തൊഴില്‍ വിസ പുതുക്കാത്ത വിദേശികള്‍ക്ക് ജവാസാത്തിന്റെ മുന്നറിയിപ്പ്
ജിദ്ദ: തൊഴില്‍ വിസ പുതുക്കാത്ത വിദേശികള്‍ക്ക് സഊദി ജവാസാത്ത് മുന്നറിയിപ്പു നല്‍കി. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും സഊദി പാസ്‌പോര്‍ട്ട് വിഭാഗം വ്യക്തമാക്കി.
താമസ രേഖയായ ഇഖാമയും തൊഴില്‍ വിസയും പുതുക്കാത്ത വിദേശികള്‍ക്കെതിരെ ആയിരിക്കും കര്‍ശന നടപടികള്‍ സ്വീകരിക്കുക. ഇഖാമ പുതുക്കുന്നതിന് വീഴ്ച വരുത്തിയാല്‍ ആദ്യഘട്ടത്തില്‍ 500 റിയാല്‍ ആയിരിക്കും പിഴ ഈടാക്കുന്നത്. രണ്ടാം ഘട്ടത്തില്‍ ആയിരം റിയാല്‍ ആയിരിക്കും പിഴ. മൂന്നാംതവണയും പിടിക്കപ്പെട്ടാല്‍ പതിനായിരം റിയാല്‍ പിഴയ്ക്കു പുറമെ നാടുകടത്തലുമായിരിക്കും ശിക്ഷ.
താമസ, തൊഴില്‍ നിയമലംഘകര്‍ക്കായുള്ള പരിശോധന അടുത്തിടെ സഊദി ഊര്‍ജിതമാക്കിയിരുന്നു. ഇതിനോടകം തന്നെ 3,61,370 വിദേശികള്‍ പിടിയിലായിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 78135 നിയമലംഘകരെ നാടുകടത്തിയാതായും പൊതുസുരക്ഷ വിഭാഗം വ്യക്തമാക്കി.
ഇതില്‍ ഇന്ത്യക്കാര്‍ ആകെ ആയിരത്തോളം പേര്‍ മാത്രം. ഇന്ത്യന്‍ എംബസിയുടേതാണ് ഈ കണക്ക്. പിടിയിലായ ഇന്ത്യക്കാരെ എംബസി നേതൃത്വത്തില്‍ സന്ദര്‍ശിച്ച് മടക്കി അയക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
അതേസമയം 14,868 നിയമലംഘകരെ ഉടന്‍ നാടുകടത്താനുള്ള നടപടിക്രമങ്ങളും രാജ്യത്ത് പുരോഗമിക്കുകയാണ്. പിടിയിലായ നിയമലംഘകരില്‍ 2,528 സ്ത്രീകളുമുണ്ട്. ഇതിനിടെ രാജ്യത്ത് നിയമലംഘകര്‍ക്ക് താമസവാഹന സൗകര്യങ്ങള്‍ ചെയ്തു കൊടുത്ത 750ഓളം പേരും പിടിയിലായി. ഇവരില്‍ 188 സഊദികളുമുണ്ട്.
താമസരേഖയില്ലാതെ ഇതുവരെ 2,20,000 പേരാണ് അകത്തായത്. രേഖ കയ്യില്‍ സൂക്ഷിക്കാത്ത ആയിരത്തിലേറെ പേര്‍ക്ക് 3000 റിയാല്‍ വീതം പിഴയും വീണു. തൊഴില്‍ നിയമ ലംഘനത്തിന് അറസ്റ്റിലായ ലക്ഷത്തിലേറെ പേരുണ്ട്. എണ്‍പതിനായിരത്തോളം പേരെയാണ് നാടുകടത്തിയത്.
ആഭ്യന്തരം, തൊഴില്‍, വാണിജ്യ നിക്ഷേപം എന്നീ മന്ത്രാലയങ്ങള്‍ സംയുക്തമായാണ് നിയമലംഘകര്‍ക്കായുള്ള പരിശോധന നടത്തുന്നത്. നിയമലംഘകരില്ലാത്ത രാജ്യം എന്ന ക്യാമ്പയിന്റെ ഭാഗമായാണ് പരിശോധന. നിയമലംഘകരെ പൂര്‍ണമായും പിടികൂടുന്നതിന് പരിശോധന ഇനിയും തുടരുമെന്നും ബന്ധപ്പെട്ട അധികാരികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."