്‍ പറഞ്ഞു.
ഉച്ചയ്ക്ക് രണ്ടരയോടെ തന്നെ വൈദിക സമിതിയിലെ അംഗങ്ങള്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് ഹൗസ്സില്‍ സമ്മേളിച്ചു. കര്‍ദിനാളും സഹായ മെത്രന്മാരും യോഗത്തിന് എത്തുമെന്നാണ് അറിയിച്ചിരുന്നത്. മൂന്ന് മണി കഴിഞ്ഞും ഇവര്‍ ഇത്താതിരുന്നതോടെ വൈദിക സമിതി സെക്രെട്ടറി കാര്‍ദിനാളിന്റെ മുറിയിലെത്തി ക്ഷണിച്ചു. എന്നാല്‍ അല്‍മായരായ മൂന്ന് പേര്‍ യോഗത്തില്‍ പങ്കെടുക്കരുത് എന്നാവശ്യപ്പെട്ട് മുറിയിലുണ്ടായിരുന്നു. ഭൂമി വില്‍പന വിവാദത്തിലെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് അല്‍മായരും വൈദികരും ഉള്‍പ്പെടുന്ന പാസ്റ്ററല്‍ കൗണ്‍സിലില്‍ ആദ്യം അവതരിപ്പിക്കണം എന്നായിരുന്നു ഇവരുടെ നിലപാട്. അല്‍മായര്‍ തടസ്സപ്പെടുത്തുന്നതിനാല്‍ യോഗത്തിന് എത്താനാകില്ലെന്നു കര്‍ദിനാള്‍ അറിയിച്ചതായി വൈദിക സമിതി സെക്രെട്ടറി പറഞ്ഞു.
ഇതിനിടെ ആറംഗ അന്വേഷണ കമ്മിഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത് വന്നു. ഭൂമി വില്‍പനയില്‍ ഗുരുതര പിഴവാണ് സംഭവിച്ചതെന്നും ഇടനിലക്കാരനായ സജു വര്‍ഗീസ് കുന്നേലിനെ കര്‍ദിനാളാണ് അതിരൂപതയ്ക്ക് പരിചയപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് സൂചന. സഭയ്ക്ക് 30 മുതല്‍ 40 കോടി രൂപ വരെ നഷ്ടമുണ്ടായെന്നാണ് കമ്മിഷന്റെ കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."