അണ്ടര്‍ 17 പരിശീലകന് നിക്കോളായ് ആദമിനെ പുറത്താക്കും
ന്യൂഡല്‍ഹി: അണ്ടര്‍ 17 ഫുട്ബോള്‍ ടീം പരിശീലകന് നിക്കോളായ് ആദമിനെ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് പുറത്താക്കും. ടീമംഗങ്ങളുടെ ഗുരുതര ആരോപണങ്ങളെ തുടര്‍ന്നാണ് നിക്കോളായിയെ പുറത്താക്കാന്‍ ഫെഡറേഷന് തീരുമാനമെടുത്തത്. കളിക്കാരെ മര്‍ദിച്ചെന്ന ഗുരുതര ആരോപണമാണ് നിക്കോളായിക്കെതിരേയുള്ളത്.
അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ നിക്കോളായിയോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വമേധയാ രാജിവച്ചില്ലെങ്കില്‍ പുറത്താക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ടീമിലെ നാലു താരങ്ങള്‍ അവരുടെ രക്ഷിതാക്കള്‍ വഴിയാണ് ഇക്കാര്യം ഫെഡറേഷനെ അറിയിച്ചത്. നിക്കോളായ്, സഹ പരിശീലകന് എതിബാര് നിസാമി ഇബ്രാഹിമോവിച്ച് എന്നിവര്‍ ചേര്‍ന്ന് ശാരീരികമായി പീഡിപ്പിച്ചെന്നും മര്‍ദിച്ചെന്നുമായിരുന്നു ആരോപണം. സംഭവം ഞെട്ടിച്ചെന്നാണ് ഫെഡറേഷനുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അസര്‍ബൈജാന്റെ അണ്ടര്‍ 19 ടീമിന്റെ മുന്‍ പരിശീലകനായിരുന്നു നിക്കോളായ്. 2015ലാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി നിയമിതനായത്. അണ്ടര്‍ 17 ഫിഫ ലോകകപ്പ് ഇന്ത്യയില്‍ നടക്കുന്ന സാഹചര്യത്തില്‍ ടീമിനെ ഒരുക്കുന്നതിനായിരുന്നു നിയമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."