വിദ്യാര്‍ഥികളുടെ കഞ്ചാവ് ഉപയോഗം: രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് എക്‌സൈസ് വകുപ്പ്
നിലമ്പൂര്‍: വിദ്യാര്‍ഥികളില്‍ കഞ്ചാവ് വില്‍ക്കുന്നവരുടെയും ഉപയോഗിക്കുന്നവരുടെയും എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നു നിലമ്പൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. അനില്‍കുമാര്‍. കഴിഞ്ഞ ദിവസം രണ്ടു സ്‌കൂള്‍ വിദ്യാര്‍ഥികളെ 40 ഗ്രാം കഞ്ചാവുമായി എക്‌സൈസ് വകുപ്പ് പിടികൂടിയിരുന്നു. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
സ്‌കൂളുകള്‍ കേന്ദ്രികരിച്ച് എക്‌സൈസ് വകുപ്പ് ബോധവല്‍ക്കരണവും മറ്റും നടത്തുന്നുണ്ടെങ്കിലും ഈ വിഷയത്തില്‍ രക്ഷിതാക്കളുടെ കരുതല്‍കൂടി ഉണ്ടെങ്കിലേ സ്‌കൂളുകളില്‍നിന്നു ലഹരി മാഫിയയെ പുറത്താക്കാന്‍ കഴിയൂ. കുട്ടികളെ ഇടനിലക്കാരാക്കി കഞ്ചാവ് മാഫിയ വന്‍ ബിസിനസാണ് നടത്തുന്നത്. ഒന്‍പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ഇവരുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി ബോധവല്‍ക്കരണം നല്‍കി മടക്കിയയക്കുകയായിരുന്നു.
സ്‌കൂള്‍ പരിസരങ്ങളില്‍ അപരിചിതരായി എത്തുന്നവരെ നിരീക്ഷിക്കേണ്ടത് അധ്യാപകരുടെയും കുട്ടികളുടെയും ചുമതലയായി മാറണം. ഇത്തരം ആളുകളെ കണ്ടാല്‍ വിദ്യാര്‍ഥികള്‍ അധ്യാപകരെയും രക്ഷിതാക്കളെയും വിവരമറിയിക്കണം. നിലമ്പൂര്‍ മേഖലയിലെ സ്‌കൂളുകള്‍, കോളജുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് കുട്ടികളെ ഉപയോഗിച്ച് മാഫിയകള്‍ ലഹരി വില്‍പന നടത്തുന്നത്. കുട്ടികളില്‍ ഉണ്ടാകുന്ന സ്വഭാവവ്യതിയാനം രക്ഷിതാക്കള്‍ ശ്രദ്ധാപൂര്‍വം വീക്ഷിക്കേണ്ടത് അനിവാര്യമാണ്. തുടക്കത്തില്‍തന്നെ ലഹരി ഉപയോഗത്തിന് തടയിടാനായില്ലെങ്കില്‍ കുട്ടികളുടെ ഭാവിതന്നെ കൈവിട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
പൊതുപരിപാടികളില്‍ ക്ഷണിച്ചാല്‍ ലഹരി ഉപയോഗത്തിന്റെ വിപത്തുകള്‍ ബോധ്യപ്പെടുത്തുന്നതിന് എക്‌സൈസ് വകുപ്പ് സന്നദ്ധമാണെന്നും കുട്ടികള്‍ക്ക് കഞ്ചാവ് എത്തിക്കുന്ന കണ്ണികളെ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കിയ യുവാവ് എക്‌സൈസ് വകുപ്പിന്റെ പിടിയിലായതായും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."