നെയ്യാറ്റിന്‍കരയില്‍ കെ.എസ്.ആര്.ടി.സി പണിമുടക്ക് പൂര്‍ണം;ജനം വലഞ്ഞു
നെയ്യാറ്റിന്‍കര: ഇന്നലെ കെ.എസ്.ആര്.ടി.സിയില്‍ സി.ഐ.ടി.യു ഒഴികെയുളള യൂണിയനുകള്‍ നടത്തിയ പണിമുടക്കില്‍ യാത്രക്കാര്‍ വലഞ്ഞു. ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അനുകൂല സംഘടനയായ ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫ്രണ്ട് , സി.പി.ഐ അനുകൂല സംഘടനയായ എ.ഐ.ടി.യു.സിയുടെ ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂണിയന് , ബി.ജെ.പിയുടെ അനുകൂല സംഘടനയായ ബി.എം.എസിന്റെ ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് സംഘ് എന്നിവയാണ് പണി മുടക്കിയത്.
നെയ്യാറ്റിന്‍കര ഡിപ്പോയില്‍ നിന്നും കെ.എസ്.ആര്.ടി.സി നാമമാത്രമായ സര്‍വിസുകള്‍ മാത്രമാണ് നടത്തിയത്. പാറശാല ഡിപ്പോയില്‍ ഇന്നലെ രാവിലെ തന്നെ സര്‍വിസിന് തയാറായ 25 ഓളം ബസുകളുടെ ഡീസല്‍ ബോക്സിന്റെ നട്ടുകള്‍ സമരാനുകൂലികള്‍ വലിച്ചൂരി. അതോടെ പാറശാലയില്‍ സര്‍വിസ് നിലയ്ക്കുകയായിരുന്നു. വെളളറട, പുവാര്‍ ഡിപ്പോകളിലും വിരലിലെണ്ണാവുന്ന സര്‍വിസുകള്‍ മാത്രമാണ് നടത്തിയത്. പല ഡിപ്പോകളിലും കഴിഞ്ഞദിവസം രാത്രിയില്‍ ഡിപ്പോകളിലെത്തിയ ബസുകളെ പുറത്തിറക്കാന്‍ സമരാനുകൂലികള്‍ അനുവദിച്ചിരുന്നില്ല. സമരക്കാര്‍ പല ഡിപ്പോകളിലും ബസുകള്‍ എടുക്കുന്നത് തടഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു.
ബസുകള്‍ സര്‍വിസ് നടത്തുന്നതിന് തയാറായി വന്നവര്‍ക്ക് പൊലിസ് സംരക്ഷണം ഏര്പ്പെടുത്താതിരുന്നതില് ജീവനക്കാര്‍ ശക്തമായി പ്രതിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."