സംസ്ഥാനത്തെ ഉത്സവങ്ങള്‍ പരിസ്ഥിതി സൗഹൃദമാക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍
തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ഉത്സവങ്ങള്‍ പരിസ്ഥിതിസൗഹൃദമാക്കാനൊരുങ്ങി സര്‍ക്കാര്‍. മാരാമണ്‍ കണ്‍വന്‍ഷന്‍, ആറ്റുകാല്‍ പൊങ്കാല, തിരുവനന്തപുരം ബീമാപള്ളി ഉറൂസ് എന്നീ ആഘോഷങ്ങളില്‍ ഹരിത പ്രോട്ടോക്കാള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ഇതുമായി ബന്ധപ്പെട്ട് ശുചിത്വ മിഷന്‍ വിവിധ മതസംഘടനാ നേതാക്കളുമായി ചര്‍ച്ച തുടങ്ങി. അടുത്തിടെ അവസാനിച്ച ശിവഗിരി തീര്‍ഥാടനം, പരുമല പള്ളി പെരുന്നാള്‍, ശബരിമല മകരവിളക്ക് ഉത്സവം, മലയാറ്റൂര്‍ തീര്‍ഥാടനം എന്നിവയില്‍ ഹരിത പ്രോട്ടോക്കാള്‍ കര്‍ശനമാക്കിയിരുന്നു. ഇത് പൂര്‍ണവിജയം കണ്ടതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് ഇനി നടക്കുന്ന എല്ലാ ആഘോഷങ്ങളിലും ഹരിത പ്രോട്ടോക്കോള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
മാര്‍ച്ച് രണ്ടിന് നടക്കുന്ന ആറ്റുകാല്‍ പൊങ്കാല പൂര്‍ണമായും പ്ലാസ്റ്റിക് മുക്തമാക്കും. കഴിഞ്ഞ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല മുതലാണ് ഹരിത പ്രോട്ടോക്കാള്‍ നടപ്പാക്കിത്തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം ഇത് പൂര്‍ണമായും വിജയിച്ചിരുന്നു. ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഡിസ്‌പോസിബിള്‍ കപ്പുകളും പ്ലേറ്റുകളും പൂര്‍ണമായും ഒഴിവാക്കും.
പൊങ്കാലയില്‍ പങ്കെടുക്കുന്ന വനിതകള്‍ക്ക് കുടിവെള്ളവും മറ്റു ആഹാര സാധനങ്ങളും നല്‍കാന്‍ കൗണ്ടറുകള്‍ തുടങ്ങും. ഇവിടെ സ്റ്റീല്‍ പാത്രങ്ങളും മണ്‍പാത്രങ്ങളും മാത്രമേ അനുവദിക്കൂ. പൊങ്കാലയില്‍ പങ്കെടുക്കുന്ന ഭക്തര്‍ പ്ലാസ്റ്റിക് ബോട്ടിലുകളോ ബാഗുകളോ കൊണ്ടുവരരുതെന്ന് ശുചിത്വമിഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിസ്ഥിതിസൗഹൃദ കയര്‍ ബാഗുകള്‍ പൊങ്കാല നടക്കുന്ന സ്ഥലങ്ങളില്‍ ലഭ്യമാക്കും.
അടുത്ത മാസം 17ന് ആരംഭിക്കുന്ന ബീമാപള്ളി ഉറൂസ് മഹാമഹത്തിലും ഹരിത പ്രോട്ടോക്കാള്‍ കര്‍ശനമായി പാലിക്കണമെന്ന് പള്ളി കമ്മിറ്റിയോട് ശുചിത്വമിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."