മെഡിക്കല്‍ കൗണ്‍സില്‍ കൈക്കൂലി കേസ്: ചീഫ് ജസ്റ്റിസിനെതിരേ പരാതിയുമായി പ്രശാന്ത് ഭൂഷണ് അഞ്ചു ജഡ്ജിമാര്‍ക്ക് കത്തു നല്കി
ന്യൂഡല്‍ഹി: സുപ്രിംകോടതി ജഡ്ജിമാര്‍ അടക്കമുള്ളവര്‍ ആരോപണ വിധേയരായ മെഡിക്കല്‍ കോഴ കേസില്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരേ പുതിയ പരാതിയുമായി പ്രശാന്ത് ഭൂഷണ്. ഇതു സംബന്ധിച്ച് സുപ്രിം കോടതിയിലെ അഞ്ച് മുതിര്‍ന്ന ജഡ്ജിമാര്‍ക്ക് പ്രശാന്ത് ഭൂഷന്റെ നേതൃത്വത്തിലുള്ള 'കാംപയിന് ഫോര്‍ ജുഡിഷ്യല്‍ അക്കൗണ്ടബിലിറ്റി ആന്‍ഡ് റിഫോംസ് ' എന്ന സംഘടന കത്തു നല്കി.
മെഡിക്കല്‍ കോഴയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് കത്തിലെ ആവശ്യം. സി.ബി.ഐ കേസ് അന്വേഷിച്ചാല്‍ കേന്ദ്രസര്‍ക്കാര്‍ ചീഫ് ജസ്റ്റിസിനെ ബ്ലാക്ക്മെയില്‍ ചെയ്യാനുള്ള സാധ്യത ഉണ്ട് , അതിനാല്‍ ജഡ്ജിമാര്‍ തന്നെ വിഷയം അന്വേഷിക്കേണ്ടത് അനിവാര്യമാണെന്നാണ് പ്രശാന്ത് ഭൂഷന്റെ ആവശ്യം. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് വാര്‍ത്താസമ്മേളനം വിളിച്ച നാല് ജഡ്ജിമാര്‍ക്ക് പുറമേ ജസ്റ്റിസ് എ.കെ സിക്രിക്കുമാണ് പ്രശാന്ത് ഭൂഷണ് കത്ത് നല്‍കിയിരിക്കുന്നത്.
കത്തിനൊപ്പം നൂറോളം പേജുള്ള രേഖകളും പ്രശാന്ത് ഭൂഷണ് ജഡ്ജിമാര്‍ക്ക് കൈമാറിയിട്ടുണ്ട്.
പ്രസാദ് എജ്യുക്കേഷന്‍ ട്രസ്റ്റിന്റെ കീഴിലുള്ള ലഖ്നൗവിലെ മെഡിക്കല്‍ കോളജിന് 2017-2018 വര്‍ഷത്തേക്ക് അംഗീകാരം ലഭിക്കാനായി ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോഴ നല്കി എന്ന സി.ബി.ഐ കേസിലെ രേഖകളാണ് പ്രശാന്ത് ഭൂഷണ് സുപ്രിം കോടതി ജഡ്ജിമാര്‍ക്ക് കൈമാറിയത്.
മെഡിക്കല്‍ കോഴ കേസില്‍ സിബിഐ അറസ്റ്റിലായ ഒഡീഷ ഹൈക്കോടതി മുന്‍ ജഡ്ജി ഐ.എം ഖുദുസി, ഇടനിലക്കാരന് വിശ്വനാഥ് അഗര്‍വാള്‍, പ്രസാദ് എജ്യുക്കേഷനല്‍ ട്രസ്റ്റിലെ ബി.പി യാദവ് എന്നിവര്‍ തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ വിശദാംശങ്ങളും പ്രശാന്ത് ഭൂഷണ് ജഡ്ജിമാര്‍ക്ക് കൈമാറി.
ഈ രേഖകള്‍ സുപ്രിം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ പരിശോധിക്കണമെന്നും പ്രശാന്ത് ഭൂഷണ് ആവശ്യപ്പെടുന്നു. അനുകൂല ഉത്തരവ് ലഭിക്കണമെങ്കില്‍ ഡല്‍ഹിയിലേയും അലഹബാദിലെയും ക്ഷേത്രങ്ങളില്‍ പ്രസാദം നല്‍കണമെന്നതടക്കമുള്ള കാര്യങ്ങളാണ് സംഭാഷണത്തിലുള്ളത്. ദി വയര്‍ എന്ന വെബ് പോര്‍ട്ടലാണ് ടെലഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."