എസ്.എസ്.എ റിസോര്‍സ് അധ്യാപകരുടെ സറണ്ടറും ഉത്സവബത്തയും പിടിച്ചുവെക്കാന്‍ ഉത്തരവ്
കണ്ണൂര്‍: സര്‍വശിക്ഷാ അഭിയാന്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്ന റിസോര്‍സ് അധ്യാപകരുടെ ലീവ് സറണ്ടറും ഉത്സവ ബത്തയും പിടിച്ചുവെക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു ശേഷം വര്‍ധിപ്പിച്ച ശമ്പളത്തില്‍ നിന്നാണ് കരുതല്‍ ധനമായി ലീവ് സറണ്ടറും ഉത്സവ ബത്തയും പിടിച്ചുവെക്കാന്‍ ഉത്തരവിറക്കിയത്. ഇതിനെ തുടര്‍ന്ന് വര്‍ധിപ്പിച്ച 18,000 രൂപക്ക് പകരം ജനുവരി മാസം മുതല്‍ റിസോഴ്‌സ് ടീച്ചേഴ്‌സിനു ലഭിച്ചത് 16,550 രൂപയാണ്.
സര്‍വശിക്ഷാ അഭിയാന്റെ പദ്ധതി പ്രകാരം ഭിന്നശേഷിയുള്ള കുട്ടികളെ വീട്ടിലെത്തി പഠിപ്പിക്കുകയും സമൂഹത്തില്‍ ഇടപെടാനും കഴിയുന്ന തരത്തില്‍ പ്രാപ്തരാക്കാന്‍ വേണ്ടി നിയോഗിക്കപ്പെട്ട റിസോഴ്‌സ് ടീച്ചേഴ്‌സിന്റെ വര്‍ധിപ്പിച്ച വേതനത്തില്‍ നിന്നാണ് ലീവ് സറണ്ടറും ഉത്സവ ബത്തയും കരുതല്‍ ധനമായി പിടിച്ചുവെക്കാന്‍ ഉത്തരവിറക്കിയിരിക്കുന്നത്. എല്ലാ വര്‍ഷവും ജൂണ്‍ മാസത്തില്‍ കരാര്‍ പ്രകാരം തൊഴിലിനു നിയോഗിക്കപ്പെടുന്ന റിസോഴ്‌സ് ടീച്ചേഴ്‌സിനെ ആ അധ്യയന വര്‍ഷാവസാനമായ മാര്‍ച്ചില്‍ പിരിച്ചു വിടുകയാണ് പതിവ്. മിക്ക സമയത്തും ഭിന്നശേഷി കുട്ടികളെ പരിശീലിപ്പിക്കുന്നതിനാല്‍ മെയ്, ജൂണ്‍ മാസങ്ങളിലെ അവധിയിലും ഇവര്‍ക്ക് ജോലിയെടുക്കേണ്ടി വരുന്നുണ്ട്. ഇത്തരത്തില്‍ അധിക ജോലിയെടുത്ത് ലഭിക്കുന്ന തുകയും ഉത്സവ ബത്തയുമാണ് പിടിച്ചുവെക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ ശമ്പളത്തില്‍ വര്‍ധനവുണ്ടായെങ്കിലും തത്വത്തില്‍ അതിന്റെ ഗുണം ലഭിക്കാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.
ഭിന്നശേഷിയുള്ള വിദ്യാര്‍ഥികളെ വീട്ടിലെത്തി പഠന നിലവാരവും ജീവിത നിലവാരവും ഉയര്‍ത്തുകയെന്ന കഠിനമായ ജോലി ഭാരത്തിനൊപ്പം ജോലി സ്ഥിരതയില്ലാത്ത അവസ്ഥയും നിലനില്‍ക്കുമ്പോഴാണ് വര്‍ധിപ്പിച്ച വേതനത്തില്‍ നിന്ന് ലീവ് സറണ്ടറും ഉത്സവബത്തയും പിടിച്ചുവെക്കാനുള്ള ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."